15 July Wednesday

‘എന്റെ വീട്‌ മ്യൂസിയമാക്കണമെന്ന്‌ പറഞ്ഞവർക്ക്‌ ഞാൻ ജില്ലാ പഞ്ചായത്ത്‌ വിട്ടുകൊടുക്കണോ?’; കെ എം മാണിയെ മുറുകെപിടിച്ച്‌‌ ജോസ്‌

പി സി പ്രശോഭ്‌Updated: Wednesday Jul 1, 2020



‘എന്റെ വീട്‌ മ്യൂസിയമാക്കണമെന്ന്‌ പറഞ്ഞവർക്ക്‌ ഞാൻ ജില്ലാ പഞ്ചായത്ത്‌ വിട്ടുകൊടുക്കണോ?’ ചൊവ്വാഴ്‌ച കേരള കോൺഗ്രസ്‌ എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ജോസ്‌ കെ മാണി വികാരഭരിതനായി‌. ഓരോ വാക്കിലും കെ എം മാണിയെ ഓർമിപ്പിച്ചായിരുന്നു ജോസും അദ്ദേഹത്തിനൊപ്പമുള്ള നേതാക്കളും പ്രതികരിച്ചത്‌. യുഡിഎഫിനൊപ്പമുള്ള യഥാർഥ കേരള കോൺഗ്രസ്‌ തങ്ങളാണെന്ന്‌ വരുത്താനുള്ള ജോസഫിന്റെ നീക്കമാണ്‌ ജോസിനെ പുറത്താക്കുന്നതിലൂടെ വിജയിച്ചത്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ മാണിയുടെ യഥാർഥ പിന്മുറക്കാരാകാനാണ്‌‌ ജോസ്‌ വിഭാഗത്തിന്റെ ശ്രമം‌.

മുന്നണിയിൽനിന്ന്‌ പുറത്താക്കിയെന്ന്‌ അറിഞ്ഞശേഷം ജോസ്‌ കെ മാണി, റോഷി അഗസ്‌റ്റിൻ എംഎൽഎ തുടങ്ങിയവരുടെയെല്ലാം ആദ്യ പ്രതികരണം “മാണിസാറിനെ പുറത്താക്കി’യെന്നായിരുന്നു. കെ എം മാണിയോടുള്ള പൊതുവികാരം അനുകൂലമാക്കുക എന്നത്‌‌ ജോസഫിന്‌‌ പ്രധാന വെല്ലുവിളിയാണ്‌. പാർടി പിളർന്നപ്പോൾ മുതൽ ഈ പ്രശ്‌നമുണ്ടെന്ന്‌ ജോസഫിനറിയാം. മാണിയുടെയും പാർടിയുടെയും ജന്മദിന സമ്മേളനം ജോസഫ്‌ ആഘോഷമായി നടത്തിയത് ഈ പാരമ്പര്യം അവകാശപ്പെടാനായിരുന്നു.

ചൊവ്വാഴ്‌ചത്തെ വാർത്താസമ്മേളനത്തിൽ യുഡിഎഫിനായി കെ എം മാണി ചെയ്‌ത കാര്യങ്ങൾ ജോസ് കെ മാണി‌ എണ്ണിയെണ്ണി പറഞ്ഞു. “വീട്‌ മ്യൂസിയമാക്കാൻ‌ സമ്മതിച്ച്‌ കൊടുത്തിട്ട്‌‌ എനിക്ക്‌ നല്ലവനാകണ്ട. മാണിസാറിന്റെ ഹൃദയമാണ്‌ യുഡിഎഫ്‌ പൊളിച്ച്‌ മാറ്റിയത്‌. അദ്ദേഹത്തെയാണ്‌ പുറത്താക്കിയത്‌.’ പ്രവർത്തകരിലും ഈ വികാരം എത്തിക്കുന്നതിൽ ജോസ്‌ കെ മാണി വിജയിച്ചു‌.

യോഗത്തിനെത്തിയ ജോസിനെ കെ എം മാണിയുടെ പേരിൽ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ സ്വീകരിച്ചു‌. സ്‌റ്റിയറിങ്‌ കമ്മിറ്റി തീരുമാനം വിശദീകരിച്ചപ്പോഴും കെ എം മാണിയുടെ കർഷക നിലപാടും രാഷ്‌ട്രീയവും ഉയർത്തിപ്പിടിച്ച്‌ മുന്നോട്ട്‌ പോകുമെന്ന്‌‌ നേതാക്കൾ പറഞ്ഞു‌. ജോസഫിന്‌ കോൺഗ്രസ്‌ കൊടുത്ത പിന്തുണ കടുത്ത വഞ്ചനയാണെന്ന്‌ ചൊവ്വാഴ്‌ചയും ജോസ്‌ വിഭാഗം നേതാക്കൾ ആവർത്തിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top