തൃക്കരിപ്പൂർ
പടന്നയിൽ പത്രിക പിൻവലിച്ച കോൺഗ്രസ് സ്ഥാനാർഥികൾക്ക് കൈ നിറയെ സമ്മാനങ്ങൾ.തർക്കം നിലനിന്നിരുന്ന വാർഡുകളിലെ യുഡിഎഫ് റിബൽ സ്ഥാനാർഥികളുടെ പത്രിക പിൻവലിക്കുന്നതിനാണ് പണവും ജോലിയും വാഗ്ദാനം ചെയ്തത്. രണ്ട് യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ ഒരാൾക്ക് സഹകരണ ബാങ്കിൽ ജോലിയും മറ്റൊരാൾക്ക് 50,000 രൂപയും നൽകി. മുബൈയിൽ ഹോട്ടൽ വ്യവസായം നടത്തുന്നയാളുടെ വീട്ടിൽ വിളിച്ചു വരുത്തിയാണ് കരാർ ഉറപ്പിച്ചത്. പണത്തിനും ജോലിക്കും മുമ്പിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ മുട്ടുമടക്കി.
വാർഡ് 12 ൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ കോൺഗ്രസ് റിബലായി പത്രിക നൽകിയ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ ടി കെ സുബൈദ, ആശ തെക്കൻ എന്നിവർ മത്സര രംഗത്ത് തുടരുന്നുണ്ട്. കഴിഞ്ഞ തവണപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുബൈദയെ പുറത്താക്കാൻ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കോൺഗ്രസുമായി ഇടഞ്ഞത്. പി സി സുബൈദയാണ് എൽഡിഎഫ് സ്ഥാനാർഥി.
പടന്നയിൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ചത് മുതൽ കോൺഗ്രസും ലീഗും രണ്ട് ചേരിയിലായിരുന്നു . കഴിഞ്ഞ തവണ വിജയ സാധ്യതയുള്ള മൂന്ന് സീറ്റ് കോൺഗ്രസിന് ലീഗ് നൽകിയിരുന്നു. ഇത്തവണ രണ്ട് സീറ്റ് മാത്രമെ നൽകേണ്ടതുള്ളൂ എന്ന തീരുമാനമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. മുഴുവൻ വാർഡിലും ഇരു പാർടികളും പത്രിക നൽകി. നിരവധി ചർച്ചകൾക്ക് ശേഷം നാല് പേർ ഒഴികെ ബാക്കിയുള്ളവർ പത്രിക പിൻവലിച്ചു. നാലുപേരെ ഒതുക്കാൻ രാജ്മോഹൻ ഉണ്ണിത്താനും പഠിച്ചപണി മുഴുവൻ നോക്കിയിരുന്നു. അതൊന്നും നടക്കാതെ വന്നപ്പോഴാണ് യൂത്ത് നേതാക്കളെ വീഴ്ത്താൻ പണവും ജോലിയും നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..