26 September Sunday

വൈദ്യുതിവെട്ടം കൊതിച്ച്‌ 
നിർധന കുടുംബം; സഹായിക്കാമോ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
കാഞ്ഞങ്ങാട്‌ 
തടസ്സങ്ങൾ ഒരുപാടുണ്ടെങ്കിലും വൈദ്യുതിവെട്ടം കൊതിച്ച്‌  നിർധന കുടുംബം. പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്നിനടുത്ത മുന്തന്റെ മൂലയിലെ കെ കൃഷ്‌ണന്റെ കുടുംബമാണ്‌ വൈദ്യുതിക്കായി കാത്തുനിൽക്കുന്നത്‌.
പശുവളർത്തി കുടുംബം നോക്കുന്ന കൃഷ്‌ണന്റെ ഭാര്യ വിലാസിനിയും മകൾ അംബികയുമടങ്ങുന്നതാണ്‌ കുടുംബം. അംബിക മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന്‌ പഠിച്ച് മദ്രാസ്‌ സർവകലാശാലയിൽനിന്ന്‌ മലയാളത്തിൽ ഒന്നാം റാങ്കും സ്വർണ മെഡലോടെ ബിരുദാനന്തരബിരുദവും പാസായി. ബിഎഡും എംഫില്ലും കഴിഞ്ഞുനിൽക്കുകയാണ്‌. ബിഎഡ്‌ പഠനകാലത്ത്‌ വെദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകൾ പലതും മുടങ്ങി.  എംഎഡിന്‌ ചേരാനുള്ള ഒരുക്കത്തിലാണ്‌ അംബിക.  
സംസ്ഥാന സർക്കാറിന്റെ സൗജന്യവൈദ്യുതീകരണ പദ്ധതിയുടെ സഹായം കിട്ടുമെന്നറിഞ്ഞ്‌ കഴിഞ്ഞ ഡിസംബറിൽ ബളാന്തോട്‌ കെഎസ്‌ഇബിയിൽ അപേക്ഷ നൽകി. താമസിക്കുന്ന ഷെഡിനുമുകളിലൂടെ ലൈൻ പോകുന്നതിനാൽ കണക്‌ഷൻ നൽകണമെങ്കിൽ ലൈൻ മാറ്റണം. അല്ലെങ്കിൽ ഷെഡ്ഡുമാറ്റണം. ലൈൻ മാറ്റാൻ അയൽക്കാരുടെ സമ്മതം വേണം.  അവരുടെ സമ്മതപത്രം ലഭിച്ചില്ല. ഷെഡ്ഡ്‌ മാറ്റാമെന്ന്‌ വെച്ചാൽ ഒരു ഭാഗത്ത്‌ തൊഴുത്തും മറുഭാഗത്ത്‌ കുളവുമാണ്‌. ഇൻസുലേറ്റർ ഉള്ള 40 മീറ്റർ ബഞ്ച്‌ കേബിൾ വലിക്കാൻ  31,771 രൂപ കെഎസ്‌ഇബിയിൽ അടച്ചാൽ കണക്‌ഷൻ നൽകാമെന്നാണ്‌ വൈദ്യുതി വകുപ്പ്‌ അറിയിച്ചത്‌. ഇത്ര വലിയതുക അടക്കാൻ കുടുംബത്തിനാവില്ല. മാനുഷികപരിഗണന നൽകി സഹായിക്കാൻ സർക്കാർ ഇടപെടണമെന്ന്‌  കൃഷ്‌ണനും കുടുംബവും ആവശ്യപ്പെട്ടു. 
വൈദ്യുതി എത്തിക്കാൻ തങ്ങൾക്ക്‌ ചെയ്യാനാവുന്നത്‌, ബഞ്ച്‌ കേബിൾ ലൈൻ വലിക്കുക മാത്രമാണെന്ന്‌ കെഎസ്‌ഇബി ബളാന്തോട്‌ സെക്‌ഷൻ അസിസ്റ്റന്റ്‌ എൻജിനിയർ  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top