26 August Monday
മുണ്ടത്തടം ക്വാറി

പാർടി ജനങ്ങൾക്കൊപ്പം: പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019
പരപ്പ
മുണ്ടത്തടം ക്വാറി പ്രശ‌്നത്തിൽ പാർടി പരപ്പയിലെ ജനങ്ങൾക്കൊപ്പമാണെന്ന‌് സിപിഐ എം കേന്ദ്ര കമ്മിറ്റി അംവും മുൻ എംപിയുമായ  പി കരുണാകരൻ പറഞ്ഞു.ഭൂമി നഷ്ടപ്പെടുന്നവരുടെയും ചൂഷണംചെയ്യപ്പെടുന്ന ആദിവാസി സമൂഹത്തിൻെറയും കണ്ണീരൊപ്പാൻ പാർടിയുണ്ടാവും.  നീലേശ്വരം ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ സംഘടിപ്പിച്ച രാഷ‌്ട്രീയവിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ക്വാറി പ്രശ‌്നം ഉയർന്നപ്പോൾ തന്നെ ഖനനം നിർത്തിവയ‌്ക്കാൻ തീരുമാനിച്ചത‌് സിപിഐ എം ജില്ല സെക്രട്ടറിയുടെയും കിനാനൂർ കരിന്തളം പഞ്ചായത്ത‌് പ്രസിഡന്റിന്റെയും ഇടപടലിന്റെ ഫലമായിട്ടാണ‌്. 
ക്വാറി കാരണം ജനങ്ങൾക്ക‌് ബുദ്ധിമുട്ടുണ്ടായപ്പോൾ ആദ്യം സമരരംഗത്ത‌് വന്നത‌് സിപിഐ എമ്മാണ‌്. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ വില്ലേജ‌് ഓഫീസ‌് ഉപരോധിച്ചു കൊണ്ടായിരുന്നു അത‌്. തുടർന്നാണ‌് തഹസിൽദാർ നടപടി സ്വീകരിച്ചത‌്. പാർടി ജില്ല സെക്രട്ടറിയും പഞ്ചായത്ത‌് പ്രസിഡന്റും ആവശ്യപ്പെട്ടതനുസരിച്ചാണ‌് കലക്ടർ സർവകക്ഷിയോഗം വിളിച്ചു ചർച്ച ചെയ‌്തത‌്. യോഗത്തിൽ ക്വാറി നിർത്തിവയ‌്ക്കണമെന്ന‌് ആവശ്യപ്പെട്ടത‌് പഞ്ചായത്ത‌് പ്രസിഡന്റ‌് വിധുബാലയാണ‌്.  പഠിച്ചു റിപ്പോർട്ട‌് സമർപ്പിക്കുന്നതിനായി വിദഗ‌്ധസമിതിയെ നിയോഗിക്കണമെന്ന ആവശ്യമുയർത്തിയതും  ബയോ ഡൈവേഴ‌്സിറ്റി ബോർഡിന്റെ പഠനം ആവശ്യമാണെന്ന നിർദേശം വച്ചതും പാർടിയാണ‌്. 
തുടക്കം മുതൽ പാർടി ജനങ്ങൾക്കൊപ്പമായിരുന്നു. ഇക്കാര്യത്തിൽ സിപിഐ എമ്മിനെ കുറ്റപ്പെടുത്തി മുതലെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസും ബിജെപിയും  എന്തുചെയ‌്തുവെന്ന‌് വ്യക്തമാക്കണം . മുതലെടുപ്പുകാരോടൊപ്പം നിൽക്കുന്ന മാധ്യമങ്ങളും ഇക്കാര്യം മനസിലാക്കാൻ തയ്യാറാവണം.  പാരിസ്ഥിതിക പ്രശ‌്നത്തിൽ വ്യക്തമായ നിലപാടുള്ള പാർടിയാണ‌് സിപിഐ എം. എന്തിനെയും ഏതിനേയും കണ്ണടച്ചു എതിർക്കുന്നത‌ും അനുകൂലിക്കുന്നതും  പാർടി നിലപാടല്ല.  കരിന്തളത്ത‌്  നേരത്തെ പരിസ്ഥിതി പ്രശ‌്നമുണ്ടാക്കിയ    പൊതുമേഖലാ സ്ഥാപനത്തോടും സ്വകാര്യ സ്ഥാപനത്തോടും വിട്ടു വീഴ‌്ചയില്ലാത്ത നിലപാടാണ‌് സ്വീകരിച്ചിരുന്നത‌് എന്ന‌് എല്ലാവരും ഓർക്കണം. ജനങ്ങളുടെ പ്രശ‌്നങ്ങളാണ‌് പാർടിക്ക‌് വലുത‌്. 
സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകളിൽ ഒന്നാണ‌് കിനാനൂർ കരിന്തളം. ദേശിയ ‐ സംസ്ഥാന‐- ജില്ല പുരസ‌്കാരങ്ങൾ  നേടിയെടുക്കാൻ കഴിഞ്ഞത‌് വികസന പ്രവർത്തനങ്ങളുടെ മികവിലൂടെയാണ‌്. പരപ്പ സ‌്കൂളടക്കമുള്ളഎത്രയോ ഉദ‌ാഹരണങ്ങൾ  ഇവിടെയുണ്ട‌്. പരപ്പ ടൗൺ പ്ലാനിങിനായി രണ്ട‌് കോടിയുടെ പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ട‌്. കഴിഞ്ഞ തെരഞ്ഞെടുപ്പ‌് ദിവസമുണ്ടായ കാറ്റിലും മഴയിലും വീടുകൾ  തകർന്ന കുടുംബങ്ങളെ  പുനരധിവസിപ്പിക്കാൻ നടത്തിയ നടപടികൾ പഞ്ചായത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളാണ‌് കാണിക്കുന്നത‌്.  ഇത്തരത്തിൽ നാടിന്റെ സമഗ്രമായ വികസനത്തിനാണ‌് ഇടതുപക്ഷം നേതൃത്വം നൽകുന്നത‌്.  പരപ്പയിലെ വികസനത്തിന‌് എന്തുസംഭാവനയാണ‌്  സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്ന കോൺഗ്രസും ബിജെപിയും നൽകിയത‌്. ഇത‌് ജനങ്ങൾ തിരിച്ചറിയും.  പി കരുണാകരൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top