02 July Thursday

രോഗികൾ വർധിക്കുന്നു അതീവ ജാഗ്രത വേണം: ഡിഎംഒ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
കാഞ്ഞങ്ങാട്
മൂന്നാംഘട്ടത്തിൽ ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ വി രാംദാസ് അറിയിച്ചു. വിദേശത്തുനിന്നും ഇതര  സംസ്ഥാനങ്ങളിൽനിന്നുമുള്ളവരുടെ വരവോടുകൂടിയാണ് മൂന്നാംഘട്ട കോവിഡ് രോഗബാധ   കൂടുതലായി റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. വിദേശരാജ്യങ്ങളിൽനിന്ന് 646 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 4976  പേരുമാണ് എത്തിയത്. 
ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന രോഗനിരക്കുള്ള മഹാരാഷ്ട്രയിൽനിന്ന് കൂടുതൽ പേർ വരാൻ ഒരുങ്ങുകയാണ്‌.  മൂന്നാംഘട്ട വ്യാപനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട  81 രോഗികളിൽ  57 പേരും മഹാരാഷ്ട്രയിൽനിന്നുള്ളവരാണ്‌.  കർണാടകയിൽനിന്നും വന്ന ഒരാൾക്കും തമിഴ്നാട്ടിൽനിന്നും വന്ന രണ്ടു പേർക്കും വിദേശരാജ്യങ്ങളിൽനിന്ന് വന്ന 13 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ കാലയളവിൽ എട്ട് പേർക്കാണ്   സമ്പർക്കത്തിലൂടെ രോഗംപകർന്നത്‌. 
 സ്ഥാപനങ്ങളിലും  വീട്ടുമുറികളിലും കാര്യക്ഷമമായ നിരീക്ഷണം നടപ്പാക്കുന്നതുകൊണ്ടാണ് ഇതുവരെ രോഗപ്പകർച്ച തടയാനായത്.   കൂടുതൽ പേർ വരുമ്പോൾ  രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്‌. കർശനമായ ജാഗ്രത ആവശ്യമാണ്. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിഷ്കർഷിക്കുന്ന രീതിയിൽ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ നിരീക്ഷണത്തിൽ കഴിയണം.  കുടുംബാംഗങ്ങളും വാർഡുതല ജാഗ്രതാ സമിതികളും അത്‌  ഉറപ്പുവരുത്തണം. 
 ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും ആൾക്കാർ കൂട്ടം കൂടുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും രോഗവ്യാപന സാധ്യത വർധിപ്പിക്കും.  അനാവശ്യമായ യാത്രകൾ, ആശുപത്രി സന്ദർശനങ്ങൾ എന്നിവ  ഒഴിവാക്കണം   മാസ്ക് ധരിക്കൽ, കൈകഴുകൽ എന്നീ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം.
പ്രധാന വാർത്തകൾ
 Top