06 December Monday
ക്യാമ്പസ്‌ ഉണർന്നു

വീണ്ടും സൗഹൃദത്തിന്റെ പൂക്കാലം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

പന്നക്കാട്‌ നെഹ്‌റുവിലെ ചങ്ങാതിക്കൂട്ടം

കാഞ്ഞങ്ങാട്‌ 
കോവിഡിന്റെ  ദുരിതകാലത്തെ അതിജീവിച്ച് കലാലയങ്ങൾ വീണ്ടും ഉണർന്നു. ഇടനാഴികളിലും  മരച്ചുവടുകളിലും ഒഴിഞ്ഞ ക്ലാസ് മുറികളിലും വിദ്യാർഥിക്കൂട്ടങ്ങൾ കളിയും ചിരിയുമായി നിറഞ്ഞു. നീണ്ട അവധിദിനങ്ങൾക്ക്‌ ശേഷം  ചിത്രശലഭങ്ങളെ പോലെ അവർ കാമ്പസിൽ പാറി പറന്നു. ഏറെ നാളായി കണ്ണിമുറിഞ്ഞ സൗഹൃദ സമാഗമങ്ങളുടെ  സന്തോഷം അലയടിച്ചു. പുതുതായി കാമ്പസിൽ വരുന്നവരെ സൗഹൃദത്തിന്റെയും സഹായത്തിന്റെയും കരങ്ങളുമായാണ്‌ വിദ്യാർഥിപ്രസ്ഥാനങ്ങൾ വരവേറ്റത്‌.  
കോവിഡ്‌ മാനദണ്ഡം ഓർമിപ്പിച്ചും അതുപാലിക്കണമെന്ന്‌ നിഷ്‌കർഷിച്ചുമായിരുന്നു മുതിർന്ന വിദ്യാർഥികൾ, പ്രത്യേകിച്ചു എസ്‌എഫ്‌ഐ പ്രവർത്തകർ കൂടെ കൂട്ടിയതും ക്ലാസ്‌ മുറികളിൽ എത്തിച്ചതും.  കാഞ്ഞങ്ങാട് നെഹ്രു കോളേജിൽ രാവിലെ മുതൽ എസ്എഫ്ഐ പ്രവർത്തകർ വരവേറ്റു.   കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ചുള്ള അവബോധം നൽകിയാണ്‌ സ്വീകരിച്ചതെന്ന്‌  എസ് എഫ് ഐ യൂനിറ്റ് പ്രസിഡണ്ട് ആദിത്യ പറഞ്ഞു.
ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ വീതമാണ് ഇരിക്കുന്നത്. ഒന്നാം വർഷ ബിരുദ വിദ്യാർഥികളുടെയും  അവസാനവർഷ വിദ്യാർഥികളുടെയും  ക്ലാസാണ്‌ തുടങ്ങിയത്‌. രാവിലെ 9 മുതൽ 3.30 വരെയായിരുന്നു ആദ്യ ക്ലാസ്.
വീട്ടിൽ നിന്ന് പുറത്തിറങ്ങാനായതിന്റെ ആഹ്ലാദമായിരുന്നു  എല്ലാവരുടെയും മുഖത്ത്. നേരിട്ടു കണ്ടപ്പോൾ പറഞ്ഞാ തീരാത്ത വിശേഷം.  കോളേജ്‌ കവാടങ്ങളിൽ സാനിറ്റൈസറും താപനില പരിശോധിക്കുന്ന തെർമൽ സ്‌കാനറും വച്ചിരുന്നു.  മാസ്‌ക് ധരിച്ചാണ് എല്ലാവരും എത്തിയത്.  
 തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ക്ലാസ് മുറികളും ലൈബ്രറിയും ലബോറട്ടറിയും  അണുവിമുക്തമാക്കിയിരുന്നു. 
 ഓഫ്‌ലൈൻ, ഓൺലൈൻ സമ്മിശ്ര ക്ലാസുകൾക്കുള്ള ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്‌. മറ്റു സെമസ്റ്റർ ക്ലാസുകൾ തൽകാലം ഓൺലൈനിൽ തുടരാനാണ്‌ ചില കോളേജുകൾ തീരുമാനിച്ചിട്ടുള്ളത്‌. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുന്നതോടെ ക്യാമ്പുസകളൂടെ ഉത്സവങ്ങളായ കായിക മേളകളും  കലോത്സവങ്ങളും തിരിച്ചുവരുമെന്ന   പ്രതീക്ഷയിലാണ്  വി ദ്യാർഥികൾ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top