12 August Friday
ക്ഷീരവികസന പദ്ധതി ക്രമക്കേട്

ഡയറി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022
മുള്ളേരിയ 
കാറഡുക്ക, മുളിയാർ പഞ്ചായത്തും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും ചേർന്ന് വനിതാ കർഷകർക്ക് പശു വിതരണം ചെയ്യുന്ന പദ്ധതിയിൽ ക്രമക്കേട് നടത്തിയ ഡയറി ഫാം ഇൻസ്‌ട്രക്ടർ എം ബിനുമോനെ  സസ്‌പെൻഡ് ചെയ്‌തു. 
സംസ്ഥാന ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ .എ കൗശിഗൻ വെള്ളിയാഴ്ച ഉത്തരവ് കാസർകോട് ഡെപ്യൂട്ടി ഡയറക്ടർക്കും കാറഡുക്ക ക്ഷീര വികസന ഓഫീസർക്കും കൈമാറി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം പ്രസിഡന്റ് നൽകിയ കത്തിന്റെയും കാസർകോട് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വകുപ്പ് നടത്തിയ അന്വേഷണത്തിലും ഭരണസമിതി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലും ക്രമക്കേട് ബോധ്യമായതിനെ തുടർന്നാണ് സസ്‌പെൻഷൻ. 
മുളിയാർ പഞ്ചായത്തിൽ  15 വനിതാകർഷകർക്കായി 60000 രൂപയും കാറഡുക്ക പഞ്ചായത്തിലെ 33 വനിതാ കർഷകർക്ക് ആറ് ലക്ഷം രൂപയും വകയിരുത്തിയ പദ്ധതിയിൽ 13 ലക്ഷം രൂപ ബ്ലോക്ക് വിഹിതമായി നൽകി. ബ്ലോക്ക് പരിധിക്ക് പുറത്ത് നിന്ന് പശുക്കളെ വാങ്ങി കർഷകർക്ക് പശുവിനെ നൽകുന്നതാണ് പദ്ധതി. ഇ്തിന്റെ നിർവഹണ ഉദ്യോഗസ്ഥനായിരുന്നു എം ബിനുമോൻ. 
എന്നാൽ ഉദ്യോഗസ്ഥൻ സ്വന്തക്കാരുടെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി തുക അതിലേക്ക് മാറ്റി. ഇതിൽ നിന്ന് ചെറിയൊരു വിഹിതം ചില കർഷകർക്ക് നൽകിയെങ്കിലും ഇതിന് രേഖകളില്ല. പണം പൂർണമായി നൽകി എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകണമെന്ന് കർഷകരെ നേരിട്ട് കണ്ടും ഫോണിലൂടെയും സമ്മർദം ചെലുത്തുന്നതിനിടെയിലാണ് സസ്‌പെൻഷൻ. 
 
എവിടെ ചെന്നാലും തട്ടിപ്പ്  
കാറഡുക്കയിൽ ക്ഷീരവികസന ഓഫീസിൽ കർഷകർക്ക് ലഭിക്കേണ്ട പദ്ധതി ആനുകൂല്യങ്ങൾ സ്വന്തം പോക്കറ്റിലാക്കിയ ഉദ്യോഗസ്ഥർ ജോലി ചെയ്‌ത സ്ഥലത്തെല്ലാം ക്രമക്കേട്. 
സൻസ്‌പെൻഷൻ ഉത്തരവിലും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. വെട്ടിച്ച തുക സർക്കാരിൽ തിരിച്ചടച്ച ശേഷം നടപടിയിൽ നിന്ന് ഊരിയ സംഭവവുമുണ്ട്. കാറഡുക്കയിൽ നടത്തിയ ക്രമക്കേട് പുറത്തായതോടെ കൂടുതൽ പരാതികൾ  വന്നു. ബന്തടുക്കയിലെ ക്ഷീരകർഷകന്റെ പാൽ സബ്‌സിഡി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും അന്യസംസ്ഥാനങ്ങളിൽ നിന്നും പശുവിതരണം ചെയ്യുന്നവരിൽ നിന്നും മാസവരി പറ്റുന്നതായും ആരോപണമുണ്ട്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top