14 July Tuesday

സിപിഐ എം നിർമിച്ചുനൽകി ശകുന്തളക്കും മക്കൾക്കും വീടായി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
നീലേശ്വരം
മഴയ്ക്ക് മുമ്പേ കയറിക്കിടക്കാൻ പാർട്ടി വക ശകുന്തളയ്ക്ക് വീടായി.  മടിക്കൈ തെക്കൻബങ്കളത്തെ  എം വി ശകുന്തളക്ക് മഴക്കാലം ആധിയുടെ കാലമായിരുന്നു. മൺകട്ടകൾകൊണ്ടുള്ള ചെറിയ ഷെഡിലായിരുന്നു പ്രായപൂർത്തിയായ രണ്ടു മക്കളോടൊപ്പം താമസം. നിന്നുതിരിയാൻ ഇടമില്ലാത്ത കൂര മഴക്കാലത്ത് ചോർന്നൊലിക്കും. അസുഖ ബാധിതയായ ശകുന്തളയുടെയും മക്കളുടെയും വിഷമം കണ്ട് സിപിഐ എം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റി വീട് നിർമ്മാണ കമ്മറ്റി രൂപീകരിച്ച് ഒരു വർഷത്തിനകം  കോൺക്രീറ്റ്‌ വീടൊരുക്കി കൊടുക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറി വി പ്രകാശൻ ചെയർമാനും കെ എം വിനോദ് കൺവീനറുമായ നിർമ്മാണ കമ്മിറ്റി  ചെമ്പാരി യൂത്ത് ബ്രിഗേഡിയർമാർ, യുവാക്കൾ, നിർമാണത്തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ വീട് പൂർത്തിയാക്കി. സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻ താക്കോൽ ശകുന്തളക്ക് കൈമാറി. ലോക്കൽ സെക്രട്ടറി വി പ്രകാശൻ അധ്യക്ഷനായി. ജില്ല കമ്മിറ്റിയംഗം സി പ്രഭാകരൻ, ഏരിയ സെക്രട്ടറി ടി കെ രവി, കെ നാരായണൻ, കെ വി ദാമോദരൻ എന്നിവർ സംസാരിച്ചു.കെ എം വിനോദ് സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top