09 July Thursday

ദേശാഭിമാനി സ്‌പെഷ്യൽ കറസ്‌പോൺണ്ടന്റ് കെ രമ വിരമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020


തൃശൂർ
ദേശാഭിമാനി തൃശൂർ സ്‌പെഷ്യൽ കറസ്‌പോൺണ്ടന്റ് കെ രമ വിരമിച്ചു. 37 വർഷത്തെ  സേവനത്തിനുശേഷം  ദേശാഭിമാനി തൃശൂർ ബ്യൂറോ ചീഫായാണ്‌  വിരമിക്കുന്നത്.  1983ൽ ദേശാഭിമാനി എഡിറ്റോറിയൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. കൊച്ചി, കോഴിക്കോട് യൂണിറ്റുകളിൽ പ്രവർത്തിച്ചു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റേയും സ്ത്രീ പതിപ്പിന്റേയും ചുമതല വഹിച്ചിരുന്നു.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽനിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രോണിക്സിൽ ഗവേഷണത്തിനിടെയാണ്‌, ദേശാഭിമാനിയിലെത്തുന്നത്‌.

വനിതകളും ശാസ്ത്ര രംഗവും, അപസ്വനി (പുനരാഖ്യാനം), ശാസ്ത്രവീഥിയിലെ പെൺകരുത്തുകൾ, സി വി രാമൻ, കാലാവസ്ഥാ പ്രതിസന്ധി: ശാസ്ത്രവും രാഷ്ട്രീയവും (പരിഭാഷ), ലീലാവതിയുടെ പെൺമക്കൾ (പരിഭാഷ), ഉശിരത്തിപ്പെണ്ണ് (നോവൽ), നിഴലുകളുടെ ലോകം, മായുന്നു മഴയും മഞ്ഞും എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല–-മേഖല ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു. വനിതാപത്രപ്രവർത്തക സംഘത്തോടൊപ്പം ബർലിൻ, ബൽജിയം, ലണ്ടൻ എന്നിവിടങ്ങൾ സന്ദർശിച്ചു. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിന്റെ 2017ലെ  സംസ്ഥാന ശാസ്ത്ര അവാർഡ് കമ്മിറ്റി അംഗമായിരുന്നു.

ഒല്ലൂക്കര വെള്ളാനി മന വി ശങ്കരനാരായണൻ നമ്പൂതിരിയുടെയും എരവിമംഗലം കുമരപുരം കോവിലകത്തെ കെ കാവുത്തമ്പുരാട്ടിയുടെയും മകളാണ്. ഭർത്താവ് പരേതനായ ഡോ. കെ ഗോപിനാഥൻ. ഛായാഗ്രഹകയും  സംവിധായികയുമായ ഉമ കുമരപുരം, തിരുവനന്തപുരം എൻവെസ്റ്റ്നെറ്റിൽ ഫിനാൻസ് അനലിസ്റ്റ്‌ കെ ദീപാങ്കുരൻ എന്നിവർ മക്കൾ. മരുമകൾ: സൗമ്യ.


പ്രധാന വാർത്തകൾ
 Top