16 October Saturday
ഇന്ന് ലോക വിനോദ സഞ്ചാര ദിനം

റോപ്പിൽ തൂങ്ങും ബേക്കൽ, സൂപ്പറാകില്ലേ?

രാജേഷ്‌ മാങ്ങാട്‌Updated: Monday Sep 27, 2021

ചന്ദ്രഗിരി കോട്ടയിൽ നിന്നുള്ള ബേക്കലിലെ വിദൂര കാഴ്‌ച

ബേക്കൽ
ചന്ദ്രഗിരി പുഴയോരത്തുള്ള ചന്ദ്രഗിരി കോട്ടയുടെ മുകളിൽ നിന്ന് തളങ്കരയിലേക്കും ബേക്കൽ കോട്ട വരെയും റോപ്‌വേ വന്നാൽ വിനോദ സഞ്ചാരമേഖലയിൽ കുതിപ്പാകും. 
 കടലിന്റെയും പുഴകളുടെയും ഹരിത തീര ഭംഗി ആസ്വദിച്ചുള്ള 18 കിലോമീറ്റർ  ആകാശയാത്ര ബേക്കലിന്‌പുതിയ മുഖം നൽകുമെന്ന്‌ ഈ രംഗത്തെ വിദഗ്ധർ സാക്ഷ്യപ്പടുത്തുന്നു. 
ചന്ദ്രഗിരി കോട്ട, ചെമ്പരിക്ക കുന്ന്‌, തൃക്കണ്ണാട്‌  കോടിക്കുന്ന്‌, ബേക്കൽ കോട്ട എന്നീ നാല്‌ ഉയർന്ന പ്രദേശങ്ങളിൽ ടവറുകൾ സ്ഥാപിച്ചാൽ പദ്ധതി യാഥാർഥ്യമാക്കാം.  തൃക്കണ്ണാട്‌ കോടികുന്നിൽ നിന്ന്‌  ബേക്കൽ കോട്ടയിലേക്കും; ചന്ദ്രഗിരി കോട്ടയിൽ നിന്ന്‌  നാല്‌ കിലോമീറ്റർ അകലെയുള്ള ചെമ്പരിക്ക കുന്നിലേക്കും തളങ്കരയിലേക്കും  സഞ്ചരിക്കാനാകും.  രണ്ടോ മൂന്നോ പേർക്കിരിക്കാവുന്ന എട്ടോ പത്തോ ചെയർകാറുകൾക്ക്‌ ‌ ഇന്ധന ചെലവില്ലാതെ തന്നെ സുഖമായി സഞ്ചരിക്കാം.   ടവറിലേക്ക്‌ കയറാനുള്ള ലിഫ്‌റ്റ്‌,യന്ത്രപ്പടി എന്നിവക്കുള്ള  വൈദ്യുതി മാത്രമേ വേണ്ടിവരൂ.  
 ബേക്കൽ കോട്ടയിൽ നിന്ന്‌ തൃക്കണ്ണാട് ശിവക്ഷേത്രം, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം, കാപ്പിൽ ബീച്ച്‌,  ബേവൂരി  ലളിത്‌ റിസോർട്ട്‌, ചെമ്പിരിക്ക ബീച്ച് എന്നിവിടങ്ങളും നൂമ്പിൽ അഴിമുഖവും ആസ്വദിച്ച് ചന്ദ്രഗിരി പുഴയും കടന്ന് തളങ്കരയിൽ എത്താം. തളങ്കരയിലെത്തിയാൽ പുരാതനമായ പാലക്കുന്ന് ഭഗവതി ക്ഷേത്രവും ചരിത്ര പ്രസിദ്ധമായ മാലിക് ദിനാർ ജുമാ മസ്ജിദും കാണാം. 
ചെമ്പരിക്ക കുന്നിൽ കോടിക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ നിർമിച്ച റിസോർട്ട്‌ റോഡ്‌ സൗകര്യമില്ലാത്തതിനാൽ പാതിവഴിയിലാണ്‌.  റോപ്‌വേ വരുന്നതോടെ  റിസോർട്ടിന്‌ പുനർജീവനേകാം.  ലളിത്‌, താജ്‌ ഹോട്ടലുകളിൽ എത്തുന്ന വിദേശികളെ ആകർഷിക്കാനും റോപ്‌ വേക്കാകും.
റോപ്‌വേയിലുടെയുള്ള  ആകാശയാത്ര പദ്ധതി യാഥാർഥ്യമായാൽ ബേക്കൽ വിനോദ സഞ്ചാരത്തിന് വലിയ കുതിപ്പാകും. പുഴയും  പാലവും ഹെയർപിൻ വളവുള്ള റോഡും വിവിധ ഇനത്തിലുള്ള മരങ്ങളും നിറഞ്ഞ കരിച്ചേരിയിലും ഇത്തരം റോപ്‌ വേക്ക്‌ സാധ്യതയുണ്ട്‌. പ്രകൃതി സൗന്ദര്യo നിലനിർത്തി കരിച്ചേരിയിൽ  ഇക്കോ ടൂറിസം പദ്ധതി പഞ്ചായത്ത്‌ നടപ്പിലാക്കുന്നുണ്ട്‌.  
എം കുമാരൻ പനയാൽ
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ്
 
റോപ്‌വേയിലുടെയുള്ള  ആകാശയാത്ര സാധാരണക്കാരടക്കമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കും. പദ്ധതി  സാമ്പത്തികമായും വൻ വിജയമാകും. 
എച്ച് കറുവൻ, ഹൈദർവളപ്പ്, ഉദുമ
 
ആകാശയാത്ര ജില്ലയിലേക്ക്‌ കൂടുതൽ  വിനോദ സഞ്ചാരികളെ എത്തിക്കും.   തീരദേശത്തിന്റെ ഭംഗി ആസ്വദിച്ചുള്ളയാത്രയ്‌ക്ക്‌   ഇന്ധനമോ കായികാധ്വാനമോ വേണ്ട. 
മൂസ പാലക്കുന്ന്
സൈക്കിളിങ്‌ അസോസിയേഷൻ 
ജില്ലാ വൈസ് പ്രസിഡന്റ്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top