08 July Wednesday

എംഎൽഎ ഇടപെട്ടു; പ്രണവ് നാട്ടിൽ പരീക്ഷയെഴുതി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
വെള്ളരിക്കുണ്ട്      
പ്ലസ്ടു പരീക്ഷ നിർത്തിവച്ചതിനെ തുടർന്ന് നാട്ടിലെത്തി ലോക്ക് ഡൗണിൽ കുടുങ്ങിയ വിദ്യാർഥിക്ക് പരീക്ഷയെഴുതാൻ എം രാജഗോപാലൻ എംഎൽഎയുടെ കരുതൽ തുണയായി. വെസ്റ്റ് എളേരി പഞ്ചായത്തിലെ താലോലപ്പൊയിൽ കോളനിയിലെ കുറുവാട്ട് വീട്ടിൽ പ്രമോദിന്റെയും ലതയുടെയും മകൻ പി കെ പ്രണവാണ് ബുദ്ധിമുട്ടിയത്‌. 
ആലുവയിലെ കീഴ്‌മാട് എംആർഎസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് പ്രണവ്. നാല് പരീക്ഷകൾ കഴിഞ്ഞപ്പോൾ കോവിഡ് പശ്‌ചാത്തലത്തിൽ  സ്കൂൾ പൂട്ടിയതോടെ നാട്ടിലേക്ക് മടങ്ങി. ശേഷിക്കുന്ന  പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചപ്പോൾ പ്രണവിന് തിരിച്ചുപോകാനായില്ല.  
നാട്ടിലുള്ള വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതാൻ പരീക്ഷ സെന്ററിനായി ഓൺലൈനിൽ അപേക്ഷിച്ചെങ്കിലും സാങ്കേതിക പിഴവുമൂലം ലഭിച്ചില്ല. ആ പ്രയാസത്തിലാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുകുമാരൻ മുഖേന എം രാജഗോപാലൻ എംഎൽഎയുമായി ബന്ധപ്പെട്ടത്. എംഎൽഎ മന്ത്രിയുമായും ഹയർസെക്കൻഡറി ഡയറക്ടറുമായും ബന്ധപ്പെട്ട് പ്രണവിന് നാട്ടിൽ  പരീക്ഷയെഴുതാൻ അവസരമൊരുക്കി.  കഴിഞ്ഞ ദിവസം വൈകിട്ട്‌  ഉത്തരവ് വരക്കാട് സൂളിൽ എത്തി.
പ്രധാന വാർത്തകൾ
 Top