22 October Tuesday

ആൾത്തിരക്കേറി; ആശ്രയമായി ജില്ലാ ആശുപത്രി

സ്വന്തം ലേഖകൻUpdated: Wednesday Aug 28, 2019
കാഞ്ഞങ്ങാട‌്
ഒപിയിലും ഐപിയിലും വൻ തിരക്ക‌്. കാഞ്ഞങ്ങാട‌് ജില്ലാ ആശുപത്രിയിലേക്ക‌് ജനപ്രവാഹം. സ്വകാര്യആശുപത്രികളുടെ പരസ്യങ്ങളിൽ ഭ്രമിച്ചവർ സർക്കാർ ആശുപത്രികളുടെ സൗകര്യങ്ങൾ തിരിച്ചറിയുന്നു. അടുത്തിടെ രണ്ട‌് അംഗീകാരങ്ങൾകൂടി ലഭിച്ചതോടെ ആശുപത്രി എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. 
ഫാർമസി, ഓപ്പറേഷൻ തിയേറ്റർ, ലാബ‌്, രക്തബാങ്ക‌് എന്നിവയിലെല്ലാം തിരക്കു വർധിച്ചു. കഴിഞ്ഞ വർഷം ആഗസ‌്തിൽ 1, 99, 000 രോഗികൾ എത്തിയ സ്ഥാനത്ത‌് ഈ വർഷം 2, 62, 600 രോഗികളാണ‌് ആശുപത്രിയിൽ എത്തിയത‌്. 31 ശതമാനത്തിന്റെ വർധന. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ‌് സൗകര്യം. രക്തം വേർതിരിക്കുന്ന സംവിധാനം, എല്ലാ വിഭാഗത്തിലും സ‌്പെഷ്യലിസ്റ്റ‌് ഡോക്ടർമാരുടെ സേവനം, മാനസികാരോഗ്യ കേന്ദ്രം, ഓങ്കോളജി സംവിധാനം, പെയിൻ ആൻഡ‌് പാലിയേറ്റീവ‌് കെയർ സൗകര്യം എന്നിങ്ങനെ ജില്ലാ ആശുപത്രി രോഗികളുടെ ആശ്രയകേന്ദ്രമായി മാറിക്കഴിഞ്ഞു.  പ്രസവ ചികിത്സാ സൗകര്യങ്ങളും ജനങ്ങൾ നന്നായി പ്രയോജനപ്പെടുത്തുന്നു.   ഭാരിച്ച ചെലവുവരുന്നതായി ഇന്ന‌് പ്രസവ ചികിത്സ. പ്രസവത്തെ രോഗമാക്കുകയും  ഗർഭിണിയെ രോഗിയാക്കുകയും ചെയ്യുന്ന പ്രവണത സ്വകാര്യ ആശുപത്രികളെ കൊഴുപ്പിക്കുകയാണ‌്. സർക്കാർ ആശുപത്രികളുടെ സൗകര്യവും സേവനസന്നദ്ധതയും തിരിച്ചറിഞ്ഞതോടെ ആ മേഖലയിൽനിന്ന‌് ധാരാളമാളുകൾ പ്രവഹിക്കുകയാണ‌്. 
രോഗികളുടെ എണ്ണത്തിനനുസരിച്ച‌് ജീവനക്കാരുടെ എണ്ണം വർധിക്കാത്തത‌് വലിയ പ്രശ‌്നമായി നിലനിൽക്കുന്നു. പഴയ സ‌്റ്റാഫ‌് പാറ്റേണാണ‌് ഇപ്പോഴും തുടരുന്നത‌്. രാവും പകലും മാറിമാറി ജോലി ചെയ്യുന്ന ജീവനക്കാർക്ക‌് അവധിയെടുക്കാനോ വിശ്രമിക്കാനോ സൗകര്യം ലഭിക്കുന്നില്ല. ജീവനക്കാരുടെ എണ്ണത്തിൽ  വർധന വരുത്തണമെന്നാണ‌് ആവശ്യം. നിലവിലുള്ള ജീവനക്കാരുടെ കഠിനപ്രയത്‌നംമൂലമാണ‌് വലിയ നിലയിലുള്ള അംഗീകാരങ്ങൾ ലഭിച്ചത‌്. നാട്ടുകാരും അഭ്യുദയകാംക്ഷികളും ജനപ്രതിനിധികളും  സ്വന്തം സ്ഥാപനമെന്ന നിലയിൽ ആശുപത്രിയുടെ വികസനത്തിന‌് അഹോരാത്രം പ്രവർത്തിക്കുന്നു. നാഷണൽ ക്വാളിറ്റി അഷ്വറൻസ‌് സ‌്റ്റാൻഡേഡ‌ിന്റെ നിർവചനത്തിൽ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാൻ 15 ശതമാനം തുക നീക്കിവയ‌്ക്കണമെന്നുണ്ട‌്. ഇതും പ്രവർത്തനങ്ങളിൽ പുരോഗതി സൃഷ്ടിക്കും.
പ്രധാന വാർത്തകൾ
 Top