13 July Monday

സമരപഥങ്ങളുടെ ഓർമയിൽ തൊഴിലാളികളുടെ പ്രിയനേതാവ്‌

ശിവൻ ചൂരിക്കോട്‌Updated: Sunday May 31, 2020

പി രാഘവൻ

കുണ്ടംകുഴി
കാസർകോട്ടെ തൊഴിലാളി പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്ക്‌ മുഖ്യപങ്കുവഹിച്ച നേതാവാണ്‌ സിഐടിയു മുൻ ജില്ലാസെക്രട്ടറിയും എംഎൽഎയുമൊക്കെയായിരുന്ന പി രാഘവൻ.  അസുഖബാധിതനായതിനെ തുടർന്ന്‌ വിശ്രമത്തിലാണെങ്കിലും സിഐടിയുവിന്റെ അമ്പതാം വാർഷിക വേളയിൽ സമരപഥങ്ങളിലൂടെ പിന്നിട്ട നാളുകളുടെ ഓർമയിൽ ആവേശത്തിലാണ്‌  തൊഴിലാളികളുടെ പ്രിയനേതാവ്‌. 
വിദ്യാർഥി പ്രസ്ഥാനം ഭാരവാഹിയായിരിക്കുമ്പോൾ തന്നെ  ട്രേഡ് യൂണിയൻ രംഗത്തേക്ക് എത്തിയ  രാഘവൻ ജില്ലയിലെ ട്രേഡ് യൂണിയൻ വളർച്ചയ്ക്ക് നിർണ്ണായക പങ്കാണ്‌ വഹിച്ചത്‌.   അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ചു അവരെ അവകാശബോധമുള്ളവരാക്കുന്നതിൽ അസാധാരണപാടവമാണ്‌ അദ്ദേഹം കാണിച്ചത്‌.   ഇരുപതോളം യൂണിയനുകളും എടുത്തുപറയാവുന്ന നിരവധി സഹകരണസ്ഥാപനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടു. 
സിഐടിയു രൂപം കൊള്ളുന്നതിനും രണ്ട് വർഷങ്ങൾക്ക് മുമ്പ്‌ തന്നെ കാസർകോട്‌  ട്രേഡ് യൂണിയൻ രൂപീകൃതമായിരുന്നു.1968 ലെ മെഹബൂബ് ബസ് തൊഴിലാളികളുടെ സമരവും വരദരാജ് പൈ എന്ന തൊഴിലാളിയെ ബസ് കയറ്റി കൊല്ലുകയും ചെയ്ത സംഭവത്തോടെയാണ്‌പി രാഘവൻ  ട്രേഡ് യൂണിയൻ രംഗത്ത്‌ സജീവമാകുന്നത്‌.
സിംപ്കോ തൊഴിലാളി യൂണിയൻ, ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് വർക്കേർസ് യൂണിയൻ, ബീഡിത്തൊഴിലാളിയൂണിയൻ,കശുവണ്ടി തൊഴിലാളി യൂണിയൻ,ലോറി തൊഴിലാളി യൂണിയൻ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹത്തിന്റെ  നേതൃത്വമികവ്‌ കാണാം.  
1984ൽ സി ഐടിയു ജില്ല പ്രസിഡന്റായി. 88 മുതൽ രണ്ടരപ്പതിറ്റാണ്ട് കാലം സിഐടിയു ജില്ല ജനറൽസെക്രട്ടറിയായും സംസ്ഥാന വൈസ് പ്രസിഡന്റായും ദേശീയ പ്രവർത്തക സമിതി അംഗമായും മോട്ടോർ തൊഴിലാളിഫെഡറേഷന്റെ ദേശീയ പ്രവർത്തക സമിതി അംഗവും ഒക്കെ  സംഘടനയെ നയിച്ചു.
പ്രധാന വാർത്തകൾ
 Top