31 March Friday

മീന്‍ 'കൂട്ടണ'മെങ്കില്‍ ട്രോളിങ് നിരോധം മാത്രം പോര

ഷഫീഖ് അമരാവതിUpdated: Friday Jul 1, 2016

കൊച്ചി> ട്രോളിങ് നിരോധം ഫലപ്രദമെന്ന് വിലയിരുത്തുമ്പോള്‍തന്നെ മത്സ്യമേഖലയെ സംരക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളും തേടണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍കാലങ്ങളില്‍ ഇല്ലാതായ പല മത്സ്യങ്ങളുടെയും വിഭാഗത്തിലേക്ക് കേരളത്തില്‍ ഏറ്റവുമധികം പിടിക്കപ്പെടുന്ന ചാളപോലുള്ള മത്സ്യംപോലും എത്താവുന്ന കാലം വിദൂരമല്ലെന്നും മത്സ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു. അമിത ചൂഷണമാണ് ഇതിലേക്കു നയിച്ചതെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഇക്കുറി ട്രോളിങ് നിരോധമായിട്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരയോ മറ്റോ ഇനിയും ലഭിച്ചിട്ടില്ല. നിരോധത്തിന്റെ തുടക്കത്തില്‍ ലഭിക്കേണ്ട ചാള, അയല, നത്തോലി, കൊഴുവ എന്നിവ ഇനിയും കിട്ടാത്തതില്‍ മേഖലയില്‍ ആശങ്ക ശക്തമാണ്. 2012ല്‍ 3,99,000 ടണ്‍ ചാള ലഭിച്ച സ്ഥാനത്ത് കേരളത്തില്‍ കഴിഞ്ഞവര്‍ഷം ഇത് 68,000 ടണ്ണായാണ് ചുരുങ്ങിയത്. മുന്‍വര്‍ഷങ്ങളില്‍ ചാളക്കുഞ്ഞുങ്ങളെ ഉള്‍പ്പെടെ വന്‍തോതില്‍ പിടിച്ചതിനാലാണ് ഇത്തരത്തില്‍ ഉല്‍പ്പാദനത്തകര്‍ച്ച ഉണ്ടായതെന്നാണ് വിലയിരുത്തല്‍.

ഇത്തവണ നിരോധം തുടങ്ങി 15 ദിവസം കഴിയുമ്പോഴും ചാളപോലുള്ള മത്സ്യങ്ങള്‍ ഗണ്യമായി പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. മത്സ്യലഭ്യതക്കുറവ് ഇന്‍ബോര്‍ഡ് വള്ളങ്ങളിലെ ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴിലാളികള്‍ക്ക് തൊഴിലില്ലാതാക്കിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

നേരത്തെ വന്‍തോതില്‍ ലഭിച്ചിരുന്ന ഏട്ട, വാഴ്മീന്‍, നെയ്മീന്‍, ആയിരംപല്ലി, മുള്ളന്‍, സ്രാവ്, പരവ, നങ്ക്, പള്ളത്തി, തെരണ്ടി എന്നീ മത്സ്യങ്ങളില്‍ പലതും ഇപ്പോള്‍ കിട്ടാതായി. 2010നു മുമ്പുവരെ 10,000 ടണ്‍വരെ ഏട്ടയാണ് ലഭിച്ചിരുന്നത്. പൊട്ടുള്ള നെയ്മീന്‍ 500 ടണ്ണിലേറെയാണ് കിട്ടിയിരുന്നത്. ആയിരംപല്ലി 400 ടണ്ണിനുമുകളിലും മുള്ളന്‍ 12,000 ടണ്‍വരെയും ലഭിച്ചിരുന്നു. ഇതര മത്സ്യങ്ങളുടെയും ലഭ്യത ഏറെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം കിട്ടാതായി. ഈ പട്ടികയിലേക്ക് ചാള, അയല പോലുള്ള മത്സ്യങ്ങള്‍പോലും എത്തപ്പെടാം.

ട്രോളിങ് നിരോധം പൊതുവേ ഗുണകരമായ സ്ഥിതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്ന സൂക്ഷ്മജീവികളുടെ എണ്ണം പത്തിരട്ടിയായിവരെ വര്‍ധിച്ചിട്ടുണ്ട്. ഇത് അനുകൂല ഘടകമാണ് ഒരുക്കേണ്ടത്. എന്നാല്‍ കുഞ്ഞന്‍മത്സ്യങ്ങളെ അമിതമായി ചൂഷണംചെയ്യുന്ന സ്ഥിതിയാണ് ഭീഷണിയാകുന്നത്. കേരളത്തില്‍ ചെറുമത്സ്യങ്ങള്‍ പിടിക്കാതിരിക്കാന്‍ പലരും ശ്രദ്ധിക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിലുള്‍പ്പെടെ ഇവയ്ക്കുള്ള വിപണി മുതലെടുക്കാന്‍ അവിടെനിന്നുള്ളവര്‍ നടത്തുന്ന നീക്കം ഇത്തരം ശ്രമത്തെ തുരങ്കംവയ്ക്കുന്നു.

നിലവില്‍ ട്രോളിങ് നിരോധം നിലവില്‍വന്ന് 29 വര്‍ഷം തികയുകയാണ്. ഈ ഘട്ടത്തില്‍ നിരോധത്തിന്റെ ഫലത്തെക്കുറിച്ച് പഠിക്കുന്നതോടൊപ്പം മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്ത പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് മേഖലയിലെ ഇപ്പോഴത്തെ പ്രധാന ആവശ്യങ്ങളിലൊന്ന്. വറുതി പേറുന്ന തീരദേശ ജനതയുടെ സംരക്ഷണത്തിന് സബ്സിഡി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുക, കൂടുതല്‍ സഹായം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും ശക്തമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top