11 August Tuesday
എണ്ണവില വർധന

നാടെങ്ങും പ്രതിഷേധം ജ്വലിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ നടന്ന പ്രതിഷേധം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം

ദിവസവും പെട്രോൾ, ഡീസൽ വിലവർധിപ്പിച്ച്‌ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ നാടെങ്ങും പ്രതിഷേധം ജ്വലിച്ചു.  രാജ്യത്തെ ജനങ്ങളെ ജീവിത ദുരിതത്തിന്റെ നിലയില്ലാക്കയത്തിലേക്ക്‌ തള്ളിവിടുന്ന നയത്തിനെതിരെ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുമ്പിൽ സിപിഐ എം നേതൃത്വത്തിൽ ധർണ നടത്തി.
ധർണയിൽ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ പങ്കാളികളായി. കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ ഒറ്റമനസ്സായി നടത്തിയ പരിപാടി ഏരിയ, ലോക്കൽ കേന്ദ്രങ്ങളിലാണ്‌ നടന്നത്‌.
കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ കാഞ്ഞങ്ങാടും ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ കാസർകോട്‌ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുന്നിലും സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ ചെറുവത്തൂരിലും ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം രാജഗോപാലൻ ഭീമനടിയിലും ഡോ. വി പി പി മുസ്‌തഫ ഉദുമയിലും വി കെ രാജൻ നീലേശ്വരത്തും കരുവാച്ചേരിയിലും കെ വി കുഞ്ഞിരാമൻ ബന്തിയോടും ഉപ്പളയിലും സാബുഅബ്രഹാം രാജപുരത്തും കെ ആർ ജയാനന്ദൻ ഹൊസങ്കടിയിലും ചിഗുർപദെയിലും ഉദ്‌ഘാടനം ചെയ്‌തു.
കേന്ദ്രം ജനങ്ങളെ ദ്രോഹിക്കുന്നു: പി കരുണാകരൻ
കാഞ്ഞങ്ങാട‌്
രോഗം പടരുന്ന സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ  ദുരിതത്തിലാക്കുകയാണ‌് കേന്ദ്രസർക്കാരെന്ന‌്    സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ പറഞ്ഞു. 
ഇന്ധന വില ദിവസവും വർധിപ്പിക്കുന്ന അനുഭവം പുതിയതാണ‌്.  കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയും പെട്രോൾ, ഡീസൽ വില വർധനക്കെതിരെയും കാഞ്ഞങ്ങാട‌് പെട്രോൾ പമ്പ‌് പരിസരത്ത‌് സംഘടിപ്പിച്ച ധർണ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  
അന്താരാഷ്ട്രവിപണിയിൽ ക്രൂഡ‌് ഓയിൽ വില വർധിക്കുമ്പോഴാണ‌് സാധാരണ നിലയിൽ ഇന്ധന വില വർധിപ്പിക്കുക. ക്രൂഡ‌് ഓയിൽ വില അന്താരാഷ്ട്രമാർക്കറ്റിൽ കുറയുന്ന സമയത്താണ‌് ഈ വർധനയെന്നത‌് ശ്രദ്ധേയമാണ‌്. കോവിഡിന്റെ പശ‌്ചാത്തലത്തിൽ വലിയ തോതിലുള്ള സമരങ്ങൾ ഉണ്ടാകില്ലെന്നു കണ്ടാണ‌് കേന്ദ്രസർക്കാർ ജനദ്രോഹ നടപടി തുടരുന്നത‌്. പാർലമെന്റ‌് സമ്മേളിക്കാത്ത അവസരം മുതലാക്കി നടത്തുന്ന ദ്രോഹ നടപടികൾക്കെതിനെ ബഹുജനരോഷം ഉയർന്നു വരണം. കാഞ്ഞങ്ങാട‌് ഏരിയാസെക്രട്ടറി കെ രാജ‌്മോഹനൻ അധ്യക്ഷനായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top