24 October Thursday

മുഖ്യമന്ത്രി വാക്ക്‌ പാലിച്ചു. സുരക്ഷാ ഉപകരണങ്ങളെത്തി അഗ്നിരക്ഷാസേന ഇനി തീയിൽ വാടില്ല

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2019
തൃക്കരിപ്പൂർ
അഗ്നിശമനസേന ഇനി തീയിൽ  വാടില്ല. ഏത് പ്രതികൂല കാലാവസ്ഥയേയും തരണം ചെയ്യാവുന്ന യൂണിഫോമിന് പുറമെ പ്രത്യേക വസ്ത്രവും ഗംബൂട്ടും ഹെൽമെറ്റും മറ്റ്‌ ഉപകരണങ്ങളും എത്തി.  ഒരുസെറ്റ് പ്രതിരോധ കുപ്പായത്തിന്റെ വില ഏതാണ്ട് 40,000 രൂപയോളം വരും. ബുധനാഴ്ച ജില്ലയിലെ ഫയർ സ്റ്റേഷനുകളിൽ ഇവ എത്തി.  സേനയിലെ 4000 അംഗങ്ങൾക്കും സുരക്ഷാക്കുപ്പായം നൽകുന്നുണ്ട്‌.  
അടിസ്ഥാന സൗകര്യവും ആവശ്യത്തിന് ഉപകരണങ്ങളും ഇല്ലാത്തതിനാൽ ജീവൻ പണയംവച്ചാണ്‌  ജീവനക്കാർ ഇതുവരെ ജോലി ചെയ്‌തിരുന്നത്‌. പുതിയ വസ്ത്രം ധരിച്ച് കത്തിപടരുന്ന  തീയിലൂടെ രക്ഷാ പ്രവർത്തനം നടത്താനാവും.
 മുഖ്യമന്ത്രി ഇടപെട്ടാണ്‌ പുതിയ ഉപകരണങ്ങൾ ലഭ്യമാക്കിയത്‌.   ആവലാതി ബോധിപ്പിക്കാൻ  മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ അസോസിയേഷൻ ഭാരവാഹികളുടെ കൈകാലുകളിൽ കണ്ട പാടുകളാണ്‌ ഉടൻ നടപടിക്ക്‌ കാരണമായത്‌.  തീയണക്കുമ്പോൾ പൊള്ളലേറ്റ പാടുകളാണിതെന്ന്‌ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട്‌  വിശദീകരിച്ചു . തീയണയ്ക്കുമ്പോൾ പ്രത്യേക വസ്‌ത്രം അണിയാറുണ്ടോ എന്ന്‌ മുഖ്യമന്ത്രി ആരാഞ്ഞു.  യൂണിഫോംമാത്രം അണിഞ്ഞാണ്‌ തീയണയ്ക്കുന്നത്‌ എന്ന മറുപടി കേട്ടപ്പോൾ മുഖ്യമന്ത്രി അതിന്‌ പരിഹാരം വേണ്ടേ എന്ന്‌ ചോദിച്ചു.  മുഖ്യമന്ത്രിയുടെ -സാന്ത്വനവാക്കുകളാണ്‌ അതെന്നു കരുതി മടങ്ങിയ സംഘത്തെ അതിശയിപ്പിക്കുന്ന വേഗത്തിൽ നടപടിയുണ്ടായി. 
തീക്കനലിൽ ചവിട്ടിയാലും ഏറേ നേരം ഉരുകിയൊലിക്കാത്തതും ചൂടു ഉള്ളിലേക്കു 
 കടക്കാത്തതുമാണ്  ഗംബൂട്ട്. അപകടമുണ്ടായാൽ സുരക്ഷിതമായി ഉൗരി മാറ്റാൻ കഴിയും. 
 കട്ടികൂടിയതും  എളുപ്പം മടക്കാനും തിരിക്കാനും സാധിക്കുന്ന കൈയുറകളുമുണ്ട്‌. 
ചൂടിനെ നൂറുശതമാനം പ്രതിരോധിക്കുന്നതാണ് പാന്റും ഷർട്ടുമുൾപ്പെടുന്ന കവചം. തുണിപോലുള്ള വസ്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നതെങ്കിലും  തീ കത്തില്ല. സുരക്ഷിതമായി ഉൗരിക്കളയാനും സാധിക്കും.വയർലെസ് പോലുള്ളവ സൂക്ഷിക്കാനുള്ള പോക്കറ്റുമുണ്ട്. അഗ്നിരക്ഷാപ്രവർത്തകരെ ദൂരെനിന്ന്പോലും തിരിച്ചറിയാൻ പാന്റിലും ഷർട്ടിലും ഫ്ളൂറസെന്റ് റിബണുകൾ ഘടിപ്പിച്ചിട്ടുണ്ട്. കണങ്കാൽ മുതൽ കഴുത്തിന്റെ താടിയെല്ല് വരെ ചൂടിൽനിന്ന് സംരക്ഷിക്കാനുതകുന്നതാണ് പാന്റും ഷർട്ടും. തലയും മുഖവും കാക്കുന്നതിന്‌ ഹെൽമെറ്റുമുണ്ട്‌. ഇതിൽ ടോർച്ചും ഘടിപ്പിച്ചിട്ടുണ്ട് ഇതിന്‌ മാത്രം വില പതിനയ്യായിരത്തോളം വരും.  കഴുത്തിന് പിന്നിൽ പൊള്ളലേൽക്കാതിരിക്കാൻ അലൂമിനിയത്തിന്റെ തുണിപോലുള്ള പാളിയുണ്ട്. അത് ഹെൽമെറ്റിൽനിന്ന് കഴുത്തിന്റെ പിന്നിലേക്ക് തൂങ്ങിക്കിടക്കും. മുഖം കാക്കാനുള്ള വിലകൂടിയ ഗ്ലാസ്‌ പൊട്ടുകയോ  തീപിടിക്കുകയോ ഇല്ല.  
പ്രധാന വാർത്തകൾ
 Top