07 December Tuesday

ഊരുകളിൽ ഗോത്രസാരഥി മുടങ്ങുന്നു

പി കെ രമേശൻUpdated: Thursday Oct 28, 2021

വെള്ളരിക്കുണ്ട്  

യാത്രാ സൗകര്യം കുറവുള്ള ഊരുകളിൽ നിന്ന്  പട്ടികവർഗ വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്ന  ഗോത്രസാരഥി പദ്ധതി ചില പഞ്ചായത്തുകളിൽ മുടങ്ങി. പല പഞ്ചായത്തുകളും  ഈ വർഷം ഇതിനായി പ്രൊജക്ട് പോലും തയ്യാറാക്കിയിട്ടില്ല. അതേസമയം, ഹൈസ്‌കൂൾ വിദ്യാർഥികൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ  ഗോത്രവാഹിനി പദ്ധതി സുഗമമായി നടക്കുന്നുണ്ട്. 
എൽഡിഎഫ്‌ സർക്കാർ തുടങ്ങിയ  ഗോത്രസാരഥി പദ്ധതി കോവിഡിന്‌ മുമ്പുവരെ  പട്ടികവർഗ വികസന വകുപ്പ് നേരിട്ടാണ് നടപ്പാക്കിയത്.  പോയവർഷം പഞ്ചായത്തുകൾക്ക് കൈമാറി.  യുപി സ്കൂളുകൾ വരെ നടത്തിപ്പിന്റെ ചുമതല പഞ്ചായത്തുകൾക്കായതിനാലാണ്‌ ഈ തീരുമാനം. ഇതിനാവശ്യമായ തുക പഞ്ചായത്തുകൾക്ക് ടിഎസ്‌പി ഫണ്ടിൽ നിന്ന് നീക്കിവെക്കാം.
മുമ്പ് പട്ടികവർഗ വകുപ്പ്, സ്കൂളുകളുടെ സഹായത്തോടെ ഉടമകളിൽ നിന്ന് കൊട്ടേഷൻ ക്ഷണിച്ചാണ്‌ വാഹനം ഏർപ്പാടാക്കിയത്‌.  ഇത് കൂടുതൽ സുതാര്യവും സുഗമവും ആക്കാനാണ് പഞ്ചായത്തുകളെ ഏൽപിച്ചത്‌. ഇതാണ് ഇപ്പോൾ പ്രതിസന്ധിയിലായത്.
ജില്ലയിൽ പട്ടികവർഗ വിദ്യാർഥികൾ കൂടുതലുള്ള ബളാൽ പഞ്ചായത്തിൽ ചെമ്പഞ്ചേരി, പുഞ്ച, ചുള്ളി , കൊന്നക്കാട്  സ്കൂളുകളിലാണ് ഗോത്രസാരഥി പദ്ധതി മുമ്പ് ഉണ്ടായിരുന്നത്. വെസ്റ്റ് എളേരിയിൽ നാട്ടക്കൽ,  പറമ്പ സ്‌കൂളുകളിലും ഈസ്റ്റ് എളേരിയിൽ കണ്ണിവയൽ, മുനയംകുന്ന് എൽപി  എന്നിവിടങ്ങളിലും പദ്ധതി ഉണ്ടായിരുന്നു. സ്കൂൾ നവംമ്പർ ഒന്നിന് തുറക്കുന്നതോടെ കുട്ടികളെ എങ്ങിനെ സ്കൂളുകളിലെത്തിക്കും എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. പലർക്കും ആറും ഏഴും കിലോമീറ്റർ അകലെ നിന്നാണ്‌ സ്കൂളിലെത്തേണ്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top