07 August Friday

ഒരു വിളിപ്പുറത്ത്‌ സൈക്കിളിൽ ഡോക്ടറെത്തും

സി അജിത്‌Updated: Wednesday Jul 1, 2020

ഒരു ഫോൺ വിളി മതി. രാവെന്നോ പകലെന്നോ നോക്കാതെ ഡോ. എം എസ്‌ പത്മനാഭൻ പട്ടാമ്പിയുടെ നാട്ടിടവഴികളിലൂടെ സൈക്കിളിലെത്തും. സ്‌റ്റെതസ്‌കോപ്പുമായി സൈക്കിൾ സവാരി ചെയ്യുന്ന ഡോക്ടർ നാട്ടുകാർക്ക്‌ സുപരിചിതൻ‌. രണ്ടു പതിറ്റാണ്ടായി തുടരുന്ന ശീലം ഇന്നും മാറ്റിയിട്ടില്ല. മെഡിക്കൽ കോളേജ്‌ ഡയറക്ടറായി ചുമതല വഹിക്കുമ്പോഴും കിടപ്പുരോഗികൾക്ക്‌ ആശ്വാസത്തിന്റെ മരുന്നുമായി വീട്ടുപടിക്കലെത്തുന്ന ഡോ. എം എസ്‌ പത്മനാഭൻ ഇന്ന്‌‌ കോവിഡ്‌ പ്രതിരോധത്തിനും‌ ചുക്കാൻ പിടിക്കുന്നു‌‌. കോവിഡ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററായ പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജിന്റെ ഡയറക്ടറാണ്‌ ഈ ജനകീയ ഡോക്ടർ.രോഗിയുടെ അടുത്തെത്തി ചികിത്സിച്ചശേഷം മരുന്നും നൽകും‌‌. എല്ലാം സൗജന്യം. കണ്ണൂരിൽ ജില്ലാ ടിബി ഓഫീസറായി പ്രവർത്തിക്കുമ്പോഴും നാട്ടിലെ ചികിത്സ മുടക്കിയില്ല. രാവിലെ പട്ടാമ്പിയിൽനിന്ന്‌ ട്രെയിനിൽ കണ്ണൂരിലേക്ക്‌. വൈകിട്ട്‌ തിരിച്ചെത്തി സൈക്കിളുമായി നാട്ടിൽ. ഇങ്ങനെ രണ്ടുവർഷം തുടർന്നു.

പട്ടാമ്പി ടൗണിൽ ഒരാൾ വഴിയിൽ കിടക്കുന്നതായി ഡോക്ടർക്ക്‌ ഫോൺ വന്നു. ഡോക്ടറെത്തുമ്പോൾ ദിവസങ്ങൾക്കുമുമ്പേ വാഹനമിടിച്ചുണ്ടായ മുറിവ്‌ പഴുത്ത്‌ വ്രണവുമായാണ്‌ അയാളുടെ കിടപ്പ്‌. തൊട്ടടുത്ത്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധിക്കാൻ തയ്യാറായില്ല. തുടർന്ന്‌ സുഹൃത്തായ സാമൂഹ്യപ്രവർത്തകന്റെ ആംബുലൻസ്‌ വിളിച്ചുവരുത്തി തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച്‌ ചികിത്സ ഉറപ്പാക്കിയാണ്‌ ഡോക്ടർ മടങ്ങിയത്‌. ഇങ്ങനെ നൂറുകണക്കിനുപേർക്കാണ്‌ ഡോ. പത്മനാഭൻ തണലായത്‌.

2019ലാണ്‌ പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ഡയറക്ടറായി ചുമതലയേറ്റത്‌. ‘ഡോക്ടർക്ക്‌ ഭ്രാന്താണ്‌ എന്ന്‌ പലരും സ്‌നേഹത്തോടെ കളിയാക്കാറുണ്ട്‌. അപ്പോഴും ഈ ഭ്രാന്ത്‌ ഞാൻ ആസ്വദിച്ചു ചെയ്യുന്നതാണ്‌.’–- ഡോ. പത്മനാഭൻ പറയുന്നു.

1995ൽ തൃശൂർ മെഡിക്കൽ കോളേജിൽനിന്നാണ്‌ പത്മനാഭൻ പഠനം പൂർത്തിയാക്കിയത്‌. 2001ൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പാലിയേറ്റീവ്‌ മെഡിസിനിൽനിന്ന്‌ പരിശീലനവും പൂർത്തിയാക്കി. എല്ലുരോഗവിദഗ്ധനാണ്‌. ഭാര്യ വി കെ സ്‌മിത പട്ടാമ്പി കോടതിയിൽ അഭിഭാഷകയാണ്‌. പ്രിയദത്ത, പാർവതി എന്നിവർ മക്കൾ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top