24 October Thursday
സമാന്തര പാത നിർമാണം പൂർത്തിയാകുന്നു

മംഗളൂരുവഴിയുള്ള ട്രെയിൻ ഗതാഗതം ഇന്ന‌് പുനഃസ്ഥാപിച്ചേക്കും

സ്വന്തം ലേഖകന്‍Updated: Friday Aug 30, 2019

മംഗളൂരു 

മണ്ണിടിച്ചലിനെതുടർന്ന‌് ട്രെയിൻ ഗതാഗതം സ‌്തംഭിക്കാനിടയായ മംഗളൂരുവിലെ കുലശേഖരയിൽ സമാന്തര പാത നിർമാണം  വെള്ളിയാഴ‌്ച ഉച്ചയോടെ പൂർത്തിയാക്കി സർവീസ്‌ പുനഃസ്ഥാപിച്ചേക്കും. വ്യാഴാഴ‌്ച അനുകൂല കാലാവസ്ഥയിൽ നാനൂറ‌് മീറ്റർ സമാന്തര പാതയ‌്ക്കായി നിലമൊരുക്കി ജെല്ലി നിറയ്‌ക്കുന്നതുൾപ്പെടെയുള്ള പണികൾ ചെയ‌്തു. വെള്ളിയാഴ‌്ച മഴമാറി നിന്നാൽ ഉച്ചയോടെ പാത നിർമാണം പൂർത്തിയാക്കും. സ്ഥലത്തുള്ള ചീഫ‌്  എൻജിനിയർമാർ പരിശോധന നടത്തി സമാന്തര പാത ഗതാഗതത്തിന‌് തുറന്നു  കൊടുക്കാനാണ‌് റെയിൽവേ ആലോചിക്കുന്നത‌്.  
   ഇതിന്‌ എന്തെങ്കിലും തടസ്സമുണ്ടായാൽ  മംഗള, നേത്രാവതി എക‌്സ‌്പ്രസ‌് ട്രെയിനുകൾ മംഗളൂരുവരെ സർവീസ‌് നടത്തി യാത്രക്കാരെ ബസ‌് മാർഗം സൂറത്ത‌്കൽ സ‌്റ്റേഷനിലെത്തിച്ച‌് അവിടെനിന്ന‌് യാത്ര പുനരാരംഭിക്കാനും  ആലോചിക്കുന്നുണ്ട‌്. 
   കഴിഞ്ഞ ഒരാഴ‌്ചയായി കേരളത്തിൽനിന്ന്‌ മുംബൈ ഭാഗത്തേക്കും തിരിച്ചുമുള്ള ട്രെയിൻ ഗതാഗതം താറുമാറായിരിക്കുകയാണ‌്. റെയിൽവേ തൊഴിലാളികളെ കൂടാതെ പുറത്തുനിന്നുള്ള നിരവധി തൊഴിലാളികളും  രാത്രിയും പകലുമായി പണിയെടുക്കുന്നുണ്ട്‌. കുന്നിൽനിന്ന് ഒലിച്ചിറങ്ങുന്ന ചെളി വൃത്തിയാക്കുന്ന ജോലി തുടരുകയാണ‌്. 
    പാലക്കാട് ഡിവിഷനുകീഴിൽ പടീൽ-﹣-ജോക്കട്ട റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ കുലശേഖരയിലാണ് കഴിഞ്ഞ 23ന്‌ പുലർച്ചെ സമീപത്തെ കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്. 
കനത്ത മഴ തുടർന്നതോടെ  പല തവണ മണ്ണിടിച്ചിലുണ്ടായി.  പാത ഗതാഗതയോഗ്യമാക്കാൻ ആഴ‌്ചകൾ എടുക്കുമെന്ന സ്ഥിതിയായതോടെയാണ‌് സമാന്തര പാത നിർമാണം ആരംഭിച്ചത‌്. വെള്ളിയാഴ‌്ച പാത ഗതാഗത യോഗ്യമായാലും ട്രെയിൻ ഗതാഗതം സാധാരണനിലയിലാകാൻ രണ്ടു ദിവസംകൂടിയെടുത്തേക്കും. പല ട്രെയിനുകളുടെയും റാക്കുകൾ പല സ്ഥലങ്ങളിലായി കിടക്കുകയാണ‌്. 
പ്രധാന വാർത്തകൾ
 Top