കുമ്പള
ജോലിക്കുനിന്ന വീട്ടിൽനിന്ന് 21 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ സ്‌ത്രി ഒന്നരവർഷത്തിനുശേഷം പിടിയിൽ. കാസർകോട് പാടി ചൂരിമൂലയിലെ അലിമയെയാ(48)ണ് കുമ്പള പൊലീസ് മടിക്കേരിയിൽനിന്ന് അറസ്റ്റ് ചെയ്‌തത്. ഒന്നര വർഷം മുമ്പ് മുഗു ബിഎം ഹൗസിലെ ഇബ്രാഹിമിന്റെ വീട്ടിൽനിന്നാണ് സ്വർണ്ണം കവർന്നത്.
ഏഴുവർഷം മുമ്പ് ഇവിടെ ജോലിക്ക് നിന്നതായിരുന്നു പ്രതി. ഒന്നര വർഷം മുമ്പ് വെെകീട്ട് ഇബ്രാഹിമിന്റെ വീട്ടിലെത്തിയ അലിമ രാത്രി താമസിക്കാൻ ഇടം നൽകണമെന്ന് അഭ്യർഥിച്ചു. സഹതാപം തോന്നി ഇബ്രാഹിമിന്റെ ഭാര്യ നസീമ സമ്മതിച്ചു. നസീമ വസ്ത്രങ്ങൾ മടക്കിവയ്ക്കുന്നതിനിടെ അലമാരയിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ അലിമയുടെ ശ്രദ്ധയിൽപ്പെട്ടു. രാവിലെ ഇബ്രാഹിം ജോലിക്ക് പോയസമയത്ത് അലമാരയിലെ സ്വർണാഭരണങ്ങൾ കവർന്ന് അലിമ രക്ഷപ്പെട്ടു. പിന്നീട് നസീമ അകത്ത് ചെന്ന് നോക്കിയപ്പോഴാണ് സ്വർണാഭരണങ്ങൾ കവർന്നതറിയുന്നത്. പൊലീസ് അന്വേഷണത്തിലാണ് മടിക്കേരിയിൽ ബന്ധുവിന്റെ വീട്ടിൽ കഴിയുന്നതിനിടെ പ്രതിയെ പിടിച്ചത്.
എസ്ഐമാരായ വി കെ അനീഷ്, ഗണേഷൻ, സിവിൽ പൊലീസ് ഓഫീസർമാരായ തൃഷ്ണ, ഗോകുൽ, സജീഷ്, സുധീർ എന്നിവർ അന്വേഷകസംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..