14 September Saturday

പൂമണിക്ക്‌ വഴി വേണം; 
ചന്ദ്രമതിക്ക്‌ വെള്ളം വേണം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

വീട്ടിലേക്കുള്ള വഴിത്തർക്കം പരിഹരിക്കാൻ മന്ത്രി അഹമ്മദ്‌ ദേവർകോവിലിനെ കാണാനെത്തിയ തൃക്കരിപ്പൂർ പേക്കടത്തെ സുകന്യ

 കാഞ്ഞങ്ങാട്‌

വീട്ടിലേക്കുള്ള നടവഴിവേണമെന്ന ആവശ്യവുമായാണ്‌  എടച്ചാക്കൈ കൊളവളപ്പിലെ കെ വി പൂമണി മന്ത്രിമാരുടെ മുന്നിലെത്തിയത്‌.  അടുത്തകാലം വരെ നടന്ന വഴിയും ചില തർക്കങ്ങൾ കാരണം ഇല്ലാതായി. പ്രശ്‌നത്തിൽ അതിവേഗം  തീരുമാനമുണ്ടാകണമെന്ന് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഹൊസ്ദുർഗ് തഹസിൽദാറിനോട് നിർദ്ദേശിച്ചു. 15 ദിവസത്തിനകം പ്രശ്നം പരിഹരിച്ചു തരുമെന്ന് മന്ത്രി ഉറപ്പും നൽകി. അല്ലാത്ത പക്ഷം നേരിട്ട് അറിയിക്കണമെന്നും പൂമണിയോട് മന്ത്രി പറഞ്ഞു. 
തൃക്കരിപ്പൂർ പേക്കടത്തെ കെ സുകന്യ, കെ ബാലൻ, കെ നാരായണി എന്നിവരും അദാലത്തിലെത്തിയത് വഴിത്തർക്കത്തിന്‌ പരിഹാരം തേടിയാണ്‌. ചർച്ചനടത്തി വഴിക്കായി ഒന്നര അടി സ്ഥലം വിട്ടു നൽകാൻ രണ്ട് വീട്ടുകാരും തയ്യാറായതോടെ 40 വർഷമായി തുടരുന്ന പ്രശ്നത്തിന് ശാശ്വതപരിഹാരമായി.
കുടിവെള്ളപ്രശ്നം മന്ത്രിയെ അറിയിക്കാൻ എത്തിയതായിരുന്നു. ചെറുവത്തൂർ പഞ്ചായത്തിലെ കുട്ടമത്ത് കണ്ണംകുളത്തെ സി ചന്ദ്രമതി. കിണറിലെ വെള്ളം ഉപയോഗ ശൂന്യമാണെന്നും ആ വെള്ളം കുടിച്ച് പല ആരോഗ്യ പ്രശ്നങ്ങളും കുടുംബത്തിന് വന്നതായും ചന്ദ്രമതി  മന്ത്രിയെ  അറിയിച്ചു. 15 ദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ മന്ത്രി  നിർദ്ദേശിച്ചു. 
 
മിസ്സിരിയക്കും 
വീടാകും
കാഞ്ഞങ്ങാട്‌
പള്ളിക്കര പഞ്ചായത്തിലെ മിസ്സിരിയയും കുടുംബവും സ്വപ്നം യാഥാർഥ്യമാകാൻ പോവുന്നതിന്റെ സന്തോഷത്തിലാണ്‌. മിസ്സിരിയയും ഓട്ടിസം ബാധിച്ച അഞ്ച് വയസ്സുള്ള മകനും കുടുംബവും  അഞ്ചുവർഷമായി വാടകയ്ക്കാണ് താമസം.  ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അപേക്ഷിച്ചിരുന്നു. പദ്ധതിയിൽ ഉൾപ്പെട്ടെങ്കിലും പിറകിലായതിനാൽ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇനിയും കാത്തിരിക്കേണ്ട സാഹചര്യമാണ്‌. ഇതേത്തുടർന്നാണ്‌ ഇവർ പരാതിയുമായി അദാലത്തിനെത്തിയത്‌. മിസ്സിരിയയുടെ പരാതി  പള്ളിക്കര പഞ്ചായത്തിന് കൈമാറി.  ലൈഫ് ഭവനപദ്ധതിയിൽ സീനിയോരിറ്റി ലിസ്റ്റിൽ മുൻഗണന നൽകാൻ പള്ളിക്കര പഞ്ചായത്തും  തീരുമാനിച്ചു.  മന്ത്രി മുഹമ്മദ് റിയാസ്‌ തന്നെ ഈ സന്തോഷവാർത്ത മിസ്സിരിയയെ അറി്യിച്ചു. 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top