09 December Friday

ചന്ദ്രഗിരിയുടെ വാതിൽ 3 മാസത്തിനകം തുറക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

പൊലിയംതുരുത്ത്‌ ചന്ദ്രഗിരി ഇക്കോ ടൂറിസം ഗ്രാമത്തിലേക്കുള്ള തൂക്കുപാലം

എരിഞ്ഞിപ്പുഴ
ജില്ലയിലെ ആദ്യ ഇക്കോ ടൂറിസം ഗ്രാമം ചന്ദ്രഗിരി വില്ലേജ്‌ ഫെബ്രുവരിയിൽ പ്രവർത്തന സജ്ജമാകും. എരിഞ്ഞിപ്പുഴ ഒളിയത്തടുക്കം ചന്ദ്രഗിരിപ്പുഴയിലെ പൊലിയം തുരുത്തിലാണ്‌ ത്രീസ്‌റ്റാർ സൗകര്യങ്ങളോടെ താമസ സൗകര്യവും ഹോട്ടലും അതിഥി മന്ദിരവും സമ്മേളന ഹാളും ഒരുങ്ങുന്നത്‌. 
അഭ്യന്തര, വിദേശ സഞ്ചാരികൾക്കും നാട്ടുകാർക്കും ഉപയോഗിക്കാവുന്ന മൾട്ടി പർപ്പസ്‌ വില്ല, എ സി സമ്മേളനഹാൾ, ആയിരം പേർക്കിരിക്കാവുന്ന ആംഫി തീയറ്റർ, കുട്ടികളുടെ പാർക്ക്‌, വ്യായാമത്തിനും സൈക്കിൾ സവാരിക്കുമുള്ള പാത, ബോട്ടിങ്‌ സൗകര്യം, റസ്‌റ്റോറന്റ്‌, മിനി മാർക്കറ്റ്‌ തുടങ്ങിയവ ഇവിടെയുണ്ട്‌. നിർമാണത്തിന്റെ 80 ശതമാനവും പൂർത്തിയായി. 
പൂർണമായും പ്രകൃതി സൗഹൃദമാണ്‌ നിർമാണം. കോൺക്രീറ്റ്‌ ഉപയോഗിക്കുന്നില്ല. 
 മറുകരയിൽ ഒളിയത്തടുക്കയിലാണ്‌ പാർക്കിങ്‌. അവിടെ നിന്നും തുരുത്തിലേക്കുള്ള തൂക്കുപാലവും പൂർത്തിയായി. കാട്ടിന്‌ നടുവിൽ, ആനയുടെ ഛിന്നംവിളിക്ക്‌ കാതോർത്ത്‌ പുഴയുടെ താരാട്ട്‌ കേട്ട്‌ ഇവിടെ തങ്ങാം. പൂർണമായും പ്ലാസ്‌റ്റിക്‌ നിരോധിത മേഖലയാണ്‌. അരക്കോടി ചിലവിൽ മാലിന്യ നിർമാർജന പ്ലാന്റും തയ്യാറായി. 
കുതിരച്ചാട്ടം വെള്ളച്ചാട്ടവും ഇതിനടുത്താണ്‌. പുഴയിലൂടെ കാസർകോട്‌ തളങ്കര വരെ 1910ൽ മരം ഒഴുക്കി കൊണ്ടുപോകാൻ ഉപയോഗിച്ച കൽപാത്തിയും പുഴയിൽ കാണാം. കാഴ്‌ചകൾക്കൊപ്പം ചരിത്രവും സഞ്ചാരികൾക്ക്‌ തൊട്ടറിയാം.
കാസർകോട്‌ എരിഞ്ഞിപ്പുഴ കുറ്റിക്കോൽ റൂട്ടിൽ ആനക്കുഴിയിൽ നിന്നാണ്‌ ഒളിയത്തടുക്ക പൊലിയം തുരുത്തിലേക്കുള്ള വഴി. ഈ റോഡും ഉടൻ വികസിപ്പിക്കും. 
ചന്ദ്രഗിരി ഇക്കോ ടൂറിസം വികസന സഹകരണ സൊസൈറ്റിയുടെ സംരംഭമാണിത്‌. നാട്ടുകാരും പ്രവാസികളുമാണ്‌ ഓഹരി ഉടമകൾ. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മാത്യു പ്രസിഡന്റും കെ ദാമോദരൻ വൈസ്‌ പ്രസിഡന്റും ജി കെ ലിഗേഷ്‌ കുമാർ സെക്രട്ടറിയുമായ ഭരണസമിതിയാണ്‌ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്‌. കൊച്ചി ആസ്ഥാനമായ ടൂറിസം കമ്പനിയാണ്‌ കൺസട്ടന്റുമാർ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top