03 August Monday

മനം നിറയെ ആശ്ലേഷിച്ച്‌ ബലിപെരുന്നാൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


കൊച്ചി
കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് ത്യാഗസ്‌മരണയിൽ ജില്ലയിലെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു‌. ആളുകൾ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾ അനുസരിച്ചാണ്‌ എല്ലായിടത്തും കർമങ്ങൾ നടത്തിയത്‌. 

ആഘോഷങ്ങൾ പരമാവധി ചുരുക്കി ചടങ്ങുകളായിട്ടായിരുന്നു എല്ലായിടത്തും പെരുന്നാൾ‌. പെരുന്നാൾ നമസ്കാരം പള്ളികളിൽമാത്രമായി ചുരുക്കി. ജില്ലയിലെ നൂറോളം മുസ്ലിംപള്ളികൾ ഈദ് ഗാഹുകൾ ഒഴിവാക്കി. വീടുകളിൽ ബലികർമങ്ങൾ നടത്തിയപ്പോൾ അഞ്ചുപേർമാത്രമാണ്‌ പങ്കെടുത്തത്‌. പൂർണമായും ജില്ലാ ഭരണനേതൃത്വത്തിന്റെ നിർദേശങ്ങൾ പാലിച്ചാണ്‌ ചടങ്ങുകൾ നടത്തിയതെന്ന്‌ എറണാകുളം സെൻട്രൽ ജമാഅത്ത്‌ പ്രസിഡന്റ്‌ സിയാദ്‌ കോക്കർ പറഞ്ഞു.

ബലികർമവുമായി ഇടപെടുന്നവരുടെയും ജോലി ചെയ്യുന്നവരുടെയും ശരീരതാപനില പരിശോധിച്ചു. പള്ളിയിൽ എത്തിയവരെയും താപനില പരിശോധിച്ചശേഷമാണ്‌ അകത്തേ‌ക്ക്‌ കടത്തിവിട്ടത്‌. പള്ളിയിൽ എത്തിയവരുടെ വിവരം രജിസ്‌റ്ററിൽ രേഖപ്പെടുത്തി. ടൗണിലെ പള്ളികളിൽ അപരിചിതർ എത്തുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന്‌ മുന്നറിയിപ്പുണ്ടായിരുന്നു. ഇതും കൃത്യമായി പാലിക്കാൻ മഹല്ല്‌ കമ്മിറ്റികൾ നിർദേശം നൽകിയിരുന്നു. പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിൽ പരമാവധി 100 പേർമാത്രമാണ് ‌പങ്കെടുത്തത്‌. ആറടി അകലം പാലിച്ചായിരുന്നു‌ നമസ്കാരം. പള്ളികളിൽ സാനിറ്റൈസറുകൾ നൽകിയിരുന്നു.

ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചായിരുന്നു‌ ബലികർമങ്ങൾ. മാംസം വീട്ടിൽ എത്തിച്ചുനൽകുന്ന സമയത്തും പ്രത്യേക ജാഗ്രത പുലർത്തി. മാംസവിതരണം നടത്തിയവർ രജിസ്റ്റർ സൂക്ഷിക്കുകയും സന്ദർശിച്ച വീടുകളുടെയും ആളുകളുടെയും വിവരങ്ങൾ അതിൽ രേഖപ്പെടുത്തുകയും ചെയ്‌തു.

കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ ബലികർമങ്ങളും മാംസവിതരണവും നടത്തിയില്ല.കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ അവശ്യവസ്തുക്കളുടെയും മാംസവിൽപ്പന ഉൾപ്പെടെയുള്ളവയുടെയും സമയത്തിൽ വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും ഇളവ് അനുവദിച്ചിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചുവരെ ഇത്തരം കടകൾ പ്രവർത്തിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top