25 October Monday

27ന്റെ ഹർത്താലിൽ 
കർഷകരും അണിചേരും

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

 കാഞ്ഞങ്ങാട്‌

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ 27 ന്‌ നടക്കുന്ന ഹർത്താലിൽ ജില്ലയിലെ കർഷകരും ഒന്നാകെ അണിചേരുമെന്ന്‌  സംയുക്ത കർഷക സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ  പറഞ്ഞു.
കേന്ദ്രസർക്കാർ ചർച്ചകളില്ലാതെ കൊണ്ടുവന്ന കർഷകബിൽ തീർത്തും രാജ്യവിരുദ്ധമാണ്‌.  കാർഷിക മേഖലയേയും പൊതുവിതരണ സംവിധാനത്തെയും അട്ടിമറിക്കുന്ന വിധത്തിൽ  കൊണ്ടുവരുന്ന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌  നടക്കുന്ന കർഷകസമരത്തെ കേന്ദ്രം അടിച്ചമർത്തുകയാണ്‌. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ തുടരുന്ന കർഷകസമരം ഒത്തുതീർക്കണമെന്നും ഹർത്താലിൽ ആവശ്യമായി ഉയർത്തിയിട്ടുണ്ട്‌.  
 സമരത്തിന്‌ മുന്നോടിയായി  നടക്കുന്ന കർഷകപഞ്ചായത്തുകൾ ശനിയാഴ്‌ചയും തുടരും. ഞായറാഴ്‌ച ജില്ലാവ്യാപകമായി പന്തം കൊളുത്തി പ്രകടനങ്ങൾ നടക്കും. തിങ്കളാഴ്‌ച രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖലയും സംഘടിപ്പിക്കും.  വാർത്താസമ്മേളനത്തിൽ സംയുക്ത കർഷക സമരസമതി ജില്ലാ കൺവീനർ പി ജനാർദനൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ,  എം അസിനാർ, ജോർജ്‌കുട്ടി തോമസ്‌, ടി വി നന്ദകുമാർ, സന്തോഷ്‌ മാവുങ്കാൽ, പി പി രാജു എന്നിവർ  പങ്കെടുത്തു. 
 
തൊഴിലുറപ്പ് തൊഴിലാളികളും അണിചേരും 
കാസർകോട്‌
കർഷക സംഘടനകൾ 27ന്‌ നടത്തുന്ന ഭാരത് ബന്ദിനോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ഹർത്താൽ വിജയിപ്പിക്കാൻ മുഴുവൻ  തൊഴിലുറപ്പ് തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. ഹർത്താൽ ദിനത്തിൽ ജില്ലയിലെ മുഴുവൻ  തൊഴിലാളികളും പണിമുടക്കും. 
വാഹനങ്ങൾ നിരത്തിലിറക്കാതെയും വ്യാപാര–- വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കാൻ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാപ്രസിഡന്റ്‌ ഗൗരി പനയാലും സെക്രട്ടറി ടി എം എ കരീമും അഭ്യർഥിച്ചു.
27 ന്റെ ഹർത്താൽ വിജയിപ്പിക്കാൻ കേരളാ ആർടിസാൻ യൂണിയൻ (സിഐടിയു) ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാസെക്രട്ടറി പി കെ വിജയൻ സംസാരിച്ചു.
 
ഹർത്താൽ വിജയിപ്പിക്കുക: സിപിഐ എം 
കാസർകോട്‌ 
ദേശീയ കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച നടക്കുന്ന ഹർത്താലിന്‌ സിപിഐ എമ്മിന്റെ  പൂർണ പിന്തുണയുണ്ടെന്നും ഹർത്താൽ വിജയിപ്പിക്കാൻ മുഴുവനാളുകളും രംഗത്തിറങ്ങണമെന്നും ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ അഭ്യർഥിച്ചു.  ഹർത്താൽ ദിനത്തിൽ   കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങളോടുള്ള പ്രതിഷേധ സൂചകമായി എല്ലാവരും ജോലിയിൽ നിന്ന്‌ വിട്ടു നിൽക്കണമെന്നും റോഡിൽ വാഹനങ്ങളിറക്കാതെ സഹകരിക്കണമെന്നും സിപിഐ എം അഭ്യർഥിച്ചു.  
കാർഷിക മേഖലയെ തകർക്കുന്ന നിയമ ഭേദഗതികൾക്കെതിരെ  രാജ്യത്തെ 500ലധികംവരുന്ന കർഷക സംഘടനകൾ  ഒരു വർഷത്തോളമായി സമരം ചെയ്യുന്നു.അതിനോട്‌ പുറംതിരിഞ്ഞു നിൽക്കുകയാണ്‌ കേന്ദ്രസർക്കാർ . നിയമ ഭേദഗതിയിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നും  പൊതുമേഖലസ്ഥാപനങ്ങൾ വിറ്റഴിച്ചും തൊഴിലാളികളെ ദ്രോഹിക്കുന്നു.  വിലക്കയറ്റം നിയന്ത്രിക്കാനോ ജനങ്ങൾക്ക്‌ കോവിഡ്‌ കാലത്ത്‌ സഹായം നൽകാനോ തയ്യാറല്ല. വാക്‌സിനേഷന്‌ പോലും ഫലപ്രദമായ നടപടിയില്ല.
 
ഡിവൈഎഫ്‌ഐ 
പന്തംകൊളുത്തി 
പ്രകടനം ഇന്ന്‌
കാസർകോട്‌ 
ഭാരതബന്ദ് വിജയിപ്പിക്കാൻ മുഴുവൻ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. യുവജനങ്ങൾക്കെതിരെയും വഞ്ചനാപരമായ നിലപാടുകളാണ് കേന്ദ്രസർക്കാർ നിരന്തരമായി സ്വീകരിക്കുന്നത്. ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശനിയാഴ്‌ച  വൈകിട്ട്‌ ആറിന്‌ മേഖലാ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
 
കർഷക ഐക്യദാർഢ്യ 
സദസുകൾ ഇന്ന്
കാസർകോട്‌
രാജ്യതലസ്ഥാനത്ത്‌ തുടരുന്ന കർഷക സമരം ഒത്തുതീർപ്പാക്കണമെന്നും ജനദ്രോഹ നയങ്ങളിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നും ആവശ്യപ്പെട്ട്‌  അധ്യാപകരും ജീവനക്കാരും ശനിയാഴ്‌ച മേഖലാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിക്കും. ഉപ്പള, കാസർകോട്‌, ബോവിക്കാനം, കാഞ്ഞങ്ങാട്, ചെറുവത്തൂർ എന്നിവിടങ്ങളിലാണ് പരിപാടി.  ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ്, അധ്യാപക സർവീസ് സംഘടനാ സമരസമിതി എന്നിവയുടെ നേതൃത്വത്തിലാണ് ഐക്യദാർഢ്യ സദസ്‌ സംഘടിപ്പിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top