18 October Friday

കശുവണ്ടിത്തൊഴിലാളികൾക്ക്‌ 20 ശതമാനം ബോണസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019


സ്വന്തം ലേഖകൻ
കശുവണ്ടിത്തൊഴിലാളികൾക്ക്‌ 20 ശതമാനം ബോണസും അരശതമാനം എക്സ്ഗ്രേഷ്യയും 9500 രൂപ ബോണസ് അഡ്വാൻസും നൽകാൻ തീരുമാനമായി. ആറിനകം എല്ലാ ഫാക്ടറികളിലും ബോണസ് വിതരണം പൂർത്തിയാക്കും. ശനിയാഴ്‌ച ചേർന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗത്തിലാണ്‌ തീരുമാനം. തൊഴിലാളി യൂണിയനുകളും  ഫാക്ടറി ഉടമകളും പൊതുമേഖലാ കശുവണ്ടി സ്ഥാപനങ്ങളുടെ പ്രതിനിധികളും ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടു.

കഴിഞ്ഞ വർഷം 9000 രൂപയായിരുന്നു അഡ്വാൻസ്‌. ആഗസ്ത്‌ 15 ന്റെയും തിരുവോണത്തിന്റെയും ഉത്സവാവധി ശമ്പളം ബോണസ് അഡ്വാൻസിനൊപ്പം നൽകും.  ഫാക്ടറികളിലെ മാസശമ്പളക്കാരായ തൊഴിലാളികൾക്ക്  മൂന്നുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസ്‌ നൽകും. 2019 ജൂലൈയിലെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ഫാക്ടറി തൊഴിലാളികളുടെ ബോണസ് നിശ്ചയിക്കുന്നത്. അവശേഷിക്കുന്ന മാസങ്ങളിലെ ശമ്പളത്തിൽനിന്ന്‌ തിരിച്ചുപിടിക്കുന്ന അഡ്വാൻസായി 100 രൂപ ഓരോ തൊഴിലാളിക്കും നൽകും.

കശുവണ്ടി വ്യവസായം നിലനിർത്താനും സംരക്ഷിക്കാനും ഫാക്ടറി ഉടമകളും തൊഴിലാളി സംഘടനാ നേതാക്കളും നടത്തിയ വിട്ടുവീഴ്ചയുടെ ഭാഗമായാണ് തൊഴിലാളികൾക്ക്‌ ന്യായമായ ബോണസും അഡ്വാൻസും നേടിയെടുക്കാൻ കഴിഞ്ഞതെന്ന്  മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ  പറഞ്ഞു. യോഗത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും  ഫാക്ടറി ഉടമകളും പൊതുമേഖലാ സ്ഥാപന പ്രതിനിധികളും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top