08 August Saturday

അയ്യപ്പൻ മോപ്പെഡിൽ താണ്ടിയത്‌ വിജയദൂരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020


കളമശേരി
ഇഴഞ്ഞുനീങ്ങുന്ന മോപ്പെഡിൽ  തിരുനെൽവേലിയിൽനിന്ന്‌ അച്ഛനൊപ്പം  അയ്യപ്പൻ താണ്ടിയത്‌ വിജയദൂരം.  കോവിഡ് കാരണം  എസ്എസ്എൽസി പരീക്ഷ മാറ്റിവച്ചപ്പോൾ കളമശേരി എച്ച്എംടി സ്‌കൂളിലെ  വിദ്യാർഥി  അയ്യപ്പൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയിരുന്നു. എന്നാൽ, മാറ്റിവച്ച പരീക്ഷകൾ മെയ് 27 മുതൽ നടത്താൻ  സർക്കാർ തീരുമാനിച്ചതോടെ  കിലോമീറ്ററുകൾ താണ്ടി അച്ഛൻ മണിക്കൊപ്പം തിരികെ കേരളത്തിലേക്ക്‌ യാത്ര പുറപ്പെട്ടു.  ഒരു ദിവസം മുഴുവനെടുത്താണ് 300 കിലോമീറ്ററിലേറെ താണ്ടി പരീക്ഷയുടെ രണ്ടു ദിവസംമുമ്പ്‌ കളമശേരിയിലെത്തിയത്.

തമിഴ്നാട്ടിൽ കോവിഡ് പടർന്നുപിടിച്ച സമയമായതിനാൽ  ബുദ്ധിമുട്ടിയാണ്‌ ഓൺലൈൻ പാസ് സംഘടിപ്പിച്ചത്‌.  ഉണിച്ചിറയിൽ വാടകവീട്ടിലാണ്‌ അച്ഛനൊപ്പം താമസിക്കുന്നത്‌. കൂലിപ്പണിക്കുപോയാണ്‌  മണി കുടുംബം പുലർത്തുന്നത്‌. മൂന്ന്‌ സഹോദരിമാരുടെ  വിവാഹം കഴിഞ്ഞു. സഹോദരൻ തിരുനെൽവേലിയിൽ പ്ലസ്ടു പൂർത്തിയാക്കി. അമ്മയെയും സഹോദരനെയും    ഉണിച്ചിറയിലെ വീട്ടിലേക്ക്‌  തിരിച്ചുകൊണ്ടുവരണമെന്നാണ് അയ്യപ്പന്റെ ആഗ്രഹം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഐടിഐയിലോ പോളിടെക്‌നിക്കിലോ ചേർന്ന് തൊഴിൽ പരിശീലനമാണ്  അയ്യപ്പന്റെ  സ്വപ്‌നം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top