16 July Thursday

കോവിഡ്‌ പ്രതിരോധം നാടിനെ അപഹസിച്ച്‌ യുഡിഎഫ്

സ്വന്തം ലേഖകൻUpdated: Thursday May 28, 2020
കാസർകോട്‌
കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാപ്പകൽ ഭേദമന്യേ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ തളർത്താനും പ്രവർത്തനങ്ങൾ അട്ടിമറിക്കാനും വീണ്ടും യുഡിഎഫ്‌ നീക്കം. കോവിഡ്‌ പ്രതിരോധത്തിന്‌ കേന്ദ്ര ആരോഗ്യന്ത്രാലയത്തിന്റെ പ്രശംസ നേടിയ കാസർകോടൻ മാതൃകക്ക്‌ നേതൃത്വം നൽകിയ കലക്ടറടക്കമുള്ളവരെ അപഹസിച്ചുകൊണ്ട്‌ ജില്ലയിലെ എംപിയും നേതാക്കളും രംഗത്തുവന്നത്‌ ആസൂത്രിതമെന്ന്‌ വ്യക്തം.  തങ്ങളുദ്ദേശിച്ചതുപോലെ ജില്ല വീണ്ടും കോവിഡ്‌ വ്യാപന പ്രദേശമാകുന്നില്ല എന്നതിലുള്ള ഇഛഭംഗമാണ്‌ അവരുടെ ഒരോ വാക്കിൽ നിന്ന്‌ പുറത്തുവരുന്നത്‌.   കോവിഡ്‌ എന്ന മഹാമാരിയെ പിടിച്ചു കെട്ടുന്നതിനായി   കലക്ടറുടെ നേതൃത്വത്തിൽ വിവിധ വിഭാഗം മേധാവികൾ ഉൾക്കൊള്ളുന്ന കോർ കമ്മിറ്റി  നടത്തിയ പ്രവർത്തനം എല്ലാവരും അംഗീകരിച്ചതാണ്‌. വിദേശത്ത്‌ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ വരുമ്പോൾ അവരെ സ്വീകരിച്ചു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും ജില്ല മുന്നിലാണ്‌. എല്ലാം അവതാളത്തിലാവണമെന്ന്‌ ചിന്തിക്കുന്ന ചില യുഡിഎഫ്‌ നേതാക്കളെ ഇത്‌ വിറളിപിടിപ്പിക്കുന്നത്‌ സ്വാഭാവികം. ഏത്‌ കലക്കുവെള്ളത്തിലും മീൻപിടിക്കണമെന്ന്‌ ചിന്തിക്കുന്നവർക്ക്‌  നാടിന്റെ നന്മയെകുറിച്ച്‌ ചിന്തിക്കാനാവില്ല.  സമ്പർക്കം കാരണം രോഗം പടരാതിരിക്കാൻ  സാമൂഹ്യ അകലം പാലിച്ച്‌  പഴുതടച്ച പ്രവർത്തനത്തിൽ അധികൃതർ മുഴുകിയപ്പോൾ ജനപ്രതിനിധി മാനദണ്ഡങ്ങൾ ലംഘിച്ചു സാമൂഹ്യ അടുക്കളകളിലും സമൂഹ നോമ്പ്‌തുറയിലും പരിവാരസമേതം കയറിയിറങ്ങിയത്‌ ജനങ്ങൾ കണ്ടതാണ്‌.  
നിരവധി പേർ ജില്ലയിലേക്ക്‌ മടങ്ങുന്ന ഈ ഘട്ടത്തിൽ  ജനങ്ങളുടെ കരുതലിൽ ജില്ലാ ഭരണ സംവിധാനവും ആരോഗ്യവിഭാഗവും പൊലീസും മറ്റ്‌ വിഭാഗങ്ങളും ചേർന്ന്‌ നടത്തുന്ന ചിട്ടയായ പ്രവർത്തനത്തിലൂടെ മികച്ച രീതിയിലാണ്‌ ജില്ല മുന്നോട്ടുപോകുന്നത്‌. അത്‌ തകർക്കാനുള്ള ശ്രമമാണോ ഇപ്പോഴുള്ള നാടകത്തിന്‌ പിന്നിലെന്ന സംശയമാണുയരുന്നത്‌. 
കൃത്യമായ മാനദണ്ഡം അനുസരിച്ചാണ്‌  പുറത്തുനിന്ന്‌ വരുന്നവർക്ക്‌  പാസ്‌ അനുവദിക്കുന്നത്‌. ജാഗ്രത പോർട്ടലിൽ ലഭിക്കുന്ന അപേക്ഷയിൽ  എഡിഎം, ആർഡിഒ എന്നിവർ പരിശോധിച്ചു തദ്ദേശഭരണ സ്ഥാപനങ്ങളിൽ ക്വാറന്റൈൻ സൗകര്യം ഉറപ്പാക്കിയാണ്‌   പാസ്‌ അനുവദിക്കുന്നത്‌.സംസ്ഥാനത്ത്‌ ഏറ്റവും കൂടുതലാളുകൾക്ക്‌ പാസ്‌ അനുവദിച്ചതിൽ മുൻനിരയിലാണ്‌ ജില്ല. അതേസമയം  സംസ്ഥാന അതിർത്തിയിലെ  യുഡിഎഫ്‌ ഭരിക്കുന്ന ചില തദ്ദേശഭരണ സ്ഥാപനങ്ങളിൽ ക്വാറന്റൈൻ സൗകര്യം കുറവാണ്‌. അവിടേക്കാണ്‌ ഇപ്പോൾ കൂടുതലാളുകൾ വരുന്നത്‌.  ഇതൊന്നും അറിയാത്തവരെപോലെയാണ്‌ യുഡിഎഫ്‌ നേതാക്കൾ ജനങ്ങളുടെ മുന്നിൽ ഭാവിക്കുന്നത്‌.  അതോടൊപ്പം ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ തങ്ങൾക്ക്‌ ബാധകമല്ല എന്ന  നിലപാട്‌സ്വീകരിക്കുകയും നന്നായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ  അധിക്ഷേപിക്കുകയും ചെയ്യുന്നു.  അത്തരക്കാരുടെ മനസിലിരിപ്പ്‌ തിരിച്ചറിയാനുള്ള ആർജവം ജനങ്ങൾക്കുണ്ട്‌ എന്ന്‌  മനസിലാക്കിയാൽ നല്ലത്‌.  പ്രതിഷേധം ഉയരുമ്പോൾ എൽഡിഎഫിനെയും സിപിഐ എമ്മിനെയും അധിക്ഷേപിച്ചതുകൊണ്ട്‌ കാര്യമില്ല.  സിപിഐ എം മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗം അബ്ദു റസാഖ്‌ ചിപ്പാറിന്റെ രോഗബാധയെകുറിച്ചുള്ള നുണക്കഥകൊണ്ട്‌ ജനങ്ങളുടെ കണ്ണ്‌ കെട്ടാനുള്ള ശ്രമവും വിലപോവില്ല.  ജാഗ്രത പോർട്ടലിൽ അപേക്ഷ നൽകി അനുവദിച്ച പാസ്‌ ഉപയോഗിച്ച്‌ നാട്ടിലേക്ക്‌ വന്ന അദ്ദേഹത്തിന്റെ ബന്ധുവിനെ ആശുപത്രിയിൽ കൊണ്ടുപോയി  എന്നത്‌ മാത്രമാണ്‌ അദ്ദേഹം ചെയ്‌തത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top