24 January Thursday
വി വി ദക്ഷിണാമൂർത്തിയുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു

പ്രളയം: സർക്കാരിന്റെ ഇടപെടൽ മരണസംഖ്യ കുറച്ചു: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

പേരാമ്പ്ര>
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും ഫലപ്രദമായ ഇടപെടലാണ്  കേരളത്തിലെ പ്രളയത്തിൽ മരണസംഖ്യ കുറയ്ക്കാൻ ഇടയാക്കിയതെന്ന്  സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വി വി  ദക്ഷിണാമൂർത്തിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ പാലേരിയിൽ സിപിഐ എം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസിത രാഷ്ട്രമായ അമേരിക്കയിൽ മുമ്പുണ്ടായ പ്രളയത്തിൽ മൂവായിരത്തിലധികം പേരാണ് മരിച്ചത്. ഈ സാഹചര്യത്തിലാണ് പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് ഒരു ജനകീയ സർക്കാരും പൊതുസമൂഹവും ചേർന്ന് വലിയൊരു ദുരന്തത്തിൽനിന്ന് കൊച്ചു കേരളത്തെ  കരകയറ്റിയത്. പ്രളയത്തെ നേരിട്ടതിൽ മുഖ്യമന്ത്രി പിണറായി വിജയന് ഈ മേഖലയിലെ ആഗോള പ്രശസ്തനായ മുരളി തുമ്മാരുകുടി നൽകിയത് പത്തിൽ പത്തു മാർക്കാണ‌്.  

കേരളത്തിന്ന് അടുത്ത കാലത്തായി കൈമോശം വന്നിരുന്ന നവോത്ഥാന മൂല്യങ്ങൾ തിരിച്ചു ലഭിച്ചുവെന്നാണ് പ്രളയം  നൽകുന്ന പാഠം. നമ്മുടെ ഉള്ളിലെ കാലുഷ്യങ്ങളെ കഴുകി വെടിപ്പാക്കി. ജാതി, മത ചിന്തകൾ ഇല്ലാതായി. വീടിനു ചുറ്റുമുള്ള വൻമതിലിനുള്ളിൽ ആരും സുരക്ഷിതരല്ലെന്ന‌് ബോധ്യമായി.

പ്രളയാനന്തരം സൃഷ്ടിക്കപ്പെടുന്ന നവ കേരളം പ്രകൃതിയെ സംരക്ഷിക്കുന്ന തരത്തിലായിരിക്കണം. ഇനിയുള്ള നിർമാണ പ്രവർത്തനങ്ങൾ പ്രകൃതിക്ക് ഇടിവ് തട്ടുന്ന തരത്തിൽ ആയിരിക്കരുതെന്നാണ് സർക്കാരിന്റെ പുതിയ നയം. പ്രളയത്തെ നേരിടാൻ കാണിച്ച ഐക്യം പ്രളയാനന്തരം വീണ്ടെടുക്കുന്ന കേരളത്തിന്റെ നിർമാണത്തിലും വേണം. 

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നടപ്പാക്കുന്നത്. ഒരു തെറ്റും ചെയ്യാത്ത  മനുഷ്യാവകാശ പ്രവർത്തകരെയാണ‌് അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ വിധി ആശ്വാസം പകരുന്നതാണ്. 2019ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി  ഇടതുപക്ഷത്തിന‌് സ്വാധീനം വർധിപ്പിക്കുക എന്നത് മാത്രമാണ് ഇതിന് ഒരു പരിഹാരം.

പാർടിയുടെ ഉന്നത സ്ഥാനത്തിരിക്കുമ്പോഴും സാധാരണക്കാർക്കായി പ്രവർത്തിച്ച നേതാവായിരുന്നു ദക്ഷിണാമൂർത്തിയെന്നും ബേബി പറഞ്ഞു. പാർടി പ്രവർത്തനം കഴിഞ്ഞാൽ തൊഴുത്തിലും പറമ്പിലുമെല്ലാം ദക്ഷിണാമൂർത്തിയെ കാണാമായിരുന്നു. നാട്ടിലെ അധ്യാപകൻ എന്നപോലെ പാർടിയിലെയും അധ്യാപകനായിരുന്നു ദക്ഷിണാമൂർത്തി. നാട്ടിലെ അധ്യാപക പ്രസ്ഥാനത്തിന് രാഷ്ട്രീയ ദിശാബോധം നൽകിയ പ്രവർത്തകരിൽ പ്രമുഖനായിരുന്നു അദ്ദേഹം. മികച്ച പരിഭാഷകനും കൂടി ആയിരുന്നു.   ദക്ഷിണാമൂർത്തി കാണിച്ച മാതൃകയാണ് നാം ഈ പ്രതിസന്ധി ഘട്ടത്തിൽ പിന്തുടരേണ്ടതെന്ന‌് ബേബി പറഞ്ഞു.

സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ കെ  പത്മനാഭൻ അധ്യക്ഷനായി . മന്ത്രി ടി പി രാമകൃഷ്ണൻ,    ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ സംസാരിച്ചു. ദക്ഷിണാമൂർത്തിയുടെ ഭാര്യ ടി എം നളിനി, മക്കളായ മിനി, ആർ അജയകുമാർ, ആർ പ്രസാദ‌് എന്നിവർ പങ്കെടുത്തു.   എ കെ ബാലൻ സ്വാഗതം പറഞ്ഞു,
എം എ ബേബി,  മന്ത്രി ടി പി രാമകൃഷ്ണൻ , പി മോഹനൻ എന്നിവർ  ദക്ഷിണാമൂർത്തിയുടെ  വീട്ടിലും സ്മൃതി മണ്ഡപത്തിലുമെത്തി.

 


പ്രധാന വാർത്തകൾ
 Top