17 July Wednesday

വയനാട്ടിൽ 84 കുടുംബങ്ങൾക്ക്‌ കെയർ ഹോം

വി ജെ വർഗീസ്‌Updated: Saturday Jun 1, 2019

വയനാട്> പ്രളയദുരിതം ബാധിച്ച വയനാട്ടിൽ ഒരു അതിജീവന പദ്ധതികൂടി പൂർത്തിയാകുന്നു. സഹകരണവകുപ്പ‌് നടപ്പാക്കിയ ‘കെയർ ഹോം’ പദ്ധതിയിലുൾപ്പെട്ട മുഴുവൻ വീടുകളുടെയും നിർമാണം അന്തിമഘട്ടത്തിൽ. വീടുകളുടെ താക്കോൽ വിതരണം മൂന്നിനും ആറിനും നടക്കും.

84 വീടുകളാണ‌് നിർമിച്ചത‌്.  27 വീടുകളുടെ മിനുക്കുപണികൾ നടക്കുകയാണ‌്. അഞ്ച‌് മാസംകൊണ്ടാണ‌് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത‌്. മാനന്തവാടി താലൂക്കിൽ 43 വീടുകളും വൈത്തിരി താലൂക്കിൽ 34ഉം ബത്തേരിയിൽ ഏഴ‌് വീടുകളുമാണ‌് നിർമിച്ചത‌്. മാനന്തവാടി താലൂക്കിൽ അവസാനം നിർമിച്ച 10 വീടുകളുടെ താക്കോൽവിതരണം  മൂന്നിന‌് ഒ ആർ കേളു എംഎൽഎയും വൈത്തിരി താലൂക്കിലെ 18 വീടുകളുടെ താക്കോൽദാനം ആറിന‌് സി കെ ശശീന്ദ്രൻ എംഎൽഎയും നിർവഹിക്കും.

പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായുള്ള സംസ്ഥാന സഹകരണവകുപ്പിന്റെ ഭവന നിർമാണ പദ്ധതി രാജ്യത്തിനുമാതൃകയാകുകയാണ‌്. 2040 വീടാണ‌് സംസ്ഥാനത്ത‌് നിർമിക്കുന്നത‌്‌. 1150 വീടുകളുടെ നിർമാണം ഇതിനകം പൂർത്തിയായി.

പ്രളയത്തിൽ വീട‌് നഷ്ടപ്പെട്ടവർക്ക‌് അഞ്ച‌് ലക്ഷം  ചെലവിലാണ‌് വീട‌് നിർമിച്ചുനൽകുന്നത‌്. വയനാട്ടിൽ ആദ്യ 50 ദിവസംകൊണ്ട‌് ആറ‌് വീടുകൾ നിർമിച്ച‌ു. ഇവയുടെ കൈമാറ്റം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി നിർവഹിച്ചു.


പ്രധാന വാർത്തകൾ
 Top