14 August Friday

മാഷ് വരുന്നു, ‘എസ്‌എംഎസ്‌’ കർശനമാക്കാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
കാസർകോട്‌
ഉപദേശിച്ചും സ്‌നേഹിച്ചും ശാസിച്ചും കുട്ടികളെ നേർവഴിക്ക് നടത്തുന്ന അധ്യാപകർ കോവിഡ് രോഗപ്രതിരോധത്തിന്‌. കോവിഡ് 19 സമ്പർക്കത്തിലൂടെ വ്യാപിക്കാതിരിക്കാൻ ജില്ലാ അധികൃതരുടെ കർശനമായ നിയന്ത്രണങ്ങൾക്ക്‌ മാഷ്  പരിപാടിയിലുടെ ജില്ലയിലെ  അധ്യാപകർ ഇറങ്ങും. കൈകൾ ശുചിയാക്കുക, മാസ്‌ക് ധരിക്കുക , ശാരീരിക അകലം പാലിക്കുക എന്നീ മൂന്ന് കാര്യങ്ങൾ  ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ വാർഡുകളിൽ നിയോഗിക്കും. 
നിയമം ലംഘിക്കുന്നവരെ ആദ്യം ഉപദേശിച്ചും അനുസരിക്കാത്തവരെ ശാസിച്ചും നടപടിയെടുത്തുമാണ്‌ അധ്യാപകർ പ്രവർത്തിക്കുക. 1973 ക്രിമിനൽ നടപടി ചട്ടം (സിആർപിസി) പ്രകാരം നിയമം ലംഘിക്കുന്നവരെ അറസ്‌റ്റ്‌ ചെയ്യുന്നതടക്കമുള്ള അധികാരം ഈ അധ്യാപകർക്ക് നൽകാനായി  ആലോചിക്കുന്നതായി കലക്ടർ ഡോ. ഡി  സജിത്ത് ബാബു പറഞ്ഞു. 
സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് നിർവ്യാപന ബോധവൽക്കരണത്തിന്‌ അധ്യാപകരുടെ സേവനം. വിദ്യാഭ്യാസ ഉപഡയറക്ടർ കെ വി പുഷ്പയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഫോട്ടോയും വിവരവും  ശേഖരിച്ച്‌ ജില്ലാ അധികൃതർക്ക്‌  8590684023 വാട്സ്ആപ്പ് നമ്പറിൽ അയക്കും. 
ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നുണ്ട്‌. കടകളിലും പൊതു ഇടങ്ങളിലും മാസ്‌ക്ക് ധരിക്കാതെയും ശാരീരിക അകലം  പാലിക്കാതെയും ആളുകൾ കൂട്ടം കൂടുന്നുണ്ട്‌. ഇത്തരം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ നടപടിയെടുക്കുമെന്ന്‌ കലക്ടർ പറഞ്ഞു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിൽ അധ്യാപകരുടെ സാന്നിധ്യം ഉറപ്പുവരുത്തും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top