24 September Friday

കെപിസിസി അന്വേഷണ സമിതി; ഡിസിസി ഓഫീസിൽ 
വരാതെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
കാസർകോട്‌ > നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ തോൽവി പഠിക്കാനെത്തിയ കെപിസിസി അന്വേഷണ സമിതിക്ക്‌ മുന്നിൽ ഡിസിസി ഓഫീസിൽ ഹാജരാക്കാൻ കൂട്ടാക്കാതെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിലിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ്‌ എംപി വിദ്യാനഗറിലെ ഓഫീസിൽ വരാൻ വിസമ്മതിച്ചത്‌.
 
പാർടിയുടെ  ഓഫീസിൽ വരാൻ പറ്റുന്നില്ലെങ്കിൽ എംപി സ്ഥാനം രാജിവെക്കണമെന്ന്‌ ഡിസിസി ഭാരവാഹികൾ സമിതിയോട്‌ ആവശ്യപ്പെട്ടു. എന്നാൽ ഇവരുടെ മുന്നറിയിപ്പ്‌ വകവെക്കാതെ സമിതി ഗസ്‌റ്റ്‌ ഹൗസിൽ ചെന്ന്‌ എംപിയോട്‌ വിവരങ്ങൾ ആരാഞ്ഞു. ഡിസിസിയുടെ പിടിപ്പുകേടാണ്‌ ഉദുമയിലെ പരാജയത്തിന്‌ കാരണമെന്ന്‌ എംപി പറഞ്ഞു. ഡിസിസി ഭാരവാഹികൾക്കെതിരെ ശക്തമായ വിമർശനമാണ്‌ എംപി ഉന്നയിച്ചത്‌.
 
സംഘടനാ സംവിധാനം ദുർബലമാക്കിയതിന്‌ പ്രധാന ഉത്തരവാദി ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിലാണെന്ന്‌ വ്യക്തമാക്കി. ലോകസഭാ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയായി വന്നത്‌ മുതൽ ഇന്നോളമുള്ള ഡിസിസി പ്രസിഡന്റിന്റെ ചെയ്‌തികൾ പാർടിയെ നശിപ്പിക്കുന്ന നിലയിലാണെന്ന്‌ അദ്ദേഹം പറഞ്ഞതായി അറിയുന്നു.
 
ഐഐസിസി നിയോഗിച്ച ജില്ലയിലെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാനായിട്ടും എംപി കാസർകോട്‌, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സജീവമായില്ലെന്ന്‌ എതിർപക്ഷം പരാതി ഉന്നയിച്ചു. എംപി എന്ന നിലക്കുള്ള പ്രവർത്തനം മോശമാണ്‌. എംപി ഫണ്ട്‌ ഫലപ്രദമായി വിനിയോഗിക്കുന്നില്ല. ഹക്കീം കുന്നിൽ എംപിക്കെതിരെ വലിയ വിമർശനമാണ്‌ ഉന്നയിച്ചത്‌. ഡിസിസിയെ വകവെക്കാതെയാണ്‌ എംപിയുടെ പ്രവർത്തനം. കാസർകോട്‌ ഒരു നേതാവ്‌ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ശ്രമിച്ചുവെന്ന്‌ പരാതിയുണ്ടായി.
 
മറ്റൊരു നേതാവ്‌ ബിജെപി സ്ഥാനാർഥിയെ വീട്ടിൽ വിളിച്ചുവരുത്തി അനുഗ്രഹിക്കുകയും സംഭാവന നൽകുകയും ചെയ്‌തു. കാസർകോട്‌, മഞ്ചേശ്വരം, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിൽ അറുപതോളം പേർ പങ്കെടുത്തു. അജയ്‌ തറയിൽ, കുര്യൻ ജോയി, എം സി ദിലീപ്‌ കുമാർ എന്നിവർ അംഗങ്ങളായുള്ള സമിതി കെപിസിസി പ്രസിഡന്റിന്‌ റിപ്പോർട്ട്‌ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top