07 August Friday

99.32 % ; സര്‍ക്കാര്‍ സ്കൂളുകൾ തിളങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

ആഹ്ലാദം അരികെ.....എറണാകുളം നോർത്ത്‌ സെന്റ്‌ അഗസ്‌റ്റിൻസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു ഫോട്ടോ/ മനു വിശ്വനാഥ്‌

കൊച്ചി
കോവിഡ് ഭീതിയില്‍ പതറാതെ എസ്എസ്എൽസി പരീക്ഷയിൽ എറണാകുളം ജില്ലയ്ക്ക് 99.32 ശതമാനം വിജയം. എസ്എസ്എൽസി പരീക്ഷാ ചരിത്രത്തിലെ ജില്ലയുടെ റെക്കോഡ് വിജയമാണിത്. 2018ൽ 99.12 ശതമാനം നേടിയിരുന്നു. കഴിഞ്ഞവർഷം 99.-06 ശതമാനത്തോടെ സംസ്ഥാനതലത്തിൽ മൂന്നാമതെത്തിയ ജില്ല ഇത്തവണ നാലാംസ്ഥാനത്താണ്.

16,111 ആൺകുട്ടികളും 15,329 പെൺകുട്ടികളും ഉൾപ്പെടെ  31,440 കുട്ടികളാണ്  ജില്ലയിൽ  പരീക്ഷയെഴുതിയത്. ഇതിൽ 15,935 ആൺകുട്ടികളും 15,291 പെൺകുട്ടികളും ഉൾപ്പെടെ 31,226 കുട്ടികൾ  ഉപരിപഠനത്തിന് യോ​ഗ്യത നേടി. കഴിഞ്ഞവർഷം ജില്ലയിൽ 32,388 പേർ പരീക്ഷ എഴുതിയതിൽ 32,082 പേർ വിജയിച്ചിരുന്നു. എല്ലാ വിഷയത്തിലും  3406 കുട്ടികൾ എ പ്ലസ് നേടി.  കഴിഞ്ഞവർഷം 2887  വിദ്യാർഥികളാണ് എ പ്ലസ് നേടിയത്. 223  സ്കൂളുകൾ 1-00 ശതമാനം വിജയം നേടി. കഴിഞ്ഞതവണയിത് 201 ആയിരുന്നു.

ജില്ലയിലെ വി​ദ്യാഭ്യാസ ജില്ലകളിൽ  മൂവാറ്റുപുഴ  ഇത്തവണയും മുന്നിലെത്തി. എന്നാൽ, വിജയശതമാനം കുറഞ്ഞു. കഴിഞ്ഞവർഷം 99.84 ശതമാനം വിജയം നേടിയ മൂവാറ്റുപുഴയ്ക്ക്  ഇത്തവണ 99.78 ശതമാനം വിജയം കരസ്ഥമാക്കാനേ കഴിഞ്ഞുള്ളൂ. 3634 വിദ്യാർഥികളിൽ 3626 പേർ വിജയിച്ചു. 5197 വിദ്യാർഥികൾ പരീക്ഷയെഴുതിയ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ 5173 പേർ വിജയിച്ചു. വിജയശതമാനം 99.54. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 11,981 പേരിൽ 11,917 പേർ വിജയിച്ചു–-  99.47 ശതമാനം. 98.89 ശതമാനം വിജയം നേടിയ എറണാകുളത്ത്  10,628 വിദ്യാർഥികളിൽ 10,510 പേരും വിജയിച്ചു.

3406 ഫുള്‍ എപ്ലസ്
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജില്ലയിൽ എപ്ലസുകാരുടെ എണ്ണം വർധിച്ചു. 2454 പെൺകുട്ടികളും 952 ആൺകുട്ടികളും ഉൾപ്പെടെ  3406 കുട്ടികൾ എപ്ലസ് നേടി.  കഴിഞ്ഞവർഷം 2887 പേർക്കായിരുന്നു എല്ലാ വിഷയത്തിനും  എപ്ലസ്. സംസ്ഥാനതലത്തിൽ ഇത്തവണയും ഏഴാംസ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷത്തേക്കാൾ 347 പെൺകുട്ടികൾകൂടി ഇത്തവണ എപ്ലസ് നേടി. സർക്കാർ സ്‌കൂളിലെ  232 പെൺകുട്ടികളും 88 ആൺകുട്ടികളും എല്ലാ വിഷയത്തിനും എപ്ലസ് നേടി.  ആലുവ ഉപജില്ല വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ–- 398 പേർ. ‌‌‌എറണാകുളത്ത് 916 പേരും കോതമംഗലത്ത് 577 പേരും മൂവാറ്റുപുഴയിൽ 515  പേരും എല്ലാ  വിഷയത്തിനും എപ്ലസ് നേടി.  ജില്ലയില്‍  ഉദയംപേരൂര്‍ എസ്എന്‍ഡിപി എച്ച്എസ്എസാണ് ഏറ്റവും കൂടുതല്‍ എപ്ലസ് കരസ്ഥമാക്കിയത്–- 87 പേര്‍.

സെഞ്ചുറിയടിച്ച്‌ 223 സ്കൂളുകള്‍
ജില്ലയിൽ 223 വിദ്യാലയങ്ങളിൽ പരീക്ഷയെഴുതിയ എല്ലാ കുട്ടികളും വിജയിച്ചു. ഇതിൽ 72ഉം സർക്കാർ സ്കൂളുകളാണ്. 108 എയ്ഡഡ് സ്കൂളും 43 അൺ എയ്ഡഡും നൂറുശതമാനം വിജയം നേടി.നൂറുശതമാനം നേടിയ വിദ്യാലയങ്ങളുടെ എണ്ണം കഴിഞ്ഞവർഷത്തേക്കാൾ വർധിച്ചു. 209 സ്കൂളുകളാണ് കഴിഞ്ഞതവണ എല്ലാവരെയും വിജയിപ്പിച്ചത്‌. ആലുവയിൽ 84, എറണാകുളത്ത് 51,  മൂവാറ്റുപുഴയിൽ 48,  കോതമം​ഗലത്ത് 40 സ്കൂളുകൾവീതം 100 ശതമാനം വിജയം നേടി. ആലുവ വിദ്യാഭ്യാസജില്ലയിൽ 26 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി. എറണാകുളത്ത് 17, കോതമം​ഗലത്ത് 16, മൂവാറ്റുപുഴയിൽ 13 വീതം സർക്കാർ സ്കൂളുകളാണ്‌  പരീക്ഷയെഴുതിയ എല്ലാവരെയും വിജയിപ്പിച്ചത്‌.

സര്‍ക്കാര്‍ സ്കൂളുകൾ തിളങ്ങി
സർക്കാർ സ്കൂളുകളുടെ വിജയശതമാനത്തിൽ ജില്ലയ്ക്ക് മൂന്നാം സ്ഥാനം. 99.06 ശതമാനം വിജയമാണ്‌  നേടിയത്‌.  കഴിഞ്ഞ വർഷമിത് 98.96 ശതമാനമായിരുന്നു. ഇത്തവണ സർക്കാർ സ്കൂളുകളിൽനിന്ന് പരീക്ഷയെഴുതിയ 4151 വിദ്യാർഥികളിൽ 4112 പേരും വിജയിച്ചു. 320 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞവർഷം ഇത്‌ ഇരുനൂറായിരുന്നു.  എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനത്തിൽ ജില്ല ഏഴാം സ്ഥാനത്താണ്.  23,647 പേർ പരീക്ഷയെഴുതിയതിൽ  23,479 പേർ  ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 99.29. കഴിഞ്ഞവർഷം ഇത് 98.92 ശതമാനമായിരുന്നു. 2548 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.  അൺഎയ്ഡഡ് സ്കൂളുകളുടെ വിജയശതമാനത്തിൽ ജില്ല സംസ്ഥാനതലത്തിൽ ഒമ്പതാം സ്ഥാനത്താണ്. വിജയശതമാനം 99.81.  3642 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 3635 വിദ്യാർഥികളും വിജയിച്ചു. 538 പേർ എല്ലാ വിഷയത്തിനും  എ പ്ലസ് നേടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top