07 April Tuesday
ശുഭദിനം

ബുധനാഴ്‌ച ജില്ലയിൽ ആർക്കും രോഗം സ്ഥിരീകരിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
കാസർകോട്‌
അനുദിനം കോവിഡ്‌ 19 സ്ഥിരീകരിച്ചിരുന്ന കാസർകോട്‌ ജില്ലയ്‌ക്ക്‌ ബുധനാഴ്‌ച സന്തോഷം നിറഞ്ഞ ദിവസം. ജില്ലയിൽ ആർക്കും പുതുതായി രോഗം വന്നിട്ടില്ല.  കഴിഞ്ഞ ദിവസങ്ങളിൽ വലിയ നിലക്കാണ്‌ വർധന കാട്ടിയത്‌. ബുധനാഴ്‌ച ജില്ലയ്‌ക്ക്‌ നിർണായകമായിരിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്‌. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പരിശോധന ഫലമാണ്‌  പ്രതീക്ഷിച്ചിരുന്നത്‌. അതിനാൽ വലിയആശങ്കയിലായിരുന്നു ജനങ്ങളും ആരോഗ്യപ്രവർത്തകരും. എന്നാൽ വൈകിട്ടുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പുതിയ രോഗബാധിതരില്ലെന്ന്‌ അറിഞ്ഞതോടെ എല്ലാവർക്കും ആഹ്ലാദമായി. രോഗം സ്ഥിരീകരിക്കുന്നവരെ വീടുകളിൽനിന്ന്‌ ആശുപത്രികളിലെ ഐസൊലോഷൻ വാർഡുകളിലേക്ക്‌ മാറ്റാൻ പാതിരാത്രി കഴിഞ്ഞാലും പരിശ്രമം നടത്തേണ്ട  അധികാരികൾക്കും ആരോഗ്യപ്രവർത്തകർക്കും  ബുധനാഴ്‌ച വിശ്രമം.   
ഇതുവരെ ജില്ലയിൽ 44 പേരാണ്‌ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്‌. ഇവർക്ക് പുറമേ മൂന്ന്‌ കാസർകോട്‌ സ്വദേശികൾ മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്‌. ഇതും കൂടിയാകുമ്പോൾ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 47 ആണ്‌. ജില്ലയിൽ നിന്ന്‌ പരിശോധനക്ക്‌ അയച്ച 251 സാമ്പിളുകളുടെ ഫലം അറിയാനുണ്ട്‌.  ദിവസവും 70 ഓളം സാമ്പിളുകൾ ജില്ലയിൽ നിന്ന്‌ പരിശോധനക്ക്‌ പോകുന്നുണ്ട്‌. നേരത്തെ ആലപ്പുഴ വൈറോളജി ഇൻസിറ്റിറ്റ്യൂട്ടിലായിരുന്നു പരിശോധന. നിലവിൽ കോഴിക്കോട്‌  മെഡിക്കൽ കോളേജിലെ ലാബിലാണ്‌ പരിശോധന. തലശേരിയിലെ മലബാർ ക്യാൻസർ സെന്ററിൽ വൈറോളജി ലാബ്‌ തുറന്നിട്ടുണ്ട്‌. വരുംദിവസങ്ങളിൽ ഇവിടെ ആയിരിക്കും പരിശോധന. കാസർകോട്‌, കണ്ണൂർ ജില്ലകളിൽ രോഗികളൂടെ എണ്ണം വർധിക്കുന്നതിനെ തുടർന്നാണ്‌ പുതിയ ലാബ്‌.
നിരീക്ഷണത്തിലുള്ളവർ 3794
കാസർകോട്‌
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ 3794. ആശുപത്രികളിൽ 94 പേരും വീടുകളിൽ 3700 പേരും നിരീക്ഷണത്തിലാണ്. 
ബുധനാഴ്‌ച രോഗികളെന്ന്‌ സംശയിക്കുന്ന  49 പേരുടെയും സമ്പർക്ക പട്ടികയിലുള്ള 145 പേരുടെയും സാമ്പിൾ ശേഖരിച്ചു. 251 സാമ്പിളുകളൂടെ ഫലം അറിയാനുണ്ട്‌.

 

പ്രധാന വാർത്തകൾ
 Top