കൊച്ചി
അരങ്ങുകളെ കോവിഡ് ഭീതി വിഴുങ്ങിയപ്പോൾ ജിനോയുടെ ഡ്രമ്മും നിശബ്ദതയിലാണ്ടു. എന്നാൽ, പ്രതിഭാസ്പർശം സംഗീതത്തിൽ മാത്രമല്ലെന്ന് നാടിനെ ബോധ്യപ്പെടുത്താൻ, ജൂനിയർ ശിവമണിയെന്നു പേര് നേടിയ പറവൂർ സ്വദേശി ജിനോ കെ ജോസിന് അധികകാലമൊന്നും വേണ്ടിവന്നില്ല. ലോക്ക്ഡൗൺകാലത്ത് വാടകവീട്ടിലെ അടുക്കളയിൽ വേവിച്ചെടുത്ത വിഭവങ്ങൾ രുചിലോകത്ത് പുതിയ സംഗീതമായി.
ഇടപ്പള്ളി ജിനോസ് കിച്ചനിൽ രൂപപ്പെട്ട കിഴിപ്പൊറോട്ട ഇന്ന് നാട്ടിൽ ഹിറ്റ്. വാഴയിൽ പൊതിഞ്ഞെത്തുന്ന ഈ വിഭവം ചിക്കൻ, ബീഫ്, മുട്ട, വെജിറ്റേറിയൻ വൈവിധ്യങ്ങളിൽ ലഭ്യമാണ്. ഫെയ്സ്ബുക്ക്, വാട്സാപ്, സുഹൃത്തുക്കൾ എന്നീ മാർഗങ്ങളിലൂടെയാണ് ജിനോയുടെ വിഭവങ്ങൾ നാട് അറിഞ്ഞത്. ജിനോയുടെ കൈപ്പുണ്യത്തിനും ഇന്ന് ആരാധകർ ഏറെ.
ആരവങ്ങളുടെ മധ്യത്തിൽനിന്നാണ് ജിനോ ഹെർണിയ ശസ്ത്രക്രിയക്ക് പോയത്. മടങ്ങിയെത്തിയപ്പോൾ രാജ്യമെങ്ങും ലോക്ക്ഡൗൺ. ഭാര്യയും രണ്ടു കുട്ടികളും പട്ടിണിയിലാകാതിരിക്കാൻ രണ്ടുംകൽപ്പിച്ച് തീരുമാനമെടുത്തു. പാചകത്തോടുള്ള കമ്പം പുതുക്കുക. ആദ്യപരീക്ഷണം കപ്പയിലും മുളകുചമ്മന്തിയിലുമായിരുന്നു. ഇടപ്പള്ളി ഗണപതി അമ്പലത്തിനടുത്തുള്ള വാടകവീട് പരീക്ഷണശാലയായി. ഭാര്യ സിന്ധു ഒപ്പംചേർന്നതോടെ 24 മണിക്കൂറും അടുക്കള പ്രവർത്തിച്ചുതുടങ്ങി.
തുടർന്നാണ് കിഴിപ്പൊറോട്ടയിലേക്കും ചിക്കൻ ബിരിയാണിയിലേക്കും ബീഫ് ബിരിയാണിയിലേക്കും എല്ലാം കടന്നത്. സ്റ്റാർ ഹോട്ടലുകളടക്കം ഇതിന്റെ രുചി തേടിയെത്തി. അങ്കമാലിയിലെ രണ്ട് ഹോട്ടലുകളിൽ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാനും ജിനോ പോകുന്നുണ്ട്. ഫെയ്സ്ബുക്കിലും വാട്സാപ്പിലും നൽകിയ നമ്പറിൽ വിളിച്ചാൽ ജിനോസ് കിച്ചനിലെ വിഭവങ്ങൾ തീൻമേശയിലെത്തും. നഗരത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് തൽക്കാലം വിതരണം. ഇലക്ട്രീഷ്യനായ ബന്ധു അലനും സഹായത്തിനുണ്ട്.
നാലുപേർക്കുള്ള ഭക്ഷണം എപ്പോഴും അടുക്കളയിൽ കൂടുതൽ ഉണ്ടാക്കും. വഴിയോരത്ത് വിശന്നിരിക്കുന്നവരുടെ വയർ നിറയ്ക്കാനാണിത്. സംഗീതപരിപാടികൾ ആരംഭിച്ചാലും പാചകം നിർത്തരുതെന്നാണ് സുഹൃത്തുക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..