24 August Saturday

പശുക്കടത്ത് ആരോപിച്ച് അക്രമം: പ്രതികളെ ഉടൻ പിടികൂടണം –-ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019
കാസർകോട‌്
എൻമകജെ പഞ്ചായത്തിലെ  മഞ്ചനടുക്കയിൽ  പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻഡ്രൈവറെയും സഹായിയെയും ആക്രമിച്ച    സംഘപരിവാർ പ്രവർത്തകരായ പ്രതികളെ ഉടനെ പിടികൂടണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കേസിൽ  പ്രതിചേർക്കപ്പെട്ടവർ നേരത്തെ വർഗീയ സംഘർഷം അടക്കമുള്ള കേസിൽ പെട്ടവരാണ്.  കർണാടക അതിർത്തിയിൽ നടന്ന സംഭവത്തിൽ കേരള പൊലീസ് കേസെടുത്തു എന്ന് ആരോപിച്ച് ബജ്റംഗ്‌ദൾ വിട്ടലയിൽ ഹർത്താലും ഇതിന്റെ മറവിൽ വ്യാപക അക്രമങ്ങളും നടത്തി വരികയാണ്. കേരള കെഎസ്ആർടി സി ബസുകൾക്ക് നേരെ നടത്തിയ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേല്ക്കുകയുണ്ടായി. 
അതിർത്തി ഗ്രാമത്തിൽ തുടങ്ങി ജില്ലയിലും സംസ്ഥാനത്തും ഭീതി പരത്തി ആക്രമ പരമ്പരകൾ അഴിച്ചുവിടാനുള്ള  സംഘപരിവാറിന്റെ  ഗൂഢ  പദ്ധതികളാണ് ഇതിന് പിന്നിലുള്ളത്. സംസ്ഥാനഅതിർത്തിൽ നടന്ന സംഭവത്തെ ജാഗ്രതയോടെ കൈകാര്യം ചെയ്ത് പ്രതികൾക്കെതിരെ കേസടുത്ത കേരള പോലീസിന്റെ  ഇടപെടൽ സ്വാഗതാർഹമാണ്. പ്രതികളെ ഉടൻ  അറസ്റ്റ് ചെയ്യാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്ന് ഉറപ്പ് വരുത്താനും അധികൃതർ തയ്യാറാവണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് സമാനമായി വർഗ്ഗീയത പടർത്താനുള്ള  ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ജനങ്ങൾ  ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി  അഭ്യർത്ഥിച്ചു.
പ്രധാന വാർത്തകൾ
 Top