15 July Wednesday
വഖഫ്‌ സ്വത്ത്‌ സംരക്ഷിക്കുക

മാഫിയ രാഷ്ട്രീയത്തിനെതിരെ ഇന്ന്‌ ജനരോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

കാസർകോട്‌

വഖഫ്‌ സ്വത്ത് സംരക്ഷിക്കുക, നിക്ഷേപകരുടെ പണം തിരികെ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ മാഫിയ രാഷ്ട്രീയത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ 12 കേന്ദ്രങ്ങളിൽ ചൊവ്വാഴ്‌ച വൈകിട്ട്‌ നാലിന്‌ ജനരോഷം സംഘടിപ്പിക്കുമെന്ന്‌ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃക്കരിപ്പൂരിലെ വഖഫ് സ്വത്ത് കൈക്കലാക്കിയ മാഫിയ രാഷ്ട്രീയത്തെ പടിക്കുപുറത്ത് നിർത്തണമന്നും ആവശ്യപ്പെട്ടു. സാമുദായികരാഷ്ട്രീയത്തിന്റെ മറവിൽ മുസ്ലിംസമുദായത്തെ ചതിക്കുകയാണ്  ജില്ലയിലെ മുസ്ലിംലീഗിന്റെ സമുന്നത നേതൃത്വം. ജനപ്രതിനിധികളായ രാഷ്ട്രീയനേതാക്കൾ സ്ഥാനമാനങ്ങൾ ഉപയോഗപ്പെടുത്തി പൊതുസമൂഹത്തോട്‌ കടുത്ത കാപട്യമാണ് കാണിക്കുന്നത്.വഖഫ് ഭൂമി തട്ടിപ്പിന് പുറമെ ജ്വല്ലറി, ആശുപത്രി, കോളേജ്, സ്‌കൂൾ  തുടങ്ങിയ  പദ്ധതികളുടെ  പേരിൽ നൂറ് കണക്കിന് നിക്ഷേപകരേയും ലീഗ്‌നേതാക്കളിൽ ചിലർ വഞ്ചിച്ചിരിക്കുകയാണ്. 
തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ എന്ന സുന്നി വഖഫ് സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ആറുകോടി രൂപ വില വരുന്ന മുസ്ലിം പള്ളിയുൾപ്പെടെയുള്ള വഖഫ്സ്വത്താണ് കച്ചവടതട്ടിപ്പിലൂടെ കൈക്കലാക്കിയിരിക്കുന്നത്. ജില്ലയ്‌ക്കകത്തും പുറത്തും ജ്വല്ലറിയുടെ മറവിലും മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയുടെ പേരിലും തൃക്കരിപ്പൂരിലും പടന്നയിലും അൺ എയ്ഡഡ് കോളേജിന്റേയും സ്‌കൂളിന്റെയും പേരിലും നൂറിലേറെ കോടിയുടെ നിക്ഷേപ തട്ടിപ്പ്‌ വേറെയും പുറത്തുവന്നിട്ടുണ്ട്‌. മഞ്ചേശ്വരം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ്, തൃക്കരിപ്പൂർ പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,മുസ്ലീം ലീഗിന്റെ ജില്ല, മണ്ഡലം ഭാരവാഹികളും ഇ കെ വിഭാഗം സമസ്ത സുന്നിസംഘടനകളുമായി ബന്ധപ്പെട്ട ചിലരുമാണ്‌ തട്ടിപ്പിന്‌ മുന്നിലുള്ളതെന്നത്‌ പൊതുപ്രവർത്തന പാരമ്പര്യത്തിന് അപമാനമാണ്. മതത്തെ ചാരി രാഷ്ട്രീയപ്രവർത്തനവും സാമുദായിക പ്രവർത്തനവും നടത്തുന്നവരുടെ പൊയ്‌മുഖമാണ് ഇതിലൂടെ വെളിവാകുന്നത്‌.  സമുദായവും രാഷ്ട്രീയവും കലർത്തി  വഞ്ചനയും തട്ടിപ്പും ചതിയും നടത്താൻ ഇനിയും അനുവദിച്ചുകൂടാ. സമഗ്ര അന്വേഷണം നടത്തി നടപടിയെടുക്കണം.  
വഖഫ് സ്വത്തും നിക്ഷേപരുടെ സമ്പത്തും സംരക്ഷിക്കണം.    വഖഫ് സ്വത്തും അനാഥമക്കളുടെ ആശ്രയകേന്ദ്രവും സാധാരണക്കാരുടെ പണവും സമുദായത്തിലേയും ലീഗിലേയും നേതൃപദവിയും ജനപ്രതിനിധി എന്ന സ്വീകാര്യതയും ഉപയോഗപ്പെടുത്തിയാണ്‌ തട്ടിയെടുത്തത്‌. അന്യാധീനപ്പെടുന്നതൊന്നും സമുദായ രാഷ്ട്രീയ നേതൃത്വത്തെ വേവലാതിപ്പെടുത്തുന്നില്ല. വിശ്വാസത്തെ ഇവർ ചൂഷണം ചെയ്യുകയാണെന്ന്‌ ഇത്‌ തെളിയിക്കുന്നു. ഇക്കാര്യത്തിൽ മുസ്ലീം ലീഗ്‌ സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായമെന്തന്ന്‌ വ്യക്തമാക്കണം. കോൺഗ്രസ്‌ നേതൃത്വത്തിന്റെയും അഭിപ്രായം അറിയേണ്ടതുണ്ട്‌. 
പ്രതിഷേധം നീലേശ്വരം മാർക്കറ്റ്‌ ജംങ്‌ഷനിൽ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരനും തൃക്കരിപ്പൂർ ടൗണിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണനും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ ഉപ്പളയിലും സി എച്ച്‌ കുഞ്ഞമ്പു ചെർക്കളയിലും ഉദ്‌ഘാടനം ചെയ്യും. പ്രതിഷേധത്തെ എല്ലാ വിഭാഗം ജനങ്ങളും പിന്തുണക്കണമെന്ന്‌ അഭ്യർഥിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം ഡോ. വി പി പി മുസ്‌തഫയും പങ്കെടുത്തു.
6 കോടിയുടെ ആസ്‌തി 30 ലക്ഷത്തിന്‌ 
ആറ് കോടിയോളം രൂപ  വിപണി വിലയുള്ള  വഖഫ്‌ സ്വത്താണ്‌ വെറും 30 ലക്ഷം രൂപക്ക്‌  എം സി ഖമറുദ്ദീൻ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ബാവ എന്നിവർ ഭാരവാഹികളുമായ തൃക്കരിപ്പൂർ എജ്യുക്കേഷണൽ ആൻഡ്‌ ചാരിറ്റബിൾ ട്രസ്‌റ്റ്‌ കോളേജിന്റെ മറവിൽ കച്ചവടത്തട്ടിപ്പ്‌ നടത്തിയത്‌.  
വഖഫ് ബോർഡിനെ അറിയിക്കാതെയാണ് രഹസ്യമായി കൈമാറ്റം  നടത്തിയത്‌. കേന്ദ്ര മുഷാവറ അംഗങ്ങളും പണ്ഡിതരുമായ മാണിയൂർ അഹമ്മദ് മൗലവിയും ഖാസി ഇ കെ മഹമൂദ് മുസ്ല്യാരും ഈ കച്ചവടം അറിഞ്ഞിട്ടില്ലന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇ കെ വിഭാഗം സമസ്തയുടെ ജില്ലാ മുഷാവറയോ ജാമിഅ സയദിയ ഇസ്ലാമിയ കമ്മിറ്റിയുടെ ജനറൽ ബോഡിയോ  കച്ചവടവും കൈമാറ്റവും അറിഞ്ഞിട്ടില്ല. രഹസ്യസ്വഭാവത്തിൽ നടത്തിയ വഖഫ് ഭൂമി കച്ചവടം തട്ടിപ്പും അഴിമതിയുമല്ലാതെ മറ്റെന്താണ്. 
വിവാദമായപ്പോൾ ഭൂമി തിരികെ കൊടുക്കാമെന്നാണ് തട്ടിപ്പ് സംഘം പറയുന്നത്. കള്ളത്തരം പിടികൂടിയപ്പോൾ അതു തിരികെ നൽകിയാൽ തട്ടിപ്പും വഞ്ചനയും ഇല്ലാതാകുമോ. അനാഥർക്കും അഗതികൾക്കും ആശ്രയമാകേണ്ട വഖഫ് ഭൂമി എങ്ങിനെയാണ്കോളേജിന്റെ പേരിൽ വാങ്ങിയത്.  നിസ്‌കാര പള്ളി എങ്ങിനെയാണ് പണം കൊടുത്ത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്‌. കേരള വഖഫ് ബോർഡ് മുമ്പാകെ ലഭിച്ച  പരാതികളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നോട്ടീസ് അയച്ചിട്ടുണ്ട്‌. വഖഫ് ബോർഡ് നിയമ നടപടി ത്വരിതപ്പെടുത്തണം. സംസ്ഥാന രജിസ്ട്രേഷൻ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിക്ഷേപകരെ പറ്റിക്കാൻ ജ്വല്ലറിയും ആശുപത്രിയും
ജില്ലയ്‌ക്കകത്തും പുറത്തുമായി ആരംഭിച്ച ജ്വല്ലറികൾക്കായി  നൂറ് കോടിയിലേറെ രൂപയുടെ നിക്ഷേപം സ്വരൂപിച്ചു. ആ ജ്വല്ലറികൾ പൊളിഞ്ഞു. വീട്ടമ്മമാർ മുതൽ മഹല്ല് വഖഫ് കമ്മിറ്റികൾ വരെ നിക്ഷേപകരാണ്. 800 ലേറെ നിക്ഷേപകരുടെ പണമാണ് ആവിയായത്‌. ചെറുവത്തൂർ കേന്ദ്രമായ ജ്വല്ലറി ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയരക്ടറുമായ ലീഗ്‌ നേതാക്കൾ തലശേരിയിൽ മറ്റൊരു ജ്വല്ലറിയിൽ നിക്ഷേപകരായിരുന്നു. ഈ സ്ഥാപനം പ്രതിസന്ധിയിലായപ്പോൾ തങ്ങളുടെ പണം സംരക്ഷിക്കാൻ അവിടെ നിന്ന്‌ സ്വർണവുമായി കടന്നു. എന്നാൽ  പണം നൽകിയ നിക്ഷേപകരുടെ കാര്യത്തിൽ ഒളിച്ചുകളി നടത്തുന്നു.തീരദേശത്തെ എട്ടോളം മഹല്ലുകൾ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചു.  ഈ മഹല്ലുകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗവും സംയുക്ത ജമാഅത്ത് മുൻപ്രസിഡന്റും സുന്നി മഹല്ല് ഫെഡറേഷൻ നേതാവുമായ ‘തങ്ങളാ’ണ്‌ ജ്വല്ലറിയുടെ ഒരു പ്രധാന ഭാരവാഹി. 
മംഗളൂരുവിൽ  സ്വകാര്യ ആശുപത്രിയുടെ പേരിലാണ് മുസ്ലിം ലീഗിന്റെ മറ്റൊരു ജില്ലാ ഭാരവാഹി നിക്ഷേപം സ്വരൂപിച്ചത്. നേതാവിന് കമ്മീഷനും ആശുപത്രി ഡയറക്ടർ ബോഡിൽ സ്ഥാനവും കിട്ടി. നിക്ഷേപകർക്ക്‌ പണം പോയി.
കോളേജും തട്ടിപ്പിന്‌ 
തൃക്കരിപ്പൂർ എഡ്യുക്കേഷണൽ ആൻഡ്‌ ചാരിറ്റബിൾ ട്രസ്‌റ്റ്‌ രജിസ്റ്റർ ചെയ്തിരിക്കുന്നത് കോഴിക്കോട് സബ് രജിസ്ട്രാർ മുമ്പാകെയാണ്‌. ഈ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് തൃക്കരിപ്പൂർ കാരോളത്തെ വാടകകെട്ടിടത്തിലുള്ള തൃക്കരിപ്പൂർ ആർട്സ് ആൻഡ്‌ സയൻസ് കോളേജ്. കോളേജിന് കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങിച്ചിരിക്കുന്നത് തൃക്കരിപ്പൂരിലെ ചെറുകാനത്താണ്.  
വയലും ചതുപ്പുംതണ്ണീർതടങ്ങളുമുള്ള ഇവിടെ സമീപകാലത്തൊന്നും കെട്ടിടം നിർമിക്കാനാകില്ലെന്ന്‌ അറിഞ്ഞിട്ടും ഭൂമി വാങ്ങി കൂട്ടിയത് എന്തിനാണ്. ഉടമക്ക് ലഭിച്ചത് സെന്റിന് ആറായിരം മാത്രം.  കോളേജ് കമ്മിറ്റി സെന്റിന് കൊടുത്തത് 58000 രൂപയും. ബാക്കി പണം  ആരുടെ പോക്കറ്റിലേക്ക്‌ പോയി എന്ന്‌ നേതാക്കൾ വ്യക്തമാക്കണം. നിക്ഷേപകർക്ക് പണം ലഭിച്ചിട്ടുമില്ല. 
കോളേജ്  മൂന്ന് വർഷത്തിനകം സ്വന്തം കെട്ടിടത്തിലേക്ക് മാറണമെന്നാണ് കണ്ണൂർ സർവകലാശാല ചട്ടം. ഇത്‌ പാലിക്കാത്തതിനാൽ 2018 ൽ ഒന്നാം വർഷ ബിരുദ പ്രവേശനം അനുവദിച്ചില്ല. 2019ൽ ആയിറ്റിയിലെ പീസ് സ്‌കൂൾ കാണിച്ച്  പ്രവേശനം തരപ്പെടുത്തി. ഇത്തവണ  ജെംസ് സ്‌കൂളുള്ള വഖഫ് സ്വത്തിന്റെ രേഖയാണ് സർവകലാശാലയിൽ കൊടുത്തിരിക്കുന്നത്. നിരവധിയാളുകളിൽ നിന്ന്കോളേജിന്റെ പേരിൽ വാങ്ങിയ നിക്ഷേപമെവിടെ.
പ്രധാന വാർത്തകൾ
 Top