13 July Monday

യുഡിഎഫിന്റെ കൈവിട്ട കളി നാടിന്‌ ഭീഷണിയാവുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
കാസർകോട്‌
ജില്ലയെ കോവിഡ്‌ കേന്ദ്രമാക്കാനുള്ള യുഡിഎഫ് നീക്കം നാടിന്‌ ഭീഷണിയാവുന്നു. വിദേശത്ത്‌ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ മാനദണ്ഡങ്ങൾ പാലിച്ചു കൃത്യമായി പരിപാലിക്കുമ്പോൾ അതിന്‌ അള്ള്‌വയ്‌ക്കാനിറങ്ങിയിരിക്കുകയാണ്‌ ചില നേതാക്കൾ. അതിർത്തി പ്രദേശങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിൽ നിരന്തരമായി പ്രശ്‌നങ്ങളുണ്ടാക്കുകയാണ്‌ അവർ. കഴിഞ്ഞ ദിവസങ്ങളിൽ മഞ്ചേശ്വരത്തും കാലിക്കടവിലും കണ്ടത്‌ അതാണ്‌. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സ്വന്തക്കാരെ കടത്തികൊണ്ടുവരുവാനും ശ്രമിക്കുന്നു. രാഷ്‌ട്രീയതാൽപര്യം മാത്രം വച്ചു നടത്തുന്ന വിവേക ശൂന്യമായ പ്രവൃത്തികൾക്ക്‌ ജില്ല വലിയ വിലകൊടുക്കേണ്ടിവരുമോ എന്ന കടുത്ത ആശങ്ക ഉയരുകയാണ്‌.     
 കോവിഡ്‌ ത്രീവബാധിത പ്രദേശമായ മഹാരാഷ്‌ട്രയിൽ നിന്ന്‌  അനിയന്ത്രിതമായി ആളുകളെ കൊണ്ടുവരാൻ കടുത്ത സമ്മർദമാണ്‌ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള യുഡിഎഫ്‌ നേതാക്കൾ നടത്തുന്നത്‌.  ജില്ലയിൽ മൂന്നാം ഘട്ടത്തിൽ രോഗം ബാധിച്ചവരിൽ കൂടുതലും മഹാരാഷ്‌ട്രയിൽ നിന്ന്‌ വന്നവരാണ്‌. മഞ്ചേശ്വരം, കാസർകോട്‌ താലൂക്കുകളിലെ യുഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്തുകളിലാണ്‌ രോഗികൾ കൂടുതലും.  എന്നാൽ യുഡിഎഫ്‌ പഞ്ചായത്തുകളിൽ ക്വറന്റൈൻ സൗകര്യങ്ങൾ കുറവാണ്‌.  ഇത്‌ മറച്ചുവയ്‌ക്കാൻ ജില്ലാ അധികൃതരെ കുറ്റപ്പെടുത്തുകയാണ്‌  നേതാക്കൾ. 
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വരുമ്പോൾ അധികൃതർ  ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ  ക്വാറന്റൈൻ സൗകര്യം ആരായും. വാർഡ്‌തല സമിതികൾ മുഖേന വീട്ടിൽ സൗകര്യമുണ്ടോയെന്നും പരിശോധിക്കും.  ഇതുവരെ 10741 പേർക്ക്‌ പാസ്‌ അനുവദിച്ചു. 5199 പേർ വന്നു. പാസുമായി വരുന്നവർക്ക്‌  മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നുണ്ട്‌. 
 വിദേശങ്ങളിൽ നിന്നും മറ്റും രക്ഷതേടി  വരുന്നവർക്ക്‌  എത്രയും വേഗം വീട്ടിലെത്തണമെന്ന്‌ ആഗ്രഹമുണ്ടായിരിക്കുക സ്വാഭാവികം. എന്നാൽ അവരുടെ സ്വന്തക്കാരെയും നാട്ടുകാരെയും മഹാമാരിയിൽനിന്ന്‌ രക്ഷിക്കാനാണ്‌ നിബന്ധനകൾ ഏർപ്പെടുത്തിയത്‌. അതു പാലിച്ചില്ലെങ്കിൽ നാടിനെ കൊറോണ വിഴുങ്ങും. കേരളത്തിന്‌ പുറത്തു നിന്ന്‌ വരുന്നവരിൽ ഭൂരിപക്ഷവും ആ ത്യാഗത്തിന്‌  തയ്യാറാണ്‌. എന്നാൽ അസംതൃപ്‌തിയുള്ളവരുടെ താൽകാലിക വികാരം മുതലെടുക്കാനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. 
കാലിക്കടവിൽ  ബസിൽ നിന്ന്‌  റോഡിലിറങ്ങി കിടക്കാൻ യുഡിഎഫ്‌ നേതാക്കൾ ആഹ്വാനം ചെയ്‌തത്‌ നാം കണ്ടതാണ്‌. ചിലരെ ക്വറന്റൈനിൽ പ്രവേശിപ്പിക്കാതെ വീട്ടിലേക്ക്‌ അയക്കാനായി ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്നു.  സർക്കാരിനെ അപകീർത്തിപെടുത്താനാണ്‌ യുഡിഎഫ്‌ നേതാക്കളുടെ കൈവിട്ടകളിയെങ്കിലും  അതിന്റെ ഫലം അനുഭവിക്കേണ്ടിവരിക ജില്ലയിലെ ഭൂരിപക്ഷംവരുന്ന ജനങ്ങളായിരിക്കും. അതിന്‌ അധിക സമയംവേണ്ട എന്നും തിരിച്ചറിയണം.
പ്രധാന വാർത്തകൾ
 Top