02 October Monday

അടിസ്ഥാന വിഭാഗത്തിന്‌ 
മുന്തിയ പരിഗണന: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

മഞ്ചേശ്വരം താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത്‌ ഉപ്പള നയാബസാറിലെ ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 
ഉദ്ഘാടനം ചെയ്യുന്നു

ഉപ്പള
അടിസ്ഥാന വിഭാഗ ജനങ്ങൾക്ക് മുന്തിയ പരിഗണനയാണ്‌ എൽഡിഎഫ്‌ സർക്കാർ നൽകുന്നതെന്ന്‌  മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മഞ്ചേശ്വരം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപ്പള നയാബസാറിലെ  ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ എ കെ എം അഷ്‌റഫ് എംഎൽഎ അധ്യക്ഷനായി. കലക്ടർ കെ ഇമ്പശേഖർ മുഖ്യാതിഥിയായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഷെമീന, പഞ്ചായത്ത് പ്രസിഡന്റുമാരായ സുബ്ബണ്ണ ആൾവ, റുബീന നൗഫൽ, ജീൻ ലെവീന മൊന്തേരോ, കെ ജയന്തി, ജെ എസ് സോമശേഖര എന്നിവർ സംസാരിച്ചു. എഡിഎം കെ നവീൻ ബാബു സ്വാഗതവും ഡെപ്യൂട്ടി കലക്ടർ ജഗ്ഗി പോൾ നന്ദിയും പറഞ്ഞു.
189 പരാതിക്ക്‌ പരിഹാരം
ഉപ്പള
മഞ്ചേശ്വരത്തിന്റെ മനസ്സുനിറച്ച് കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 301 പരാതികളാണ് ഓൺലൈനായി ലഭിച്ചത്. 189 പരാതികൾ പരിഹരിച്ചു. 61 എണ്ണം തള്ളി.  112 പരാതികൾ തുടർ നടപടികൾക്കായി മാറ്റി. പുതുതായി 177 പുതിയ പരാതി സ്വീകരിച്ചു.
വെള്ളരിക്കുണ്ടിൽ നാളെ 
വെള്ളരിക്കുണ്ട്‌
സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്ത്‌ വെള്ളരിക്കുണ്ട്‌ താലൂക്കിൽ വ്യാഴാഴ്‌ച നടക്കും. രാവിലെ 10ന്‌ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന അദാലത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസും അഹമ്മദ്‌ ദേവർകോവിലും പങ്കെടുക്കും.
സർക്കാർ ആവശ്യങ്ങൾ 
പരിഗണിക്കുന്നു: എ കെ എം അഷ്‌റഫ്‌
ഉപ്പള
മഞ്ചേശ്വരത്തെ ആവശ്യങ്ങൾ വളരെ പ്രാധാന്യത്തോടെ  എപ്പോഴും സംസ്ഥാന സർക്കാർ പരിഗണിക്കാറുണ്ടെന്ന്‌ എ കെ എം അഷ്‌റഫ്‌ എംഎൽഎ പറഞ്ഞു. കഴിഞ്ഞ ആഴ്ച തീരദേശമേഖലയിലെ ജനങ്ങൾക്കായി സംഘടിപ്പിച്ച തീരസദസ്സ് വളരെ പ്രയോജനമായിരുന്നുവെന്നും താലൂക്ക്‌ അദാലത്ത്‌ ഉദ്‌ഘാടന ചടങ്ങിൽ എംഎൽഎ പറഞ്ഞു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top