04 June Thursday
യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌

മനാഫിന്റെ പത്രിക സ്വീകരിച്ചു; തെരഞ്ഞെടുപ്പ്‌ 27ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020
കാസർകോട്‌
യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായുള്ള മനാഫ്‌ നുള്ളിപ്പാടിയുടെ പത്രിക തള്ളിയത്‌ പിൻവലിച്ചു. പത്രിക സ്വീകരിച്ചതായി ചൊവ്വാഴ്‌ച ഉച്ചയോടെയാണ്‌  പ്രദേശ്‌ റിട്ടേണിങ് ഓഫീസർ പി ആർ മുരുകൻ അറിയിച്ചത്‌. തെരഞ്ഞെടുപ്പ്‌ 27ന്‌ നടക്കും. കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ്‌കുമാറാണ്‌ എതിർസ്ഥാനാർഥി. വ്യാജ ജനന സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയാണ്‌  മനാഫിന്റെ പത്രിക തള്ളിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം ആരോപിച്ചത്‌.  ഐ വിഭാഗത്തിന്‌ അവകാശപ്പെട്ടതാണ്‌ ജില്ലാ പ്രസിഡന്റ്‌ സ്ഥാനം. സി കെ ശ്രീധരൻ പിന്തുണക്കുന്ന പ്രദീപ്‌കുമാറും കെ നീലകണ്‌ഠൻ പിന്തുണക്കുന്ന മനാഫ്‌ നുള്ളിപ്പാടിയും ഒരേ ഗ്രൂപ്പുകാരാണ്‌. ഐ വിഭാഗത്തിൽ യഥാക്രമം രമേശ്‌ ചെന്നിത്തല, കെ സി വേണുഗോപാൽ വിഭാഗക്കാരാണ്‌ ഇവർ. ഐ ഗ്രൂപ്പിന്‌ അവകാശപ്പെട്ട കാസർകോട്‌, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്‌ മത്സരം. ആലപ്പുഴയിലും രമേശ്‌, വേണുഗോപാൽ വിഭാഗങ്ങളാണ്‌ മത്സരം.  
         പത്ത്‌ വർഷത്തിന്‌ ശേഷമാണ്‌ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ . തോൽക്കുന്നയാൾ ജില്ലാ വൈസ്‌ പ്രസിഡന്റാകും. 1983 വരെ ജനിച്ചവർക്കാണ്‌ മത്സരിക്കാനാകുക. മനാഫിന്‌ വയസ്‌ 43 ആയെന്നും മത്സക്കാൻ യോഗ്യതയില്ലെന്നും കാണിച്ച്‌ എതിർപക്ഷം മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ പഠിച്ച കാലത്തേതും കാസർകോട്‌ നഗരസഭയിൽ നിന്ന്‌ ലഭിച്ചതുമായ രേഖകൾ ഹാജരാക്കിയിരുന്നു. രക്ഷിതാക്കളുടെ വിവരങ്ങളും വിലാസവും ശരിയാണെന്നും വ്യാജമല്ലെന്നുമാണ്‌ ഇവർ പറയുന്നത്‌.  ഐ വിഭാഗത്തിന്റെ ഔദ്യോഗിക സ്ഥാനാർഥിയാണ്‌ പ്രദീപ്‌കുമാറെന്ന്‌ ഇവർ വ്യക്തമാക്കുന്നു. കെഎസ്‌യു നേതാവായി തിളങ്ങിയ ഇദ്ദേഹത്തെ ജില്ലയിലെ 11,000 വരുന്ന വോട്ടർമാർ സ്വീകരിക്കും. മനാഫ്‌ സ്വന്തമായി സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. യൂത്ത്‌ കോൺഗ്രസിന്റെ നാല്‌ സംസ്ഥാനങ്ങളുടെ ചുമതലയുള്ള  ദേശീയ കോർഡിനേറ്ററാണ്‌ മനാഫ്‌. രാജ്‌മോഹൻ  ഉണ്ണിത്താൻ എംപിയുടെ പിന്തുണയുമുണ്ട്‌.
പ്രധാന വാർത്തകൾ
 Top