17 May Tuesday

കാറഡുക്ക ആനപ്രതിരോധപദ്ധതിക്ക് 66 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
മുള്ളേരിയ
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ  ആനപ്രതിരോധ പദ്ധതിക്ക് സംസ്ഥാന ആസൂത്രണ ബോർഡ് 66 ലക്ഷം രൂപ ധനസഹായം നൽകും. പദ്ധതിയുടെ തുകയുടെ 20 ശതമാനമാണ് പ്രോത്സാഹന ധനസഹായമായി ലഭിക്കുക. വനം മന്ത്രി എ കെ ശശീന്ദ്രൻ പങ്കെടുത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിലാണ്‌ ഇതിന്റെ പ്രഖ്യാപനവുമുണ്ടായത്‌. ഇതോടെ കാട്ടാന ഭീതിയിൽ കഴിയുന്ന പ്രദേശങ്ങൾക്ക് സംരക്ഷണം തീർക്കുന്ന പദ്ധതി ഉടൻ ആരംഭിക്കാനാകും. വന്യമൃഗശല്യം രൂക്ഷമായ അഞ്ച് പഞ്ചായത്തുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ദേലംപാടിയിലെ തലപ്പച്ചേരി മുതൽ പുലിപ്പറമ്പ് വരെയുള്ള 29 കിലോമീറ്ററിൽ തൂക്ക് വേലിയാണ് നിർമിക്കേണ്ടത്. ചാമക്കൊച്ചി മുതൽ വെള്ളക്കാന വരെയുള്ള എട്ട് കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ തൂക്കുവേലി സ്ഥാപിക്കുക. ബാക്കിയുള്ള 24 കി. മീ സൗരോർജ വേലിയുടെ അറ്റകുറ്റപ്പണിയും ചെയ്യും. കാട്ടനയെ കൂടാതെ മറ്റ് വന്യമൃഗങ്ങളുടെ വരവ് തടയുന്നതിനായുള്ള പദ്ധതികളുമുണ്ട്. 
    പ്രതിരോധ മതിലുകൾ നിർമിച്ച്‌ വൈദഗ്ധ്യമുള്ള കേരളാ പൊലീസ് ഹൗസിങ് ആൻഡ്‌ കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണ ചുമതല. ആദ്യഘട്ട നിർമാണത്തിനായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 10 ലക്ഷവും കാറഡുക്ക, ദേലംപാടി, ബേഡഡുക്ക, കുറ്റിക്കോൽ, മുളിയാർ പഞ്ചായത്തുകൾ 5 ലക്ഷം രൂപ വീതവും അനുവദിച്ചു. 3.21 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. സങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗം തൂക്ക് വേലി നിർമാണം ആരംഭിക്കുമെന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top