18 October Friday

ആദിവാസി സാംസ‌്കാരിക സമുച്ചയം ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

കൊച്ചി
കേരളത്തിലെ ആദിവാസി സംസ‌്കാരവും പൈതൃകവും സംരക്ഷിക്കാൻ നിർമിച്ച  ആദ്യ ആദിവാസി സാംസ‌്കാരിക സമുച്ചയം തിങ്കളാഴ്‌ച സമൂഹത്തിന്‌ സമർപ്പിക്കും. പകൽ മൂന്നിന്‌ മന്ത്രി സാംസ‌്കാരിക സമുച്ചയ അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ മന്ത്രി  കെ ബാലൻ ഉദ്‌ഘാടനം നിർവഹിക്കും. പട്ടികവർഗ വകുപ്പ്‌ എട്ടുകോടി രൂപ ചെലവിൽ നിർമിച്ച കേന്ദ്രം എറണാകുളം ഫോർ ഷോർ റോഡിലാണ‌്. പട്ടികവർഗ വിദ്യാർഥികൾക്കായി പണികഴിപ്പിച്ച മൾട്ടിപർപ്പസ്‌ ഹോസ്‌റ്റലിന്റെയും  ‘ഒരു കുടുംബത്തിന്‌ ഒരു ജോലി’ പദ്ധതിയുടെയും ഉദ്‌ഘാടനവും ഇതോടൊപ്പം നടക്കും.

18 ഏക്കർ സ്ഥലത്ത‌് 2229.22 ചതുരശ്ര മീറ്റർ വിസ‌്തൃതിയിലുള്ള മൂന്ന‌ുനില കെട്ടിടത്തിൽ ആധുനിക ശബ‌്ദ, ദൃശ്യ സംവിധാന ഓഡിറ്റോറിയം, പട്ടികവർഗ ഉൽപ്പന്ന– പ്രദർശന സ‌്റ്റാളുകൾ, ഭക്ഷണശാല, ഡോർമെറ്ററികൾ എന്നിവയുണ്ട‌്. ഉൽപ്പന്ന പ്രദർശനത്തിനും വിപണനത്തിനും പുറമേ ഗോത്ര കലാരൂപങ്ങൾക്ക‌് വേദിയൊരുക്കാനും വംശീയ ഭക്ഷണത്തിന‌് പ്രചാരം നൽകാനും പൈതൃകത്തിന്റെ തനിമ സംരക്ഷിക്കാനും സാംസ‌്കാരിക സമുച്ചയം ഉപകരിക്കും.  പൈതൃക ടൂറിസം കേന്ദ്രമാക്കിയും വികസിപ്പിക്കും.

തെരഞ്ഞെടുത്ത ദിവസങ്ങളിൽ പരമ്പരാഗത കലകൾ അവതരിപ്പിക്കാം. ഗദ്ദികയുടെ സ്ഥിരം വേദിയായും ഈ കേന്ദ്രം വികസിപ്പിക്കും. ആദിവാസികൾ തയ്യാറാക്കുന്ന മുളയുൽപ്പന്നങ്ങൾ, ദാരുശിൽപ്പങ്ങൾ, വനവിഭവങ്ങൾ, കൃഷി ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയുണ്ടാകും. 300 പേർക്കിരിക്കാവുന്ന ശീതീകരിച്ച  ഓഡിറ്റോറിയത്തിൽ കോംബോ സംവിധാനത്തോടെ അക്വാറ്റിക‌് ട്രീറ്റ‌്മെന്റ‌്, വീഡിയോ പ്രൊജക‌്ടർ എന്നിവയൊരുക്കിയിട്ടുണ്ട‌്. പുരുഷൻമാർക്കും സ‌്ത്രീകൾക്കും പ്രത്യേകം ഡോർമിറ്ററികളും കലാകാരന്മാർക്ക‌്‌ താമസസൗകര്യവുമുണ്ട‌്. സമുച്ചയത്തിൽനിന്നുള്ള വരുമാനം ആദിവാസിസമൂഹത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കും.

സംസ്ഥാനത്തെ നൂറ്‌ പട്ടിക വർഗ വിദ്യാർഥിനികൾക്ക്‌ താമസിച്ച്‌ പഠിക്കാനുള്ള സൗകര്യമാണ്‌ മൾട്ടിപർപ്പസ്‌ ഹോസ്‌റ്റലിലുള്ളത്‌. 7.198 കോടി രൂപ ചെലവിൽ 1554.99 ചതുരശ്ര അടിയിലാണ്‌ ഹോസ്‌റ്റൽ കെട്ടിടം. ലൈബ്രറി, കോൺഫറൻസ്‌ ഹാൾ, മെസ്‌ ഹാൾ, ഡോർമിറ്ററി, റിക്രിയേഷൻ റൂം, അടുക്കള, ഭിന്നശേഷിക്കാർക്കുള്ള മുറി എന്നിവയുമുണ്ട്‌.

 


പ്രധാന വാർത്തകൾ
 Top