ഉദുമ
ഒരുവർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിൽ ഉദുമ മണ്ഡലത്തിൽ 1199 സംരംഭങ്ങളാണ് ലക്ഷ്യം വക്കുന്നത്. ഇതിൽ 387 സംരംഭം ഇതുവരെ ആരംഭിച്ചു. ചെമ്മനാട് പഞ്ചായത്തിലാണ് കൂടുതൽ; 104 എണ്ണം.
തദ്ദേശ സ്ഥാപനങ്ങളിൽ നടത്തിയ വായ്പാമേളയിൽ 465 പേർ പങ്കെടുത്തു. മണ്ഡലത്തിൽ 17 പേർക്കായി 1.17 കോടി രൂപ വായ്പ അനുവദിച്ചു. പുതിയതായി ആരംഭിച്ച 387 സംരംഭങ്ങളിലൂടെ 19.47 കോടി രൂപയുടെ നിക്ഷേപവും 810 പേർക്ക് പുതിയ തൊഴിലും ലഭിച്ചു. 87 നിർമാണ സംരംഭങ്ങളും 102 സേവന സംരംഭങ്ങളും 199 കച്ചവട സംരംഭങ്ങളുമാണ് മണ്ഡലത്തിൽ ആരംഭിച്ചത്.
പദ്ധതി അവലോകനം ചെയ്‌തു
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഉദുമ മണ്ഡലം അവലോകന യോഗവും നിക്ഷേപക സംഗമവും സംഘടിപ്പിച്ചു. ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്കുമാർ അധ്യക്ഷനായി.
ചെമ്മനാട്, ദേലംപാടി, മുളിയാർ, കുറ്റിക്കോൽ, പള്ളിക്കര, ഉദുമ, പുല്ലൂർ പെരിയ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ജില്ലാ ലീഡ് ബാങ്ക് മാനേജർ, വിവിധ മേഖലയിലുള്ള 75 സംരംഭകർ എന്നിവർ പങ്കെടുത്തു.
പഞ്ചായത്തുകളിൽ നിയമിച്ച ഇന്റേണുകളുടെ പ്രവർത്തന പുരോഗതിയും വിലയിരുത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ രേഖ സ്വാഗതവും കാഞ്ഞങ്ങാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അശോക് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..