03 August Monday

ഷഹലയ്‌ക്കുവേണ്ടി അവർ ജയിച്ചു ; സമ്പൂർണ വിജയത്തിൽ സർവജന

പി മോഹനൻUpdated: Wednesday Jul 1, 2020

സർവജന സ്‌കൂളിൽ വിജയം ആഘോഷിക്കുന്ന അധ്യാപകരും വിദ്യാർഥികളും



ബത്തേരി
ഈ മിന്നും വിജയം ഷഹലയ്‌ക്ക്‌ സമർപ്പിച്ച്‌ ബത്തേരി സർവജനാ സ്‌കൂൾ വിദ്യാർഥികൾ.  കഴിഞ്ഞവർഷം പാമ്പുകടിയേറ്റ്‌ മരിച്ച പ്രിയ വിദ്യാർഥിനി ഷഹല ഷെറിന്റെ കണ്ണീരോർമകൾക്കുള്ള‌ ആദരമാണ്‌  ഈ കൊച്ചുമിടുക്കരുടെ  സമ്പൂർണ വിജയം. പരീക്ഷ എഴുതിയ 118 പേരും ഉപരിപഠനത്തിന്‌ അർഹരായി.  ഏഴ‌് പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ‌് നേടി. ഇവരിൽ 18 പേർ ആദ്യ ഇംഗ്ലീഷ‌് മീഡിയം ബാച്ചിലുള്ളവരാണ‌്. ഷഹല പാമ്പുകടിയേറ്റ്‌ മരിച്ച ദാരുണസംഭവത്തിന്റെ മറവിൽ  വിദ്യാലയം അടച്ചുപൂട്ടിക്കാൻ ശ്രമിച്ചവർക്ക്‌ വിദ്യാർഥികൾ നൽകുന്ന മറുപടികൂടിയാണിത്‌. 

ബത്തേരി നഗരസഭയുടെ കീഴിലാണ‌് ഈ സ‌്കൂൾ. നവംബർ 20നാണ്‌  സ‌്കൂളിലെ അഞ്ചാംക്ലാസ‌് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ‌് മരിച്ചത്‌. ശോച്യാവസ്ഥയിൽനിന്ന്‌ മികവിന്റെ കേന്ദ്രമായി മാറുന്നതിനിടയിലായിരുന്നു ഈ ദുരന്തം. ഇതോടെ  സ‌്കൂളിനെ അപകീർത്തിപ്പെടുത്താനും ഇല്ലാതാക്കാനും നിക്ഷിപ്‌ത താല്‌പര്യക്കാരുടെ ശ്രമമുണ്ടായി.  അധ്യാപകരുടെ മനോവീര്യം തകർക്കുംവിധം പ്രചാരണങ്ങളും ഭീഷണികളും ഉയർന്നു. ചില രാഷ‌്ട്രീയ പാർടികളും അവരുടെ യുവജന–--വിദ്യാർഥി സംഘടനകളും ഇതിന്‌ പിന്തുണ നൽകി. ഏതാനും മാധ്യമങ്ങളും നിറംപിടിപ്പിച്ച നുണകൾ പ്രചരിപ്പിച്ചു.

എന്നാൽ രക്ഷിതാക്കളുടെ പിന്തുണയോടെ നഗരസഭയും അധ്യാപകരും പൂർവ വിദ്യാർഥികളും സ‌്കൂൾ സംരക്ഷണ യജ്ഞവുമായി രംഗത്തെത്തി. അധ്യാപകർ കുട്ടികൾക്കായി പ്രത്യേകം ക്യാമ്പുകളും മോഡൽ പരീക്ഷകളും നടത്തി. ഈ പ്രവർത്തനങ്ങളുടെയെല്ലാം ഫലമായാണ്‌ സ്‌കൂൾ നൂറുമേനി വിജയം നേടിയത്‌. ഷഹലക്ക‌് പാമ്പുകടിയേറ്റ  ക്ലാസ‌് മുറി ഉൾപ്പെടെയുള്ള കെട്ടിടം പൊളിച്ചുമാറ്റി സർക്കാർ അനുവദിച്ച മൂന്ന‌് കോടി രൂപയുടെ ഫണ്ട്‌ ഉപയോഗിച്ച്‌ പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top