23 May Thursday

രാജ്യത്ത് ഒന്നാമത്; അഭിമാന നേട്ടവുമായി കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രം

സ്വന്തം ലേഖകൻUpdated: Friday Apr 26, 2019

കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം.

ചെറുവത്തൂർ> കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രം നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് സർടിഫിക്കേഷനിൽ 99 മാർക്ക് നേടി രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായി. സംസ്ഥാന സർക്കാറിന്റെ കായകൽപ്പം അവാർഡിന് പിന്നാലെയാണ് ദേശീയ അംഗീകാരം. ആരോഗ്യ സേവന ഗുണനിലവാരത്തിൽ രാജ്യത്ത‌്  പ്രഥമ സ്ഥാനമാണ‌് ലഭിച്ചത‌്.  ദിവസസേന നൂറിലധികം രോഗികളാണ് ഇവിടേക്ക് എത്തുന്നത്. തൃക്കരിപ്പൂർ മണ്ഡലത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രമാണിത്.
 
നിലവിൽ വയോജന ക്ലിനിക്, ജീവിത ശൈലി രോഗ നിർണയ ക്ലിനിക്, കൗമാര ആരോഗ്യ ക്ലിനിക്, വയോജന ക്ലിനിക്, വിഷാദ രോഗ ക്ലിനിക് , മികച്ച ഫാർമസി, നൂതനമായ ലാബ് സൗകര്യം, മികച്ച പാലിയേറ്റീവ് പരിചരണം, ഫിസിയോ തെറാപ്പി, ശിശു സൗഹൃദ കുത്തിവെപ്പ് മുറി, മെച്ചപ്പെട്ട നിരീക്ഷണ മുറി തുടങ്ങിയവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യകേന്ദ്രം ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികൾ, പഞ്ചായത്ത് ഭരണ സമിതി, ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി, എൻഎസ്എസ് വളണ്ടിയർമാർ, ജനമൈത്രി പൊലീസ്, വിവിധ വകുപ്പുകൾ, ഡോക്ടർമാർ, ഉദ്യോഗസ്ഥർ, നാട്ടുകാർ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
 
നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻന്റേഡ് (എൻക്യുഎഎസ്) സംസ്ഥാനതല അവലോകനം നടത്തിയതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ ആരോഗ്യ കേന്ദ്രത്തിന് സാധിച്ചതിലൂടെയാണ് കയ്യൂരിനെ തെരഞ്ഞെടുത്ത‌ത‌്. മുറ്റത്ത് മനോഹരമായ പൂന്തോട്ടം, വൃത്തിയുള്ള പരിസരം,  ലൈബ്രറി സൗകര്യം.  എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസമാണ് കയ്യൂരിലെ ഈ ഹൈടെക് കുടുംബാരോഗ്യകേന്ദ്രം.  1980ൽ റൂറൽ ഡിസ് പെൻസറിയായി ആരംഭിച്ച ആരോഗ്യകേന്ദ്രം പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയർത്തി. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയിരുന്നു. എൻഡോസർഫാൻ പാക്കേജിൽ  ഒരു കോടി രൂപ ചെലവിട്ട‌്  നിർമിച്ച  ഇരുനില കെട്ടിടത്തിലാണ്   പ്രവർത്തനം. 
പ്രധാന വാർത്തകൾ
 Top