കാസർകോട്
പട്ടിശല്യവും കടിയും സംബന്ധിച്ച വാർത്തകൾ പടരുകയാണ്. മുമ്പെങ്ങുമില്ലാത്ത ജാഗ്രതയാണ് ഇത്തവണ ലോക പേവിഷബാധ ദിനാചരണ സമയത്ത്. ജില്ലയിൽ ചൊവ്വാഴ്‌ച 16 പേർക്ക് പട്ടികടിയേറ്റു. ഈ മാസം മാത്രം 478 പേർക്കാണ് കടിയേറ്റത്. ഇത് മുൻകാല ശരാശരിയിൽ നിന്ന് കൂടുതലല്ലെങ്കിലും പേ വിഷബാധക്കെതിരെ തുടരുന്ന ജാഗ്രതക്കാലത്ത് ഈ എണ്ണം പ്രധാനമാണ്.
ശരാശാരി നാനൂറിലധികം പേർ മാസത്തിൽ നായകടിയേറ്റ് ആശുപത്രിയിൽ വരുന്നുണ്ട്. ജനുവരി 654, ഫെബ്രുവരി 502, എപ്രിൽ 580, മെയ് 499, ജൂൺ 472, ജൂലൈ 425, ആഗസ്‌ത് 443 എന്നിങ്ങനെയാണ് പട്ടികടിയേറ്റവരുടെ കണക്ക്.
ജില്ലയിൽ പേ വിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്‌പ്പ് സജീവമായി മുന്നേറുകയാണ്. തദ്ദേശസ്ഥാപന വാർഡുകൾ കേന്ദ്രീകരിച്ച് രണ്ടാഴ്‌ചയായി വളർത്തുനായ്‌ക്കൾക്ക് കുത്തിവയ്‌പ്പ് ക്യാംപയിൻ നടക്കുകയാണ്. ഡിസംബർ വരെ തുടരും. കടിയേൽക്കുന്ന വാർത്തകൾ ധാരാളമായി വരുന്നതിനാൽ നായകളെ കുത്തിവയ്‌പ്പ് കേന്ദ്രത്തിൽ എത്തിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.
ബേഡകം പഞ്ചായത്തിലാണ് തിങ്കൾ വരെ ഏറ്റവും കൂടുതൽ കുത്തിവയ്‌പ്പെടുത്തത്. 1175 നായകൾക്ക് ഇവിടെ വാക്‌സിനെടുത്തു. ഏറ്റവും കുറവ് ചെങ്കളയിലും (29), കുമ്പള (30)യിലുമാണ്. ഈ പഞ്ചായത്തുകളിൽ വാക്‌സിൻ യജ്ഞം തുടങ്ങാനും വൈകി. റോഡരികിൽ മാലിന്യം ഏറെയുള്ള കുമ്പള, മംഗൽപാടി ഭാഗങ്ങളിൽ കുത്തിവയ്‌പ്പ് വൈകുന്നതിൽ അധികൃതർക്ക് ആശങ്കയുണ്ട്.
നഗരസഭയിൽ കാഞ്ഞങ്ങാടാണ് മുന്നിൽ (489). നീലേശ്വരം 335, കാസർകോട് 358 നായകൾക്കും കുത്തിവയ്‌പ്പെടുത്തു. ആകെ 8302 നായകൾക്കാണ് തിങ്കൾ വരെ ജില്ലയിൽ വാക്‌സിനെടുത്തത്. വാക്‌സിനെടുത്തവക്ക് ലൈസൻസ് നൽകുന്ന പരിപാടിയും ഉടൻ തുടങ്ങും.
നായകളുടെ കടിയേറ്റ 1803 വളർത്തുമൃഗങ്ങൾക്കും കുത്തിവയ്‌പ്പെടുത്തു. വളർത്തുനായകൾക്ക് ശേഷം തെരുവുപട്ടികൾക്ക് കുത്തിവയ്‌പ്പെടുക്കും. ഇവയ്‌ക്ക് ഷെൽട്ടർ കണ്ടെത്താനുള്ള നടപടികളും തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുകയാണ്.
കടിയേറ്റാൽ
• കടിയേറ്റ ഭാഗം സോപ്പുപയോഗിച്ചു ഒഴുകുന്ന ശുദ്ധജലത്തിൽ കാൽമണിക്കൂറോളം സമയം കഴുകുക
• ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക
• പേവിഷബാധ ഉണ്ടായാൽ ഭേദമാക്കുന്ന മരുന്ന് ലഭ്യമല്ല; പ്രതിരോധ മരുന്ന് മാത്രമേയുള്ളൂ. അതിനാൽ വളർത്തു മൃഗങ്ങൾക്ക് യഥാസമയം പേവിഷ ബാധക്കെതിരായ പ്രതിരോധ കുത്തിവയ്‌പ്പെടുക്കണം.
ലൂയി പാസ്‌ചറുടെ
ഓർമയ്‌ക്ക്
നായ കടിയേപ്പറ്റിയുള്ള വാർത്തകൾ സജീവമാകുന്നതിനിടയിലാണ് ഇത്തവണത്തെ ലോക പേവിഷബാധ ദിനാചരണം കടന്നുവരുന്നത്. വാക്‌സിൻ കണ്ടുപിടിച്ച ലൂയി പാസ്ചറുടെ ചരമദിനമായ 28 നാണ് ദിനാചരണം നടത്തുന്നത്. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന പേവിഷബാധ, വാക്‌സിനിലൂടെ പ്രതിരോധിക്കാൻ സാധിക്കും എന്ന് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനത്തിൽ ഉദ്ദേശിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..