13 July Monday

കോട്ടയത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചനിലയിൽ; ഭർത്താവിന് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

കോട്ടയം > താഴത്തങ്ങാടി അറുപുഴ പാറപ്പാടത്ത് വീട്ടമ്മ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ. ഭർത്താവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറപ്പാടം ഷാനിമൻസിലിൽ ഷീബ(55) ആണ് മരിച്ചത്. ഭർത്താവ് സാലി(65)യെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവർച്ചാ ശ്രമമാണെന്നാണ് പ്രാഥമികനിഗമനം. വീടിന്റെ പോർച്ചിൽ കിടന്ന വാഗൺ--ആർ കാർ കാണാതായിട്ടുണ്ട്.

വീടിനുള്ളിൽ കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു ഇരുവരും. ഇവരെ ഷോക്കേൽപ്പിച്ചതായും സൂചനയുണ്ട്. വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ടിരുന്നു. ഷീബയുടെ ശരീരത്തിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം പുറത്തറിഞ്ഞത്. തലയ്ക്ക് അടിയേറ്റിട്ടുണ്ട്, ശരീരത്തിൽ വെട്ടിയ പാടുകളുമുണ്ട്. വീടിനുള്ളിൽനിന്ന് പാചകവാതകത്തിന്റെ  മണം പുറത്തുവന്നതിനെതുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് വീടിന്റെ ഹാളിൽ ഇരുവരും രക്തത്തിൽകുളിച്ച് കിടക്കുന്നത് കണ്ടത്. നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചു. ഫയർഫോഴ്സെത്തി കതക് ചവിട്ടിത്തുറന്നാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഷീബ മരിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കാം ആക്രമണം ഉണ്ടായതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 

മകൾ ഷാനി വിദേശത്തായതിനാൽ ഇവർ മാത്രമാണ് താമസിച്ചിരുന്നത്. സാലിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതായി പറയുന്നു. ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.

 


പ്രധാന വാർത്തകൾ
 Top