മുന്നാട്
സിപിഐ എം ബേഡകം ഏരിയാസമ്മേളനത്തിന് മലയോരത്തെ കമ്യൂണിസ്റ്റ് കർഷക പോരാട്ട ഭൂമികയിൽ ആവേശത്തുടക്കം. കാലമമെത്ര കഴിഞ്ഞാലും ചുവപ്പിന്റെ ആവേശക്കൊടി മലയോരത്ത് മങ്ങില്ലെന്ന ഉജ്വലമായ പ്രഖ്യാപനംകൂടിയായി സമ്മേളനത്തുടക്കം.
മുന്നാട് ഇ എം എസ് അക്ഷര ഗ്രാമത്തിലെ പി രാഘവൻ നഗറിൽ ഏരിയാകമ്മറ്റിയംഗം ജയപുരം ദാമോദരൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. രാവിലെ പി രാഘവന്റെ സ്‌മൃതി മണ്ഡപത്തിൽനിന്നും എത്തിച്ച ദീപശിഖ ഏരിയാസെക്രട്ടറി എം അനന്തൻ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ കൊളുത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്തു. കെ പി രാമചന്ദ്രൻ താത്കാലിക അധ്യക്ഷനായി.
ഓമന രാമചന്ദ്രൻ രക്തസാക്ഷി പ്രമേയവും ടി കെ മനോജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ പി രാമചന്ദ്രൻ, ആൽബിൻ മാത്യു, ലക്ഷ്മി കൃഷ്ണൻ, ഷമീർ കുമ്പക്കോട് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, സാബു അബ്രഹാം, വി വി രമേശൻ, കെ ആർ ജയാനന്ദ, എം സുമതി, ജില്ലാ കമ്മറ്റിയംഗങ്ങളായ സി ബാലൻ, ഇ പത്മാവതി, കെ മണികണ്ഠൻ എന്നിവർ പങ്കെടുക്കുന്നു. സംഘാടകസമിതി ചെയർമാൻ സി ബാലൻ സ്വാഗതം പറഞ്ഞു.
ഏരിയാ സെക്രട്ടറി എം അനന്തൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും പൂർത്തിയായി. എട്ട് വനിതകളടക്കം 27 പേർ പൊതുചർച്ചയിൽ പങ്കെടുത്തു.
11 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുത്ത 112 പ്രതിനിധികളും 19 ഏരിയാ കമ്മറ്റിയംഗങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ശനിയാഴ്‌ച രാവിലെ ചർച്ചകൾക്കുള്ള മറുപടിക്കുശേഷം പുതിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
പൊതുസമ്മേളനത്തിന് മുന്നോടിയായുള്ള ചുവപ്പ് വളണ്ടിയർ മാർച്ച് പകൽ 3.30ന് പള്ളത്തുങ്കാൽ കേന്ദ്രീകരിച്ച് മുന്നാട്ടേക്ക് നടക്കും. പൊതു സമ്മേളനം വൈകിട്ട് 4.30 ന് മുന്നാട് ടൗണിലെ സീതാറാം യെച്ചൂരി –- കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യും. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം സോഫിയ മലപ്പുറം, സിപിഐ എം സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ പി സതീഷ്ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ എന്നിവർ സംസാരിക്കും. തുടർന്ന് സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്ന പാട്ടരങ്ങ് അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..