കൊച്ചി
കൊച്ചി നഗരത്തിൽ സിറ്റി ഗ്യാസ് പദ്ധതി യാഥാർഥ്യമാക്കി കോർപറേഷൻ. കുന്നുംപുറം ഡിവിഷനുകളിലെ വീടുകളിലാണ് വെള്ളിമുതൽ സിറ്റി ഗ്യാസിൽ പാചകം തുടങ്ങിയത്. ഇടപ്പള്ളി കുന്നുംപുറം വിഎഐ പടിയിൽ സിറാജുദിന്റെ വീട്ടിൽ ആദ്യ കണക്‌ഷൻ നൽകി മേയർ എം അനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്‌തു.
ആദ്യഘട്ടത്തിൽ ഒമ്പത് ഡിവിഷനുകളിലാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് മേയർ പറഞ്ഞു. കുന്നുംപുറം ഡിവിഷനിൽ മാത്രം 2260 വീടുകളിൽ കണക്‌ഷൻ നൽകിയതായും മേയർ പറഞ്ഞു.
കൗൺസിലർ അംബിക സുദർശൻ അധ്യക്ഷയായി. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി ഡയറക്ടർ എം കെ ശർമ, ഭാസിത് ധൊലാക്യ, അജയ് പിള്ള, എ ജി ഉദയകുമാർ, കെ വി അനിൽകുമാർ എന്നിവർ സംസാരിച്ചു. കുന്നുംപുറത്ത് 350 വീടുകളിൽ സിറ്റി ഗ്യാസ് പദ്ധതി മുഖേന പാചകം ആരംഭിച്ചു. ഇടപ്പള്ളിയിലെ നാലും വൈറ്റിലയിലെ അഞ്ചും ഡിവിഷനുകളിലായി 16,000 കണക്‌ഷനുകൾ നൽകാൻ നെറ്റ്‌വർക് തയ്യാറായി. പോണേക്കര, പൊന്നുരുന്നി, പൊന്നുരുന്നി ഈസ്‌റ്റ്, തമ്മനം, വെണ്ണല, പാലാരിവട്ടം, പാടിവട്ടം, ചക്കരപ്പറമ്പ്, ചളിക്കവട്ടം ഡിവിഷനുകളിലാണ് പൈപ്പിടൽ പൂർത്തിയാക്കി വീടുകളിൽ നെറ്റ്‌വർക് എത്തിച്ചത്. ഇവിടങ്ങളിൽ ആറ് മാസത്തിനകം ലക്ഷ്യം കൈവരിക്കും. തൃക്കാക്കര നഗരസഭയിൽ 13000, കളമശേരിയിൽ 8000 വീടുകളിലും സിറ്റി ഗ്യാസുണ്ട്.
മുടക്കാൻ യുഡിഎഫ്;
നടപ്പാക്കി എൽഡിഎഫ്
നഗരത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ സിറ്റി ഗ്യാസ് യാഥാർഥ്യമാക്കിയതിനുപിന്നിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതിയുടെ ഇച്ഛാശക്തി. കളമശേരി, തൃക്കാക്കര നഗരസഭകളിലും സിറ്റി ഗ്യാസെത്തിയിട്ടും കൊച്ചിയിൽ യാഥാർഥ്യമാകാത്തതിന് പ്രധാന കാരണം അന്ന് കോർപറേഷൻ ഭരിച്ചിരുന്ന യുഡിഎഫിന്റെ അനാസ്ഥയായിരുന്നു.
പദ്ധതിയോട് മുഖംതിരിക്കുകയായിരുന്നു യുഡിഎഫ്. അനാവശ്യ തർക്കങ്ങളും തടസ്സങ്ങളും സൃഷ്ടിച്ചു. ഇതുകാരണം പൈപ്പിടൽ ഉൾപ്പെടെ മുടങ്ങി. കൊച്ചിയിൽ സിറ്റിഗ്യാസ് യാഥാർഥ്യമാക്കുമെന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രധാന വാഗ്‌ദാനമായിരുന്നു. ഭരണസമിതി അധികാരമേറ്റയുടൻ ഇതിന് നടപടി ആരംഭിച്ചു. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡുമായി ചർച്ച നടത്തി. പദ്ധതി നടപ്പാക്കാൻ അവർക്ക് ആവശ്യമായ പിന്തുണ നൽകി. മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കുകയും സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. പദ്ധതി വേഗം സഫലമാക്കാൻ കൗൺസിലർമാരും മുന്നിട്ടിറങ്ങി. പൊതുജനങ്ങളുടെ സഹായവും സഹകരണവും ഉറപ്പാക്കി പദ്ധതിക്ക് ഗതിവേഗം കൂട്ടി. ജില്ലയിൽ നൽകിയ സിറ്റി ഗ്യാസ് കണക്‌ഷനുകളിൽ മൂന്നിലൊന്നും കൊച്ചിയിലാണ്. ആറ് മാസംകൊണ്ടാണ് ഇത്രയും കണക്‌ഷൻ നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..