Deshabhimani

റബർത്തോട്ടങ്ങളിൽ കണ്ണീർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 11:09 PM | 0 min read

രാജപുരം
കർഷകർക്ക് ആശ്വാസമായി പ്രതീക്ഷയോടെ ഉയർന്ന റബർ വില രണ്ടാഴ്ച പിന്നിട്ടതോടെ കുത്തനെ ഇടിഞ്ഞു. വില ഉയർന്നതോടെ  കാട്‌ വെട്ടിത്തെളിച്ച് മഴക്കോട്ട് ഉൾപ്പെടെ ഇട്ടു  ടാപ്പിങ്‌ ആരംഭിച്ച കർഷകർ നിരാശരായി. കിലോയ്ക്ക് 250 രൂപ വരെ എത്തിയെങ്കിലും ഇപ്പോൾ 179 രൂപയിലേക്ക്‌ താണു. ഒരാഴ്ച കൊണ്ടു  വിലയിൽ 75 രൂപയോളം കുറഞ്ഞു. കഴിഞ്ഞ ദിവസം വിപണിയിൽ ആർഎസ്എസ് നാലിന് 179 രൂപയും അഞ്ചിന്‌ 174 രൂപയും ഗുഡ് ലോട്ടിന് 165 രൂപയും ലോട്ടിന് 158 രൂപയുമാണ്. ഒട്ടുപാലിന് 175 രൂപയിൽ നിന്നും 104 രൂപയിലെത്തി. 
മലയോരത്ത്‌ റബർ മരത്തിന്റെ ഇല പൊഴിഞ്ഞതു കാരണം ഉൽപ്പാദനം വളരെ കുറവാണ്‌. ഇതിനു പുറമെ  വിലയിടവ്‌ കൂടി വന്നതോടെ കർഷകർക്ക്‌ കനത്ത ആഘാതമായി.
നേരത്തെ വില കുത്തനെ ഇടിഞ്ഞ സമയത്ത്‌  കൃഷി തന്നെ ഉപേക്ഷിച്ചുപോകാൻ ഒരുങ്ങിയ കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു പിന്നീടുണ്ടായ വില വർധന. സംസ്ഥാന സർക്കാർ റബറിന് 150 രൂപ തറവില നിശ്ചയിച്ച് സബ്‌സിഡി നൽകി വരുന്നതിനിടയിൽ 150 ന് മുകളിൽ  ഉയർന്നതോടെ ഇത്തവണ ബജറ്റിൽ കിലോക്ക് 170 രൂപ തറവില നിശ്ചയിച്ചു. സബ്‌സിഡി നൽകാൻ തീരുമാനിച്ചതോടെയാണ്  വില 250ൽ എത്തിയിരുന്നത്. എന്നാൽ പെട്ടെന്നാണ്‌ വില കുത്തനെ കുറഞ്ഞത്‌. ആഗോള വിപണിയിലുള്ള വിലപോലും ഇപ്പോൾ ലഭിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം കാരണം റബറിന്റെ ഇലയും കൊമ്പും ഉണങ്ങി നശിച്ച നിലയിലാണ്‌.  കർഷകരെ സഹായിക്കേണ്ട റബർ ബോർഡിന്റെ ഭാഗത്തുനിന്ന് വില ഉയർത്താൻ ആവശ്യമായ നടപടികളൊന്നും കാണുന്നില്ല. എന്നാൽ റബർ ഇറക്കുമതിക്ക് അനുമതി നൽകുകയും ചെയ്യുന്നു. 
റബർ കയറ്റി അയക്കാൻ ലൈസൻസ്സുള്ള പ്ലാന്റേഷൻ കോർപറേഷനും, റബർ മാർക്കറ്റിങ്‌ ഫെഡറേഷനും അനുകൂലമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home