07 August Friday

25 ലക്ഷം ഒഎംആർ ഷീറ്റ്‌ സർക്കാർ പ്രസിൽ അച്ചടിക്കുന്നു

വിജേഷ്‌ ചൂടൽUpdated: Wednesday Jul 1, 2020



 പരീക്ഷകൾക്കുള്ള ഒഎംആർ ഉത്തരക്കടലാസുകളുടെ അച്ചടി സർക്കാർ പ്രസുകളെ ഏൽപ്പിക്കാൻ പിഎസ്‌സി തീരുമാനം. 25 ലക്ഷം ഷീറ്റിനുള്ള കരാർ നൽകാൻ ചൊവ്വാഴ്‌ച ചേർന്ന പിഎസ്‌സി യോഗം അനുമതി നൽകി. ഇതാദ്യമായാണ്‌ ഒഎംആർ ഷീറ്റുകൾ സർക്കാർ പ്രസിൽ അച്ചടിക്കുന്നത്‌. വിജയകരമായാൽ ഉത്തരക്കടലാസുകളുടെ അച്ചടി പൂർണമായും സർക്കാർപ്രസുകളെ ഏൽപ്പിക്കും. ഇതുവരെ ഓപ്പൺ ടെൻഡർ വിളിച്ചാണ്‌ ഒഎംആർ ഷീറ്റുകൾക്ക്‌ കരാർ നൽകിയിരുന്നത്‌. പരീക്ഷകളിൽ മെഷീനിൽ റീഡ്‌ ചെയ്യാത്ത രണ്ടു ശതമാനം ഒഎംആർ ഷീറ്റുകൾ മാനുവൽ മൂല്യനിർണയം നടത്തേണ്ടിവരുന്നുണ്ട്‌. ഒഎംആർ സ്കാനർ വഴി രണ്ടു ഘട്ടമായും മാനുവൽ മൂല്യനിർണയം മൂന്നു ഘട്ടമായുമാണ്‌ നടത്തുക‌. കെഎഎസ്‌ പരീക്ഷയ്‌ക്കും സമാന മൂല്യനിർണയം നടത്തിയത്‌ വിവാദമാക്കിയിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള  മൂല്യനിർണയത്തിന്‌  ക്രമക്കേടുണ്ടാക്കുമെന്ന‌ ആരോപണം പിഎസ്‌സി നിഷേധിച്ചു. ഉത്തരങ്ങൾ ബബിൾ ചെയ്ത ബി പാർട്ടാണ്‌ മൂല്യനിർണയം നടത്തുക. ഇതിൽ ഉദ്യോഗാർഥിയെ തിരിച്ചറിയാൻ സാധ്യതയുമില്ല. എ പാർട്ടിലാണ് രജിസ്റ്റർ നമ്പരുള്ളത്. മൂല്യനിർണയം പൂർത്തിയാക്കി ഷോർട്ട്‌ലിസ്റ്റ്‌ തയ്യാറാക്കുന്ന അവസാനഘട്ടത്തിൽ മാത്രമാണ്‌ ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയുന്നത്‌.

വനിതാ സിവിൽ പൊലീസ്‌ ഓഫീസർ തസ്തികയിലേക്ക്‌ അവശേഷിക്കുന്ന ഉദ്യോഗാർഥികൾക്ക്‌ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ആഗസ്‌ത്‌ ആദ്യവാരം കായിക ക്ഷമതാപരീക്ഷ നടത്തും. ട്രെയിനിങ്‌ ആരംഭിക്കാനുള്ള സാഹചര്യമില്ലെങ്കിലും ഉദ്യോഗാർഥികളുടെ താൽപ്പര്യം പരിഗണിച്ചാണ്‌ അന്തിമ റാങ്ക്‌ലിസ്റ്റ്‌ തയ്യാറാക്കുന്നത്‌‌.  ലോക്‌ഡൗണിൽ നിർത്തിവച്ച അഭിമുഖങ്ങൾ ബുധനാഴ്‌ച തുടങ്ങും.  മൂന്നു മാസത്തിനിടെ 7225 പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ അയച്ചു. ചൊവ്വാഴ്‌ച കാലാവധി പൂർത്തിയാക്കിയ സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ലിസ്റ്റിൽനിന്ന്‌ 1947 ഒഴിവ്‌ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top